കണ്ണ് നിറഞ്ഞുപോയി... പൃഥ്വി രാജിനെതിരായ സൈബര്‍ ആക്രമണം തുടരുന്നു; പൃഥ്വിരാജിനെ രക്ഷിക്കാന്‍ ശ്രമിച്ച് സുരേഷ് ഗോപി; അഭിപ്രായത്തില്‍ സത്യമുണ്ടാകാം സത്യമില്ലായിരിക്കാം... വിവരമുണ്ടായിരിക്കാം വിവരമില്ലായിരിക്കാം; പ്ലീസ് പ്ലീസ് പ്ലീസ് എന്നപേക്ഷിച്ചിട്ടും രക്ഷയില്ല

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഭുല്‍ ഖോഡ പട്ടേലിന്റെ നയങ്ങളെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തുവന്ന നടന്‍ പൃഥ്വിരാജിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണം തുടരുകയാണ്. ഇത്രയൊന്നും മുന്നില്‍ കാണാന്‍ പൃഥ്വിരാജിന് കഴിഞ്ഞതേയില്ല. ഇതിനിടെ പലരും പൃഥ്വിരാജിന് സപ്പോര്‍ട്ടുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നിട്ടും സൈബര്‍ ആക്രമണം തുടരുകയാണ്.
ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരിച്ച് നടനും എംപിയുമായ സുരേഷ് ഗോപി രംഗത്തെത്തി. അഭിപ്രായം പറയുക എന്നത് ജീവിതം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണെന്നും അതിനെ പ്രതിരോധിക്കുന്നവര്‍ മാന്യമായ രീതിയില്‍ വേണം അത് ചെയ്യാന്‍ എന്നുമാണ് സുരേഷ് ഗോപി തന്റെ സോഷ്യല്‍ മീഡിയാ പോസ്റ്റിലൂടെ പറയുന്നത്.
അഭിപ്രായ സ്വാതന്ത്ര്യം എന്നത് ഒരാളുടെ അവകാശമാണെങ്കില്‍ ആ ആളുടെ അഭിപ്രായത്തെ വിമര്‍ശിക്കാനുള്ള അവകാശത്തെയും താന്‍ അംഗീകരിക്കുന്നുണ്ടെന്നും സുരേഷ് ഗോപി തന്റെ കുറിപ്പിലൂടെ പറയുന്നുണ്ട്. ഇത് ഒരു വ്യക്തിക്കോ പക്ഷത്തിനോ ഉള്ള ഐക്യദാര്‍ഢ്യമല്ലെന്നും ഇന്ത്യന്‍ ജനതയ്ക്കുള്ള ഐക്യദാര്‍ഢ്യമാണിതെന്നും ബിജെപി നേതാവ് പറയുന്നു.
സുരേഷ് ഗോപിയുടെ കുറിപ്പ് ഇങ്ങനെയാണ്
Please... Please... Please...
ഓരോ മനുഷ്യന്റെയും ജീവിതത്തില്‍ സ്ഥാപനങ്ങളല്ല സ്ഥാനങ്ങളാണ് ഉള്ളത്. മുത്തശ്ശന്‍, മുത്തശ്ശി, അവരുടെ മുന്‍ഗാമികള്‍, അവരുടെ പിന്‍ഗാമികളായി അച്ഛന്‍, അമ്മ, സഹോദരങ്ങള്‍ എന്നിങ്ങനെ സ്ഥാനങ്ങളാണ് ഉള്ളത്. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ജീവിതം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അതില്‍ സത്യമുണ്ടാകാം സത്യമില്ലായിരിക്കാം. വിവരമുണ്ടായിരിക്കാം വിവരമില്ലായിരിക്കാം. പ്രചരണമുണ്ടാവാം കുപ്രചരണമുണ്ടാവാം. പക്ഷെ അതിനെ പ്രതിരോധിക്കുമ്പോള്‍ ആരായാലും ഏത് പക്ഷത്തായാലും പ്രതികരണം മാന്യമായിരിക്കണം.
ഭാഷയില്‍ ഒരു ദൗര്‍ലഭ്യം എന്ന് പറയാന്‍ മാത്രം മലയാളം അത്ര ശോഷിച്ച ഒരു ഭാഷയല്ല. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ഒരാളുടെ അവകാശമാണെങ്കില്‍ ആ അഭിപ്രായത്തെ ഖണ്ണിക്കുവാനുള്ള അവകാശം മറ്റൊരളുടെ അവകാശമാണ്, അംഗീകരിക്കുന്നു. വ്യക്തിപരമായ ബന്ധങ്ങളെ വലിച്ചിഴയ്ക്കരുത്. അച്ഛന്‍, അമ്മ, സഹോദരങ്ങള്‍ എല്ലാവര്‍ക്കുമുണ്ട്. ആ സ്ഥാനങ്ങളെല്ലാം പവിത്രവും ശുദ്ധവുമായി നിലനിര്‍ത്തിക്കൊണ്ട് തന്നെയാകണം വിമര്‍ശനങ്ങള്‍.
വിമര്‍ശനങ്ങളുടെ ആഴം നിങ്ങള്‍ എത്ര വേണമെങ്കിലും വര്‍ധിപ്പിച്ചോളൂ. ഈ വേദന എനിക്ക് മനസ്സിലാകും. ഇത് ഒരു വ്യക്തിക്കും പക്ഷത്തിനുമുള്ള ഐക്യദാര്‍ഢ്യമല്ല. ഇത് തീര്‍ച്ചയായിട്ടും ഇന്ത്യന്‍ ജനതയ്ക്കുള്ള ഐക്യദാര്‍ഢ്യമാണ്. അവര്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനുള്ള ഐക്യദാര്‍ഢ്യമാണ്. ഇങ്ങനെയുള്ള പുലമ്പലുകള്‍ ഏറ്റവുമധികം ഒരു മകന്റെ നേരെ ഉന്നയിച്ചപ്പോള്‍ അതിന്റെ വേദന അനുഭവിച്ച ഒരു അച്ഛനെന്ന നിലയില്‍ ഞാന്‍ അപേക്ഷിക്കുന്നു... എന്നാണ് സുരേഷ് ഗോപിയുടെ കുറിപ്പ്. എന്നാല്‍ സുരേഷ് ഗോപി പറഞ്ഞിട്ടും പൃഥ്വിരാജിനെതിരായ സൈബര്‍ ആക്രമണം തുടരുകയാണ്.
അതേസമയം ലക്ഷദ്വീപില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെതിരെ കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദ് അലി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ദ്വീപ് അഡ്മിനിസ്‌ട്രേറ്ററോടും കേന്ദ്ര സര്‍ക്കാരിനോടും വിശദീകരണംതേടി. രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.
https://www.facebook.com/Malayalivartha

























