യുഎഇയിൽ മൂടൽമഞ്ഞും മഴയും കടൽ പ്രക്ഷുബ്ധമാകും കനത്ത ജാഗ്രതാ നിർദ്ദേശം... തൊഴിലിടങ്ങളിൽ മുൻകരുതലുകൾ

വരും ദിവസങ്ങളിൽ യുഎഇയിൽ കാലാവസ്ഥയിൽ കാര്യമായ മാറ്റമുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. രാത്രികാലങ്ങളിൽ ശക്തമായ മൂടൽമഞ്ഞിനും ചിലയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം.
രാത്രികാലങ്ങളിലും അതിരാവിലെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് തീരദേശ-ഉൾനാടൻ പ്രദേശങ്ങളിൽ ഈർപ്പം വർധിക്കാനും കനത്ത മൂടൽമഞ്ഞ് (Fog/Mist) രൂപപ്പെടാനും സാധ്യതയുണ്ട്. ഇത് കാഴ്ചപരിധി കുറയ്ക്കാൻ ഇടയാക്കും
വടക്കൻ, കിഴക്കൻ മേഖലകളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ചിലയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം സൂചിപ്പിക്കുന്നു
വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് കാറ്റ് വീശാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുന്നത് തുറസ്സായ സ്ഥലങ്ങളിൽ പൊടിപടലങ്ങൾ ഉയരാൻ കാരണമായേക്കാം.
അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും തിരമാലകൾ ഉയരാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണം. തിരമാലകൾ ചില സമയങ്ങളിൽ 6 അടി വരെ ഉയർന്നേക്കാം.
താപനിലയിൽ നേരിയ കുറവുണ്ടാകാൻ സാധ്യതയുണ്ട്. തീരദേശങ്ങളിൽ കൂടിയ താപനില 23°C - 25°C വരെയും ഉൾനാടൻ പ്രദേശങ്ങളിൽ 25°C - 27°C വരെയും ആയിരിക്കും.
മൂടൽമഞ്ഞ് മൂലം കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കാനും ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കാനും അധികൃതർ നിർദ്ദേശിച്ചു.
ശക്തമായ കാറ്റും പൊടിയും തുടരുന്ന സാഹചര്യത്തിൽ തൊഴിലിടങ്ങളിൽ സുരക്ഷാ മുൻകരുതലുകൾ കർശനമാക്കാൻ ഖത്തർ തൊഴിൽ മന്ത്രാലയം തൊഴിലുടമകൾക്ക് നിർദ്ദേശം നൽകി. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് മന്ത്രാലയം ഔദ്യോഗികമായി ആവശ്യപ്പെട്ടു.
പ്രധാനമായും നിർമ്മാണ മേഖലയിലും തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കുമാണ് ഈ നിർദ്ദേശം ബാധകമാകുന്നത്. പൊടിപടലങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിബന്ധനകൾ കൃത്യമായി പാലിക്കണമെന്നും മന്ത്രാലയം പ്രസ്താവനയിലൂടെ തൊഴിലുടമകളോട് ആവശ്യപ്പെട്ടു. കാലാവസ്ഥാ വ്യതിയാനങ്ങൾ നിരന്തരം നിരീക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം ഊന്നിപ്പറഞ്ഞു. കാറ്റും പൊടിയും മൂലമുണ്ടാകുന്ന അപകടസാധ്യതകൾ കുറയ്ക്കുന്നതിനായി, നിലവിലെ സാഹചര്യത്തിനനുസരിച്ച് ജോലിസ്ഥലത്തെ രീതികളിൽ മാറ്റങ്ങൾ വരുത്തുന്നുണ്ടെന്ന് കമ്പനികൾ ഉറപ്പുവരുത്തണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.
ഞായറാഴ്ച ശക്തമായ പൊടിക്കാറ്റ് മൂലം ഖത്തറിൽ പലയിടങ്ങളിലും കാഴ്ചാപരിധി കുറഞ്ഞിരുന്നു. ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം, ശക്തമായ കാറ്റും പൊടിപടലങ്ങളും നിറഞ്ഞ സാഹചര്യം തിങ്കളാഴ്ചയും തുടരും. കാറ്റിന്റെ വേഗത കുറയുമെങ്കിലും, പൊടിപടലങ്ങൾ നിറഞ്ഞ അന്തരീക്ഷം വാരാന്ത്യം വരെ തുടരാൻ സാധ്യതയുണ്ട്. കാറ്റിന്റെ വേഗതയും പൊടിപടലങ്ങളും കുറയുന്നത് വരെ കടൽയാത്രകൾ ഒഴിവാക്കാനും റോഡുകളിൽ ദൃശ്യപരിധി കുറവായതിനാൽ ശ്രദ്ധിക്കാനും നിർദ്ദേശമുണ്ട്. നിലവിൽ ഖത്തറിൽ താപനിലയിൽ കുറവുണ്ടാകുകയും തണുപ്പ് വർധിക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha























