2026 ല്‍ വി.ഡി. സതീശന്‍ പിണറായിക്ക് പിന്നിലോ? ഉറ്റുനോക്കി കോണ്‍ഗ്രസ്

ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവേ, അങ്ങ് പ്രവര്‍ത്തിക്കുന്നത് കോണ്‍ഗ്രസിലാണ്. സി പി എമ്മില്‍ അല്ല അങ്ങയുടെ പേര് വി ഡി സതീശന്‍ എന്നാണ് പിണറായി വിജയന്‍ എന്നല്ല. ഇത് പറയാന്‍ ഒരു കാരണമുണ്ട്. ദൃശ്യമാധ്യമങ്ങള്‍ക്ക് പ്രതിപക്ഷ നേതാവ് നല്‍കിയ അഭിമുഖം കണ്ടാല്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ അദ്ദേഹം കടന്നു പൊയ്‌കൊണ്ടിരിക്കുന്ന വഴി വിനാശത്തിന്റെതാണെന്ന് വ്യക്തമാണ്. അദ്ദേഹം അനുകരിക്കാന്‍ ശ്രമിക്കുന്നത് വി.എം. സുധീരന്‍ എന്ന പരാജിതനായ കോണ്‍ഗ്രസ് നേതാവിനെയാണ്.
കോണ്‍ഗ്രസ് സകലവിധ അലമ്പുകളുടെയും ഒരു സെഗ്മെന്റാണെന്ന് എല്ലാവര്‍ക്കും അറിയാം. ഒരിക്കലും അതിന് സി പി എമ്മിനെ പോലെ ആര്‍ജവം കൈവരിക്കാന്‍ കഴിയില്ല. കാരണം കോണ്‍ഗ്രസിന് കേരളത്തില്‍ അടിത്തറയില്ല. സി പി എം വയലില്‍ വിത്തിറക്കുകയും വിളവെടുക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ്. കോണ്‍ഗ്രസിനാകട്ടെ വയലുമില്ല വിത്തുമില്ല എന്നതാണ് ശരി.
ജാതി, മത സമുദായ സംഘടനകളാണ് കോണ്‍ഗ്രസിന്റെ എക്കാലത്തെയും അടിസ്ഥാനം. പെരുന്നയും കണിച്ചുകുളങ്ങരയും ക്രൈസ്തവ മേലധ്യക്ഷന്‍മാരും ഇസ്ലാം പണ്ഡിതരും വിചാരിച്ചതു കൊണ്ടുമാത്രമാണ് യു ഡി എഫ് ഇക്കാലമത്രയും ജയിച്ചു പോന്നിരുന്നത്. മലപ്പുറവും കോട്ടയവും ഉദാഹരണങ്ങള്‍. മലപ്പുറത്ത് ലീഗ് ജയിക്കുന്നത് മുസ്ലിങ്ങളുടെ വോട്ടു കൊണ്ടാണ്.പള്ളിമണികള്‍ അടിക്കുന്നതു കൊണ്ടാണ് കോട്ടയത്ത് യു ഡി എഫ് ജയിക്കുന്നത്.
എന്നാല്‍ 2016 - 2021 ലെ ഒന്നാം പിണറായി മന്ത്രിസഭ ഇതില്‍ ഒരു മാറ്റം വരുത്തി.കോണ്‍ഗ്രസുകാര്‍ പുറത്താക്കിയ ജോസ് കെ മാണിയെ കൈയും കാലും പിടിച്ച് മുന്നണിയിലെത്തിച്ചു.കോട്ടയം മാത്രമല്ല ഇടുക്കിയും പത്തനംതിട്ടയുമൊക്കെ സ്വന്തം പോക്കറ്റിലാക്കി. പള്ളിമണി അടിച്ചപ്പോള്‍ ചിരിച്ചത് ജോസ് കെ മാണിയാണ്.
മലപ്പുറത്തും ഇതേ മട്ടില്‍ കളി തുടര്‍ന്നു. കെ.റ്റി.ജലീലിനെ കെട്ടഴിച്ചു വിട്ടു.അവിടെ ലീഗിന്റെയും കോണ്‍ഗ്രസിന്റെയും സീറ്റുകള്‍ വെട്ടി പിടിച്ചു. അഹമ്മദ് ദേവര്‍ കോവിലിനെ മന്ത്രിയാക്കിയത് വഴി ലീഗിന്റെ അവശേഷിച്ച ജീവനും പിണറായി ഇല്ലാതാക്കും. വെള്ളാപ്പള്ളി നേരത്തെ തന്നെ പോക്കറ്റിലാണ്. ആകെ എതിര്‍ക്കുന്നത് പെരുന്ന വിലാസം എന്‍ എസ് എസ് മാത്രമാണ്.അതും അധികം വൈകാതെ പോക്കറ്റിലാവും. 10 ലക്ഷം നല്‍കി സുകുമാരന്‍ നായര്‍ വഴിക്ക് വന്നിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥ എന്താണ്? നായന്‍മാരും ഈഴവരും മുസ്ലീങ്ങളും ക്രൈസ്തവരും കൂടെയില്ല. അവരെ കൂടെ കൂട്ടേണ്ടതിന് പകരം ദൃശ്യമാധ്യമങ്ങളെ സന്തോഷിപ്പിക്കാന്‍ മാത്രം സംസാരിച്ചാല്‍ കോണ്‍ഗ്രസിന്റെ അവസാന പ്രതിപക്ഷ നേതാവായി വി.ഡി. സതീശന്‍ മാറുമെന്ന് സംശയം വേണ്ട. ഇതെല്ലാം കണ്ട് രമേശ് ചെന്നിത്തല ഊറി ചിരിക്കുന്നുണ്ടെന്ന് മറക്കരുത്.
ആചാരസംരക്ഷണ ബില്ല് യുഡിഎഫ് എടുത്ത തീരുമാനമല്ലെന്നാണ് സതീശന്‍ പറഞ്ഞത്. വ്യക്തികള്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശമാണ്. വ്യക്തിപരമായി പുരോഗമന നിലപാടാണ് തനിക്കുള്ളത്. അക്കാദമിക്കായ വിഷയം കൂടി അതിലുണ്ട്. മതപരമായ കാര്യങ്ങളില്‍ ഭരണവര്‍ഗത്തിന് ഏതറ്റം വരെ പോകാമെന്ന അക്കാദമിക് ചര്‍ച്ച നടത്താമെന്നല്ലാതെ ഇത്തരം കാര്യങ്ങളില്‍ പുരോഗമന നിലപാട് വേണം.
ശബരിമല വിഷയം എട്ട് മണിക്കൂര്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്തു. സര്‍ക്കാര്‍ വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകളെ പ്രവേശിപ്പിച്ചാല്‍ അത് കേരളത്തിലെ വര്‍ഗീയ രാഷ്ട്രീയത്തിന് വളമിടുന്ന ഇടപാടായി മാറും. കേരളത്തെ കമ്യൂണലൈസ് ചെയ്യാതിരിക്കാന്‍ കോണ്‍ഗ്രസ് എടുത്ത നിലപാടുകള്‍ സഹായിച്ചു. സംഘര്‍ഷാത്മകമായ സ്ഥിതിയിലേക്ക് കേരളം മാറാതിരിക്കാനായിരുന്നു ശ്രമം. വിധി വന്ന ശേഷവും ശബരിമലയില്‍ പ്രശ്‌നം ഉണ്ടായില്ല. അത് വേറെ രീതിയിലേക്ക് കൊണ്ടുപോയപ്പോഴാണ് പ്രശ്‌നമായത്.
ഭൂരിപക്ഷ വര്‍ഗീയത കൂടുമ്പോള്‍ അത് ന്യൂനപക്ഷ വര്‍ഗീയതക്കും വളമാകും. പരസ്പരം പാലൂട്ടി വളര്‍ത്തുന്നവരാണ് ഇവര്‍ രണ്ട് പേരും. അതിനുള്ള അവസരം കേരളത്തില്‍ ഉണ്ടാകരുത്. കേരളത്തില്‍ അവര്‍ക്ക് കളിക്കാന്‍ മൈതാനം ഉണ്ടാക്കിക്കൊടുക്കരുത്. ഏത് സര്‍ക്കാരായാലും പെട്ടുപോകുന്നതാണ് ഇത്തരം സംഭവങ്ങള്‍. ന്യൂനപക്ഷ വര്‍ഗീയതയെ കുറിച്ച് പ്രസംഗിച്ചതിനാണ് 2004ല്‍ എ.കെ. ആന്റണി എന്ന മുഖ്യമന്ത്രിയെ കേരളത്തില്‍ നിന്നും ഓടിച്ചതെന്ന് സതീശന്‍ മറക്കാതിരുന്നാല്‍ അദ്ദേഹത്തിന് കൊള്ളാം.
രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിസഭയില്‍ സോഷ്യല്‍ ബാലന്‍സില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ സ്ഥാനത്ത് യുഡിഎഫ് അത് ചെയ്തിരുന്നെങ്കില്‍ വലിയ വിവാദമായേനെയെന്നും അദ്ദേഹം പറഞ്ഞു. സമുദായ നേതാക്കള്‍ക്ക് എല്‍ഡിഎഫിനെ പേടിയാണെന്നും വിമര്‍ശിച്ചു.
അഞ്ചാം മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള വിവാദം നടുറോഡില്‍ ഇട്ട് വലിച്ചുകേറി വര്‍ഗീയമാക്കുകയായിരുന്നു. മത സാമുദായിക സംഘടനകള്‍ മിണ്ടാതിരിക്കാന്‍ കാരണം അവര്‍ക്ക് എല്‍ഡിഎഫിനെ പേടിയായത് കൊണ്ടാണ്. പിന്നെ പറഞ്ഞിട്ട് കാര്യമില്ലെന്നും തോന്നുന്നുണ്ടാകും.
യുഡിഎഫിന്റെ കാലത്ത് മദ്യനയം വന്നപ്പോള്‍ മത സംഘടനകള്‍ അത് വലിയ പ്രശ്‌നമാക്കി. എന്നാല്‍ പിന്നീടുവന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കൂടുതല്‍ ബാറുകള്‍ അനുവദിച്ചു. അന്ന് മതസംഘടനകള്‍ മിണ്ടിയത് പോലുമില്ല. എല്‍ഡിഎഫിനെ അവര്‍ പേടിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. സമുദായ നേതാക്കന്മാരെ രാഷ്ട്രീയ കാര്യത്തില്‍ ബന്ധപ്പെടുന്നതില്‍ തെറ്റില്ല. അവര്‍ക്കെതിരായ അനീതിയില്‍ ശബ്ദം ഉയര്‍ത്തേണ്ടത് തന്നെയാണ്. എന്നാല്‍ അവര്‍ രാഷ്ട്രീയത്തിലെ കാര്യം തീരുമാനിക്കുന്ന സ്ഥിതി പാടില്ല. മതസാമുദായിക നേതാക്കള്‍ ഇരിക്കാന്‍ പറഞ്ഞാല്‍ നേതാക്കള്‍ ഇരിക്കാനേ പാടുള്ളൂ, കിടക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഏതായാലും സുധീരന്റെ എടുത്തുചാട്ടത്തെക്കാള്‍ നല്ലത് ഉമ്മന്‍ ചാണ്ടിയുടെ സമവായമാണെന്ന് തിരിച്ചറിഞ്ഞ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. വയലും വിത്തുമില്ലാത്ത ഒരു പാര്‍ട്ടി സൂക്ഷിച്ച് മുന്നേറിയില്ലെങ്കില്‍ 2026 ല്‍ അവര്‍ക്ക് പിണറായിക്ക് പിന്നില്‍ നിന്ന് സിന്ദാബാദ് വിളിക്കേണ്ടി വരും. കേന്ദ്രത്തില്‍ നടക്കുന്നത് പോലെ.
https://www.facebook.com/Malayalivartha


























