റോഡ് മുറിച്ചു കടക്കവെ കാര്‍ ഇടിച്ചു തെറിപ്പിച്ചു; മകന് നോക്കി നില്‍ക്കെ അമ്മയ്ക്ക് ദാരുണാന്ത്യം, പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു
റോഡ് മുറിച്ചു കടക്കവെ അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ച് 76 കാരി മരിച്ചു. വര്‍ക്കല അയിരൂര്‍ പാലത്തിനു സമീപം കലാ നിവാസില്‍ പരേതനായ ഗംഗാധരന് പിള്ളയുടെ ഭാര്യ ശാന്തമ്മയാണ് മരിച്ചത്.
അപകടത്തെത്തുടര്‍ന്ന് നിര്‍ത്താതെ പോയ കാര്‍ അയിരൂരില്‍ നിന്ന് പോലീസ് പിടികൂടി. കാറോടിച്ചിരുന്ന അയിരൂര്‍ തേവണം പണയില്‍ വീട്ടില്‍ റെനിമോനെ അറസ്റ്റുചെയ്തു. ചൊവ്വാഴ്ച വൈകീട്ട് 6.30-നായിരുന്നു സംഭവം.
മകനോടൊപ്പം താമസിക്കുന്ന ശാന്തമ്മ, എന്നും രാവിലെ സ്വന്തം വീട്ടിലേക്കു പോവുകയും വൈകീട്ട് മകന് വന്ന് കൂട്ടിക്കൊണ്ടുപോവുകയുമാണ് പതിവ്. ചൊവ്വാഴ്ചയും പതിവുപോലെ വിളിക്കാനെത്തിയ മകന്റെ അടുത്തെത്താന്‍ റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം.
ഊന്നിന്മൂട് ഭാഗത്തു നിന്ന് അയിരൂരിലേക്കു പോയ കാര്‍, ശാന്തമ്മയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അമിതവേഗതയിലായിരുന്നു കാര്‍.
ഇടിച്ചശേഷം 40 മീറ്ററോളം ശാന്തമ്മയെ വലിച്ചുകൊണ്ട് കാര്‍ മുന്നോട്ടുനീങ്ങി. റോഡരികില്‍ വീണ ശാന്തമ്മയെ ഉപേക്ഷിച്ച് കാര്‍ നിര്‍ത്താതെപോയി. പോലീസ് അയിരൂര്‍ ജങ്ഷനില്‍ വച്ച് കാര്‍ തടഞ്ഞ് റെനിമോനെ പിടികൂടുകയായിരുന്നു.
കാറില്‍ റെനിമോനും സുഹൃത്ത് അരുണുമാണ് ഉണ്ടായിരുന്നത്. ഇരുവരും മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. കാര്‍ ഡ്രൈവര്‍ക്കെതിരേ കുറ്റകരമായ നരഹത്യക്ക് കേസെടുത്തതായി പോലീസ് അറിയിച്ചു. മക്കള്‍: ശശികല, സുജാത, പരേതനായ മണികണ്ഠന്, അനില്‍കുമാര്‍.മരുമക്കള്‍: ഗോപാലകൃഷ്ണപിള്ള, പരേതനായ സുഭാഷ്, ബീന.
https://www.facebook.com/Malayalivartha