എങ്കിലും എന്റെ എ.കെ. ശശീന്ദ്രാ, പിണറായി വിളിച്ചു .... സി പി എമ്മിന്റെയും മുഖ്യമന്ത്രിയുടെയും അറിവോടെ ഒന്നാം പിണറായി സര്‍ക്കാരിലെ റവന്യു വകുപ്പ് ഇറക്കിയ ഉത്തരവിനെതിരെ അന്വേഷിക്കാനാണ് വനം മന്ത്രി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്

മന്ത്രി എ.കെ. ശശിന്ദ്രനെ ചെവിയില്‍ തൂക്കി പിണറായി തോട്ടിലെറിഞ്ഞു. സി പി എമ്മിന്റെയും മുഖ്യമന്ത്രിയുടെയും അറിവോടെ ഒന്നാം പിണറായി സര്‍ക്കാരിലെ റവന്യു വകുപ്പ് ഇറക്കിയ ഉത്തരവിനെതിരെ അന്വേഷിക്കാനാണ് വനം മന്ത്രി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
അഞ്ച് ഡി എഫ് ഒ മാരെ നിയോഗിച്ചാണ് പ്രത്യേക അന്വേഷണ സംഘത്തിന് മന്ത്രി എ.കെ. ശശീന്ദ്രന്‍ രൂപം നല്‍കിയത്. മുഖ്യമന്ത്രിയെ കണ്‍സള്‍ട്ട് ചെയ്യാതെയായിരുന്നു തീരുമാനം. റവന്യു വകുപ്പ് പുറത്തിറക്കിയ ഉത്തരവിനെതിരെ മന്ത്രി ശശീന്ദ്രന്‍ നിരന്തരം രംഗത്തെത്തുകയും ചെയ്തു.
വനം വകുപ്പിലെ ഉദ്യോഗസ്ഥരെ കുരുക്കി എന്ന മട്ടിലാണ് ശശീന്ദ്രന്‍ സംസാരിച്ചത്. ശശീന്ദ്രന്റെ വൈകാരിക പ്രകടനം മുഖ്യമന്ത്രി അതീവ ശ്രദ്ധയോടെയാണ് നോക്കി കണ്ടത്.
ശശീന്ദ്രന്റെ സംസാരം കേട്ടാല്‍ ഒന്നാം പിണറായി മന്ത്രിസഭയില്‍ ഉണ്ടായിരുന്ന റവന്യു, വനം മന്ത്രിമാരെല്ലാം വലിയ അഴിമതിക്കാരാണെന്ന് തോന്നിക്കുമായിരുന്നു. ഇത്രയുമായപ്പോള്‍ മുട്ടില്‍ മരം മുറി സംബന്ധിച്ച വിശദീകരണമുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തി. ഇടുക്കിയിലെ കര്‍ഷകരുടെ ആവശ്യപ്രകാരമാണ് മരം മുറിക്കാന്‍ അവസരം നല്‍കിയതെന്നായിരുന്നു പിണറായിയുടെ വിശദീകരണം. ഇത്രയുമായിട്ടും ശശീന്ദ്രന്‍ നിര്‍ത്തിയില്ല.
അദ്ദേഹം വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുകൂട്ടി. റവന്യു വകുപ്പിന്റെ ഉത്തരവ് ഉപയോഗിച്ച് എത്ര പാസുകള്‍ നല്‍കിയെന്ന് പരിശോധിക്കാന്‍ ആവശ്യപ്പെട്ടു.
വനം വകുപ്പ് ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയുണ്ടോ എന്ന് പരിശോധിക്കാനും നിര്‍ദ്ദേശിച്ചു. ഇത്രയുമായതോടെയാണ് ചില സുപ്രധാന തീരുമാനങ്ങള്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ അറിയിച്ചത്. പിന്നെ വൈകിയില്ല ചീഫ് സെക്രട്ടറി ഉത്തരവിറക്കി. അഡീഷണല്‍ ഡി ജി പി എസ് ശ്രീജിത്തിനെ മുട്ടില്‍ മരം മുറി അന്വേഷിക്കുന്ന സംഘത്തിന്റെ തലവനാക്കി.
ശ്രീജിത്ത് എന്ന വിശ്വസ്തനായ ഉദ്യോഗസ്ഥനെ നിയോഗിച്ച പിണറായി വിജയന്‍ മുട്ടില്‍ മരം മുറിയുടെ ഭാവി സ്വയം തീരുമാനിക്കും. റവന്യൂ, വനം വകുപ്പുകളുടെ തലയില്‍ മരം മുറി സ്ഥാപിച്ചു കൊണ്ടു തന്നെ പിണറായി എല്ലാവരെയും രക്ഷിക്കുമെന്ന് ഇതോടെ ഉറപ്പായി. ഫലത്തില്‍ അയ്യടാ എന്നായത് മന്ത്രി ശശീന്ദ്രന്‍ തന്നെയാണ്. മുന്‍ മന്ത്രിമാരായ ചന്ദ്രശേഖരനെയും രാജുവിനെയുമെല്ലാം ജയിലില്‍ അടയ്ക്കുമെന്ന മട്ടിലായിരുന്നു ശശീന്ദ്രന്‍ സംസാരിച്ചിരുന്നത്.
വിജിലന്‍സ് ഉദ്യോഗസ്ഥരും വനംവകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന വലിയ സംഘത്തിനാകും ഇനിമുതല്‍ അന്വേഷണ ചുമതല. എല്ലാവരും എസ് .ശ്രീജിത്തിന് റിപ്പോര്‍ട്ട് ചെയ്യണം. ശ്രീജിത്ത് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് ചെയ്യണം. ആരും മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മൂന്ന് മേഖലകളായി തിരിച്ച് അന്വേഷണം നടത്താനാണ് തീരുമാനം. മൂന്ന് മേഖലകളില്‍ പെടുന്ന ഓരോ ജില്ലകളിലെയും കാര്യങ്ങള്‍ പ്രത്യേകം അന്വേഷിക്കുകയും പ്രത്യേക എഫ്‌ഐആര്‍ ഇട്ട് കേസെടുക്കാനാണ് തീരുമാനം . എസ്പിമാരുടെ നേതൃത്വത്തിലായിരിക്കും മേഖലകളിലെ അന്വേഷണം, ഇതിനായി എസ്പിമാരായ കെവി സന്തോഷ് കുമാര്‍, സുദര്‍ശന്‍, സാബു മാത്യു എന്നിവരെ ചുമതലപ്പെടുത്തി. ഐജി സ്പര്‍ജന്‍ കുമാര്‍ അന്വേഷണ നടപടികള്‍ ഏകോപിപ്പിക്കും.
മരമുറി വിവാദ ഉത്തരവ് മറയാക്കി സംസ്ഥാന വ്യാപകമായി വന്‍തോതില്‍ മരം കൊള്ള നടന്നെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. അഴിമതിയും ഉദ്യോഗസ്ഥരുടെ പങ്കും അടക്കം സമഗ്രമായ അന്വേഷണമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പക്ഷേ ആരെ കുരുക്കണം എന്നൊക്കെ മുഖ്യമന്ത്രി തീരുമാനിക്കും.
മന്ത്രി ശശീന്ദ്രന് മുഖ്യമന്ത്രി നല്‍കിയ ആദ്യത്തെ മുന്നറിയിപ്പാണ് ശ്രീജിത്തിന്റെ നിയമനം. മറ്റ് മന്ത്രിമാരും ശശീന്ദ്രന്റെ അനുഭവം കണ്ട് മനസിലാക്കിയാല്‍ അഞ്ചു കൊല്ലം മന:സമാധാനത്തോടെ കഴിയാമെന്ന് ചുരുക്കം.
"
https://www.facebook.com/Malayalivartha

























