ട്രിപ്പിള്‍ ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്ക് കോവിഡ് പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി; ക്വാറന്‍റീനിലുള്ളവര്‍ പുറത്തിറങ്ങിയാൽ കേസ്

ട്രിപ്പിള്‍ ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്ക് കോവിഡ് പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആന്‍റിജന്‍ ടെസ്റ്റാണ് നടത്തുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ക്വാറന്‍റീനിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ കേസെടുക്കും. പിന്നീട് ഇവരെ കരുതല്‍ നിരീക്ഷണ കേന്ദ്രങ്ങളിലാക്കും.
മലപ്പുറത്തും പാലക്കാട്ടും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. മലപ്പുറത്ത് കൂടുതല്‍ പേര്‍ക്കും രോഗം പകരുന്നത് വീടുകളില്‍ നിന്നാണ്. ട്രിപ്പിള്‍ ലോക്ഡൗണ്‍ മലപ്പുറത്ത് ഇതുവരെയായിട്ടും ഫലം കാണുന്നില്ല. ബ്ലാക്ക് ഫംഗസ് രോഗം ചികിത്സിക്കുന്നതിനായി പ്രോട്ടോകോള്‍ കൊണ്ടു വരുമെന്നും അദ്ദേഹം അറിയിച്ചു.
നിര്‍മാണ സാമഗ്രഹികള്‍ വില്‍ക്കുന്ന കടകള്‍ നിശ്ചിത ദിവസം തുറക്കാന്‍ അനുവദിക്കും. മലഞ്ചരക്ക് കടകള്‍ ഇടുക്കിയിലും വയനാട്ടിലും രണ്ട് ദിവസം തുറക്കാം. മറ്റ് ജില്ലകളില്‍ ഒരു ദിവസവും തുറക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, കേരളത്തില്‍ ഇന്ന് 17,821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2570, മലപ്പുറം 2533, പാലക്കാട് 1898, എറണാകുളം 1885, കൊല്ലം 1494, തൃശൂര്‍ 1430, ആലപ്പുഴ 1272, കോഴിക്കോട് 1256, കോട്ടയം 1090, കണ്ണൂര്‍ 947, ഇടുക്കി 511, കാസര്‍ഗോഡ് 444, പത്തനംതിട്ട 333, വയനാട് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 87,331 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.41 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എംപി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,88,81,587 സാമ്ബിളുകളാണ് പരിശോധിച്ചത്.
യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 126 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 196 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7554 ആയി.
https://www.facebook.com/Malayalivartha























