തമ്പീ ഇത്രേം പ്രതീക്ഷിച്ചില്ല... മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന തമിഴ് ഗാനരചയിതാവ് വൈരമുത്തുവിന് ജ്യൂറിയുടെ ഇരുട്ടടി; ഒഎന്‍വി സാഹിത്യ പുരസ്‌കാരം വൈരമുത്തുവിനു നല്‍കാനുള്ള തീരുമാനം പുന:പരിശോധിക്കും; പ്രതിഷേധം ശക്തമാകുന്നു

ഒരാള്‍ക്ക് പുരസ്‌കാരം നല്‍കാന്‍ തീരുമാനിക്കുന്നു. പൊടുന്നനെ ആ ജ്യൂറി തന്നെ പുന:പരിശോധിക്കുന്നു എന്നുവച്ചാല്‍... അതാണ് മലയാളികളും ഏറെ ഇഷ്ടപ്പെടുന്ന തമിഴ് ഗാനരചയിതാവ് വൈരമുത്തുവിന്റെ അവസ്ഥ. മലയാളത്തില്‍ ആരെയും കിട്ടാനില്ലാത്തത് കൊണ്ടായിരിക്കാം മലയാളത്തെ ഏറെ സ്‌നേഹിച്ച ഒഎന്‍വി പുരസ്‌കാരം തമിഴ് കവിയ്ക്ക് നല്‍കിയത്.
കാതലിക്കും പെണ്ണിന്‍ കൈകള്‍ തൊട്ടു നീട്ടിനാല്‍, ചിന്ന തകരം കൂട തങ്കം താനേ... എന്ന വൈരമുത്തുവിന്റെ ഗാനം കാലം കഴിഞ്ഞിട്ടും ഇപ്പോഴും കേള്‍ക്കുമ്പോള്‍ ഒരു സുഖം തന്നെയാണ്. എന്നാല്‍ അവാര്‍ഡ് പ്രഖ്യാപിച്ച് കഴിഞ്ഞതോടെ വൈരമുത്തുവിനെതിരെയുള്ള മീ ടു ആരോപണം ശക്തമായി. ഇതോടെ വെട്ടിലായി ജ്യൂറി.
ഒഎന്‍വി കള്‍ചറല്‍ അക്കാദമിയുടെ ഒഎന്‍വി സാഹിത്യ പുരസ്‌കാരം (മൂന്നു ലക്ഷം രൂപ) തമിഴ് കവിയും ഗാന രചയിതാവുമായ വൈരമുത്തുവിനു നല്‍കാനുള്ള തീരുമാനം പുന:പരിശോധിക്കുമെന്നാണ് അറിയുന്നത്. ലൈംഗിക ആരോപണം നേരിടുന്ന വ്യക്തിക്ക് പുരസ്‌കാരം നല്‍കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ അവാര്‍ഡ് നിര്‍ണയ സമിതിയുടെ നിര്‍ദേശ പ്രകാരമാണു പുന:പരിശോധനയെന്ന് അക്കാദമി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു. പ്രഭാവര്‍മ, ആലംകോട് ലീലാകൃഷ്ണന്‍, മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോള്‍ എന്നിവരായിരുന്നു അവാര്‍ഡ് നിര്‍ണയ സമിതി അംഗങ്ങള്‍.
മീ ടൂ ആരോപണങ്ങളുടെ ഭാഗമായി തമിഴ് ഗായിക ചിന്മയി ശ്രീപാദയാണ് വൈരമുത്തുവിനെതിരെ ആദ്യം ലൈംഗിക ആരോപണം ഉന്നയിച്ചത്. പിന്നാലെ ഒരു ഡസനിലേറെ പേരും സമാന ആരോപണങ്ങളുമായി രംഗത്തെത്തി. ഇത്തരം ഒരു വ്യക്തിക്കു പുരസ്‌കാരം നല്‍കുന്നത് ഒഎന്‍വിയെ അപമാനിക്കുന്നതാണെന്ന പരാതി ആദ്യം ഉന്നയിച്ചത് സിനിമാ താരങ്ങളായ റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, പാര്‍വതി തിരുവോത്ത് എന്നിവരാണ്. ചിന്മയി ശ്രീപാദയും പ്രതിഷേധം ഉയര്‍ത്തി.
സ്വഭാവമല്ല, എഴുത്തു മാത്രം പരിഗണിച്ചാണു പുരസ്‌കാരം തീരുമാനിച്ചതെന്ന അടൂരിന്റെ പ്രതികരണത്തിനെതിരെയും ഇവരും എഴുത്തുകാരായ എന്‍.എസ്.മാധവന്‍, കെ.ആര്‍.മീര തുടങ്ങിയവരും രംഗത്തെത്തി. അഞ്ചാമത് ഒഎന്‍വി സാഹിത്യ പുരസ്‌കാര പ്രഖ്യാപനമാണു വിവാദത്തിലായത്. മുന്‍ വര്‍ഷങ്ങളില്‍ സുഗതകുമാരി, എം.ടി.വാസുദേവന്‍ നായര്‍, അക്കിത്തം അച്യുതന്‍ നമ്പൂതിരി, എം.ലീലാവതി എന്നിവര്‍ക്കു സമ്മാനിച്ച പുരസ്‌കാരം ആദ്യമായാണ് മലയാളിയല്ലാത്ത സാഹിത്യകാരനു നല്‍കാന്‍ തീരുമാനിച്ചത്.
അതേസമയം തനിക്കെതിരായ ലൈംഗിക ആരോപണം കെട്ടിച്ചമച്ചതാണെന്ന് കവി വൈരമുത്തു പറഞ്ഞു. ആരോപണമുന്നയിച്ചു മൂന്നു വര്‍ഷമായിട്ടും കേസെടുത്തിട്ടില്ല. കുറ്റം തെളിയും വരെ ആരോപണവിധേയര്‍ നിരപരാധികളാണെന്ന തത്വം പുരസ്‌കാര ജൂറി ഓര്‍ക്കണമെന്നു അദ്ദേഹം പറഞ്ഞു.
ഒഎന്‍വി സാഹിത്യ പുരസ്‌കാരം തമിഴിനും തമിഴര്‍ക്കും മലയാളം നല്‍കിയ ആദരവെന്ന് കവിയും ഗാനരചയിതാവുമായ വൈരമുത്തു വ്യക്തമാക്കി. ഒരു വ്യക്തിക്കല്ല തമിഴകത്തിനു നല്‍കിയ അംഗീകാരമായാണ് പുരസ്‌കാരത്തെ കാണുന്നത്. അതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അലട്ടുന്നില്ല. നുണകളെ അവഗണിക്കുന്നതാണ് ഉചിതം.
എക്കാലവും മലയാള സാഹിത്യത്തിന്റെയും എഴുത്തുകാരുടെയും കടുത്ത ആരാധകനാണ് ഞാന്‍. തമിഴര്‍ ഏറെ സ്‌നേഹിക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. ചെറുപ്പകാലത്ത് തകഴി ശിവശങ്കരപ്പിള്ളയുടെ വലിയൊരു വായനക്കാരനായിരുന്നു. എം.ടി വാസുദേവന്‍ നായര്‍, വള്ളത്തോള്‍, കുമാരനാശാന്‍ എന്നിങ്ങനെ മലയാള സാഹിത്യത്തിലെ പ്രഗത്ഭരുടെ സാഹിത്യസൃഷ്ടികള്‍ തമിഴില്‍ മൊഴിമാറ്റം ചെയ്തത് ഏറെ വായിച്ചിട്ടുണ്ട്. എനിക്ക് മലയാളം വായിക്കാന്‍ അറിയില്ല. പക്ഷേ, മൊഴിമാറ്റം നടത്തിയ കൃതികളിലൂടെ ആ എഴുത്തുകാരെ ബാല്യകാലത്തില്‍ തന്നെ പരിചയപ്പെടാനും വായിക്കാനും കഴിഞ്ഞു. കേരളത്തോടും അതിന്റെ സാംസ്‌കാരിക പ്രബുദ്ധതയോടും എന്നും ആദരവാണ് ഉള്ളത്. അതുകൊണ്ട് ഈ പുരസ്‌കാരം വലിയൊരു അംഗീകാരമായാണ് ഞാന്‍ കാണുന്നത്.
യേശുദാസിനെപ്പോലെയുള്ള ഇതിഹാസ ഗായകരുടെ ആരാധകനാണ് ഞാന്‍. കെ.എസ് ചിത്ര തമിഴില്‍ ആദ്യമായി പാടിയ ഗാനം എഴുതിയത് ഞാനായിരുന്നു.
"
https://www.facebook.com/Malayalivartha


























