എന്ന് തീരും ഈ ദുരിതം... രണ്ടാഴ്ചയിലേറെയുള്ള ലോക്ഡൗണ്‍ ദുരിതത്തില്‍ നിന്നും എന്ന് മോചനം നേടാമെന്ന് ഇന്നറിയാം; ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15ല്‍ താഴെയായാല്‍ കൂടുതല്‍ ഇളവുകള്‍; ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയേക്കും

കോവിഡ് അതിവ്യാപനം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നടപ്പിലാക്കിയ ലോക്ഡൗണ്‍ തുടരുമോയെന്ന് ഇന്നറിയാം. ടെസ്റ്റ് പോസിറ്റിവിറ്റി 15നും താഴെയായാല്‍ ആശ്വസിക്കാം. 29ല്‍ നിന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞുകുറഞ്ഞ് ഇന്നലെ 16.4 ആയത് ഏറെ ആശ്വാസം നല്‍കുന്നതാണ്. അതേ നിരക്കില്‍ കുറഞ്ഞാല്‍ ഒരാഴ്ച കൊണ്ട് 10ല്‍ താഴെയാകും. അതോടെ ലോക്ഡൗണ്‍ ഇല്ലാതാക്കാനും സാധിക്കും.
കോവിഡ് വ്യാപനത്തില്‍ നല്ല കുറവുണ്ടെങ്കിലും ലോക്ക് ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയേക്കാനാണ് സാധ്യത. ഇതിന്റെ സൂചന നല്‍കി ലോക്ക് ഡൗണിന് കൂടുതല്‍ ഇളവുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു.
മേയ് 24 മുതല്‍ 26 വരെയുള്ള ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.40 ആണ്. മേയ് 21 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ അത് 22.55 ആയിരുന്നു. ആക്ടീവ് കേസുകളുടെ എണ്ണത്തില്‍ 12.61 ശതമാനവും,ഒരു ദിവസത്തെ പുതിയ കേസുകളുടെ എണ്ണത്തില്‍ 9.03 ശതമാനവും കുറവുണ്ടായി.
കോവിഡ് രണ്ടാം തരംഗത്തില്‍ വ്യാപനത്തോത് കുറയാന്‍ തുടങ്ങിയിട്ട് 13 ദിവസമായി. എന്നാല്‍ മരണനിരക്കില്‍ കാര്യമായ കുറവില്ല. കാലവര്‍ഷം കൂടി ആരംഭിക്കാനിരിക്കെ, ലോക്ക് ഡൗണ്‍ ഒരാഴ്ചകൂടി നീട്ടി രോഗവ്യാപനം സംസ്ഥാന തലത്തില്‍ 10 ശതമാനത്തില്‍താഴെ എത്തിക്കാനാണ് അവലോകനയോഗത്തിലെ നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കും.
സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് ഉത്തരവായി. മൊബൈല്‍ കടകള്‍, കണ്ണട വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ചൊവ്വ, ശനി ദിവസങ്ങളില്‍ ഈ കടകള്‍ക്ക് തുറക്കാം. ഇന്നു മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും. എന്നാല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഉള്ള മലപ്പുറത്ത് ഈ ഉത്തരവ് ബാധകമല്ല, മറ്റ് പതിമൂന്ന് ജില്ലകളിലും കട തുറക്കാം.
പൊതു നിയന്ത്രണങ്ങളില്‍ നേരത്തേ പ്രഖ്യാപിച്ച ഇളവുകള്‍ക്കു പുറമേയാണിത്. ചകിരി കയര്‍ നിര്‍മാണ യന്ത്രങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ ആഴ്ചയില്‍ 2 ദിവസം അനുവദിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കുള്ള ആരോഗ്യ, ശുചിത്വ ഉല്‍പന്നങ്ങള്‍ വില്‍പനസ്ഥലങ്ങളില്‍ എത്തിക്കുന്ന വാഹനങ്ങള്‍ക്കും അനുമതിയുണ്ട്. ഇവ ഏതൊക്കെ ദിവസങ്ങളിലാണെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.
അതേസമയം പി.എസ്.സി വഴിയുള്ള നിയമനങ്ങള്‍ വേഗത്തിലാക്കാന്‍ അത് തപാലില്‍ അയക്കാതെ ഓണ്‍ലൈന്‍ വഴി അയക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഇത്തരത്തിലുള്ള അഡൈ്വസിന്റെ വേഗത വര്‍ധിപ്പിക്കണമെന്ന് പി.എസ്.സിയോട് ആവശ്യപ്പെട്ടു.പി.എസ്.സി അഡൈ്വസ് മെമ്മോ കിട്ടിയിട്ടും നിയമനമായില്ലെന്ന പരാതികള്‍ പരിശോധിക്കുന്നതാണ്.
അതേസമയം ജൂണ്‍ 14 വരെ നിശ്ചയിച്ചിരുന്ന നിയമസഭാ സമ്മേളനം കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ 10ന് അവസാനിപ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന കാര്യോപദേശക സമിതി യോഗത്തില്‍ ധാരണ.14ന് പാസാക്കാനിരുന്ന ധനവിനിയോഗ ബില്‍ 10ന് പാസാക്കും. നാല് മാസത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ടും അന്ന് പാസാക്കും. ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് ജൂണ്‍ ഒന്നിന് നടത്താനും ധാരണയായി. ലക്ഷദ്വീപ് വിഷയത്തില്‍ ഈ മാസം 31ന് സഭ പ്രമേയം പാസാക്കും. ചോദ്യോത്തരവേള തുടക്കത്തില്‍ ഒഴിവാക്കാനും ധാരണയായിട്ടുണ്ട്.
തിങ്കളാഴ്ച മുതല്‍ രാവിലെ 9ന് ശൂന്യവേളയോടെ സമ്മേളനം ആരംഭിക്കും. ജൂണ്‍ 7 മുതല്‍ക്കേ ചോദ്യോത്തരവേള ഉണ്ടായിരിക്കൂ. ഉപക്ഷേപങ്ങളും ശ്രദ്ധക്ഷണിക്കലുകളും 31 മുതല്‍ ഉണ്ടാവും. തിങ്കള്‍ മുതല്‍ ബുധന്‍ വരെ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയാണ്. നാലിനാണ് ബഡ്ജറ്റവതരണം.
"
https://www.facebook.com/Malayalivartha

























