കോവിഡ് ബാധിച്ച് രക്ഷിതാക്കളെ നഷ്ട്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി; ബിരുദതലം വരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കോവിഡ് ബാധിച്ച് അച്ഛനും അമ്മയും മരിച്ച കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മൂന്ന് ലക്ഷം രൂപ കുട്ടികള്‍ക്ക് ഒറ്റത്തവണയായി നല്‍കും. 18 വയസുവരെ രണ്ടായിരം രൂപ മാസം തോറും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിരുദതലം വരെയുള്ള വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. കോവിഡിനെ തുടര്‍ന്ന് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കോവിഡ് വൈറസ് ബാധയെ തുടര്‍ന്ന് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
അനാഥരാക്കപ്പെട്ടവര്‍ മനുഷ്യക്കടത്തിന് ഇരകളാകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ കോവിഡ് വൈറസ് ബാധ മൂലം മാതാപിതാക്കള്‍ നഷ്ടപ്പെടുന്ന കുട്ടികള്‍ അനാഥരാകാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ഇവരുടെ സംരക്ഷണത്തിനായി ഉചിതമായ സംവിധാനങ്ങള്‍ പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ സ്ഥാപന തലങ്ങളില്‍ സ്വീകരിക്കണമെന്നായിരുന്നു ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























