"കോസ്റ്റൽ ഗാർഡ്" അല്ല സർ, "കോസ്റ്റ് ഗാർഡ്: പ്രസ് മീറ്റ് എഴുതി തയ്യാറാക്കുന്ന ഉപദേശകനെ മാറ്റുന്നതാണ് നല്ലത്: തുടക്കത്തിൽ തന്നെ ഉപദേശകരുടെ പിഴവുകൾ ചൂണ്ടിക്കാണിക്കുന്നുവെന്നു മാത്രം: മുഖ്യമന്ത്രിയെ വിമർശിച്ച് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണൻ
മുഖ്യമന്ത്രിയുടെ പ്രസ് മീറ്റ് എഴുതി തയ്യാറാക്കുന്ന ഉപദേശകനെ മാറ്റുന്നതാണ് നല്ലത് പിണറായി വിജയനെ വിമർശിച്ച് ബിജെപി വക്താവ് ഗോപാലകൃഷ്ണൻ. തുടക്കത്തിൽ തന്നെ താങ്കളുടെ ഉപദേശകന്റെ തെറ്റുകൾ ഞങ്ങൾ ചൂണ്ടിക്കാട്ടുന്നു എന്ന് പറഞ്ഞായിരുന്നു ഫേസ്ബുക്കിലൂടെ തന്റെ വിമർശനം അദ്ദേഹം
പങ്കുവച്ചത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:
ബഹുമാനപ്പെട്ട മുഖ്യമന്ത്രി അറിയുവാൻ,
"കോസ്റ്റൽ ഗാർഡ്" അല്ല സർ, "കോസ്റ്റ് ഗാർഡ്!
ഒരിക്കൽ കൂടി കേരളത്തിൽ അധികാരത്തിൽ വന്നതിനു ആശംസകൾ അറിയിക്കുന്നതിനോടൊപ്പം താങ്കളുടെ പ്രെസ് മീറ്റ് എഴുതി തയ്യാറാക്കുന്ന ഉപദേശകനെ മാറ്റുന്നതാണ് നല്ലതെന്ന ഒരഭിപ്രായവും താങ്കളെ അറിയിക്കാൻ ആഗ്രഹിക്കുന്നു. അങ്ങ് വൈകുന്നേരം നടത്തുന്ന കോവിഡ് പത്രസമ്മേളനത്തിൽ, എഴുതി തയ്യാറാക്കിയ സ്ക്രിപ്റ്റ് ആണ് വായിക്കാറുള്ളത് എന്നറിയാം, നാക്കു പിഴ ഒഴിവാക്കാൻ അത് നല്ലതുമാണ്. പക്ഷെ പലപ്പോഴായി, പലതും അങ്ങ് തെറ്റായിട്ടാണ് ഉച്ചരിക്കുന്നതെന്നു വിഷമത്തോടെ പറയട്ടെ.
എഴുതി തരുന്ന ഉപദേശകരുടെ കുഴപ്പം എന്നെ ഞാൻ പറയൂ. ഇന്ന് തന്നെ അങ്ങ് എതാണ്ട് നാല് പ്രാവശ്യം "കോസ്റ്റൽ ഗാർഡ്" എന്ന് പറയുക ഉണ്ടായി, "കോസ്റ്റൽ ഗാർഡ്" അല്ല ശരി "കോസ്റ്റ് ഗാർഡ്" ആണ്. എഴുതി തന്നപ്പോൾ വന്ന പിശകാകാം. ഇത് മന്ത്രിസഭയുടെ തുടക്കത്തിലെ ശ്രദ്ധിച്ചാൽ നന്നായിരിക്കും. ആദ്യം താങ്കൾ "കോസ്റ്റൽ" എന്ന് പറഞ്ഞപ്പോൾ ഒരു നാക്കുപിഴ എന്നാണ് കരുതിയത്, പക്ഷെ വീണ്ടും വീണ്ടും ആവർത്തിച്ചപ്പോൾ എഴുത്തു പിഴയാണെന്നു മനസ്സിലായി.
സാധാരണയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിൽ ഒരു വരി തെറ്റിയാൽ, ഒരു പദം തെറ്റിയാൽ താങ്കളുടെ പാർട്ടിക്കാരുടെ, പാർട്ടി പത്രത്തിന്റെ, പാർട്ടി ചാനലിന്റെ ഒക്കെ പരിഹാസങ്ങൾ ഞങ്ങൾ തുറന്ന മനസ്സോടെ വായിക്കാറുണ്ട്, കേൾക്കാറുണ്ട്. ചാനൽ ചർച്ചകളിൽ ബി.ജെ.പിക്കാർ ഒരു പദം തെറ്റിച്ചാൽ പിന്നെ അതിന്റെ പേരിൽ ഉള്ള പരിഹാസങ്ങളും ട്രോളുകളും വേറെ. ഇതും അതുപോലെയെന്നു താങ്കൾ തെറ്റിദ്ധരിക്കില്ലെന്നു വിശ്വസിക്കുന്നു, നേരിട്ട് പറയാൻ തൽക്കാലം കഴിയാത്തതു മൂലം ഇവിടെ സൂചിപ്പിക്കുകയാണ്. തുടക്കത്തിൽ തന്നെ ഉപദേശകരുടെ പിഴവുകൾ ചൂണ്ടിക്കാണിക്കുന്നുവെന്നു മാത്രം.
വിപ്ളവ അഭിനന്ദനങ്ങൾ.
സ്നേഹപൂർവ്വം
ബി.ഗോപാലകൃഷ്ണൻ
ബി.ജെ.പി സംസ്ഥാന വക്താവ്.
കുറിപ്പ് പൂർണമാകുന്നു.
https://www.facebook.com/Malayalivartha
























