രണ്ടാനച്ഛന്റെ മര്‍ദ്ദനമേറ്റ് പരിക്കേറ്റ ഒരു വയസുകാരിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

കേളകത്ത് രണ്ടാനച്ഛന്റെ മര്‍ദ്ദനമേറ്റ് പരിക്കേറ്റ ഒരു വയസുകാരിയുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലാണ് കുഞ്ഞ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. കുഞ്ഞിന്റെ ചികിത്സയും അനുബന്ധ ചെലവുകളും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നാണ് വീണാ ജോര്‍ജ് വ്യക്തമാക്കിയിരിക്കുന്നത്.
ആവശ്യമെങ്കില്‍ കുട്ടിയുടെ സംരക്ഷണവും ഏറ്റെടുക്കുന്നതാണ്. കുട്ടിക്ക് മതിയായ വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എമര്‍ജന്‍സി മെഡിസിന്‍, ഓര്‍ത്തോപീഡിക്സ്, സര്‍ജറി, പീഡിയാട്രികിസ് തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് കുട്ടിയെ ചികിത്സിക്കുന്നത്. കുട്ടിയുടെ തോളെല്ലിന് പൊട്ടലുണ്ട്. ആരോഗ്യ നില തൃപ്തികരമാണെന്ന് സൂപ്രണ്ട് അറിയിച്ചിട്ടുണ്ടെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ കണിച്ചാറില്‍ രമ്യയുടെ മകളായ ഒരു വയസുകാരിയെയാണ് രണ്ടാനച്ഛനായ രതീഷ് ഉപദ്രവിച്ചത്. മൂന്നാഴ്ച്ച മുന്‍പാണ് രമ്യയുടെയും രതീഷിന്റെയും വിവാഹം കഴിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് രതീഷിനെതിരെയും രമ്യയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha






















