ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ കുറയാതെ ലോക്ക്ഡൗണ്‍ പിന്‍വലിക്കില്ല..കൂടുതല്‍ ഇളവുകള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ എത്തിയ ശേഷം മതിയെന്ന് വിദഗ്ധര്‍

രോഗികളുടെ എണ്ണം കുറയുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ നിന്ന് താഴുകയും ചെയ്യാതെ കേരളത്തില്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കില്ല. ജൂണ്‍ ഒന്‍പതിന് ലോക്ക്ഡൗണ്‍ പിന്‍വലിക്കാമെന്നാണ് സര്‍ക്കാര്‍ ആദ്യം തീരുമാനിച്ചത്.
എന്നാല്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പ്രതീക്ഷിച്ച പോലെ കുറയാത്തത് തിരിച്ചടിയായി. അതുകൊണ്ടാണ് ലോക്ക്ഡൗണ്‍ ജൂണ്‍ 16 വരെ നീട്ടിയത്. ജൂണ്‍ 16 ആകുമ്പോഴേക്കും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ കുറഞ്ഞില്ലെങ്കില്‍ ലോക്ക്ഡൗണ്‍ വീണ്ടും നീട്ടേണ്ടിവരും
ഇന്നലെ 70,569 സാമ്പിളുകൾ പരിശോധിച്ചപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.2 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,05,78,167 സാമ്പിളുകളാണ് പരിശോധിച്ചത്.
മേയ് 31 ന് കേരളത്തില്‍ 12,300 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്, അപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.77 ശതമാനമായിരുന്നു. മേയ് 31 ന് ശേഷം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13 ശതമാനത്തില്‍ നിന്ന് കുറയേണ്ടതായിരുന്നു. എന്നാല്‍, ജൂണ്‍ ഒന്നിന് കേരളത്തില്‍ 19,760 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13 ശതമാനം ആകുകയും ചെയ്തു. തുടര്‍ന്നുള്ള രണ്ട് ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടി.
ജൂണ്‍ രണ്ടിന് 19,661 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.3 ശതമാനമായി. ജൂണ്‍ മൂന്ന് വ്യാഴാഴ്ചയും സ്ഥിതി സമാനമാണ്. 18,853 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.22 ശതമാനവും! ജൂണ്‍ നാലിന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.82 ശതമാനമായി.
ജൂണ്‍ അഞ്ചിന് 17,328 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.89 ആയി ഉയര്‍ന്നു. ജൂണ്‍ ആറിന് 14,672 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 14.27 ആയിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മേയ് 31 ന് ശേഷം ആദ്യമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13 ലേക്ക് എത്തുന്നത് ജൂണ്‍ ഏഴ് തിങ്കളാഴ്ചയാണ്. 9,313 പേര്‍ക്കാണ് ജൂണ്‍ ഏഴിന് രോഗം സ്ഥിരീകരിച്ചത്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.2 ശതമാനമായി താഴ്ന്നിട്ടുണ്ട്.
ജൂണ്‍ 16 ആകുമ്പോഴേക്കും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ കുറഞ്ഞില്ലെങ്കില്‍ ലോക്ക്ഡൗണ്‍ വീണ്ടും നീട്ടേണ്ടിവരും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഉടന്‍ നീക്കിയാല്‍ രോഗികളുടെ എണ്ണം കുതിച്ചുയരാന്‍ സാധ്യതയുണ്ട്.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒറ്റയടിക്ക് പിന്‍വലിച്ചാല്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 30,000 കടന്നേക്കുമെന്ന ആശങ്ക ആരോഗ്യവകുപ്പിനും സര്‍ക്കാരിനും ഉണ്ട്. അതുകൊണ്ടാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ കുറയ്ക്കാന്‍ തീവ്രപരിശ്രമം നടത്തുന്നത്.
അതേസമയം, ലോക്ക്ഡൗണ്‍ സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കിയിരിക്കുകയാണ്. ഈ സാഹചര്യം കൂടി സര്‍ക്കാര്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷ. രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍ മാത്രം നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ മതിയെന്ന നിര്‍ദേശം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. നേരത്തെ ഉണ്ടായിരുന്ന 'മിനി ലോക്ക്ഡൗണ്‍' നടപ്പാക്കുകയെന്ന കാര്യവും ആലോചനയിലുള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിനാല്‍ ശക്തമായ ലോക്ക്ഡൗണ്‍ ഇനിയും തുടരാന്‍ സാധ്യതയില്ലെന്നും സൂചനയുണ്ട്.
https://www.facebook.com/Malayalivartha