അങ്കം തുടങ്ങിയിട്ടേയുള്ളൂ... തൊഴിലാളിയെ കൊലപ്പെടുത്തിയത് കോണ്‍ഗ്രസുകാര്‍ക്ക് പറ്റിയ ഒരു കൈപ്പിഴയാണെന്ന കെ. സുധാകരന്റെ വെളിപ്പെടുത്തലില്‍ കേസെടുക്കാന്‍ നീക്കം; 10 വര്‍ഷംവരെ ശിക്ഷ കിട്ടാവുന്ന വകുപ്പ്

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള പോര് തുടരുകയാണ്. അതിനിടെ വെളിപ്പെടുത്ത സുധാകരന്‍ വെട്ടിലാകുന്ന കാഴ്ചയാണ് കാണുന്നത്.
കണ്ണൂര്‍ സേവറി ഹോട്ടലില്‍ നാണു എന്ന തൊഴിലാളിയെ കൊലപ്പെടുത്തിയത് കോണ്‍ഗ്രസുകാര്‍ക്ക് പറ്റിയ ഒരു കൈപ്പിഴയാണെന്ന സുധാകരന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കേസില്‍ തുടരന്വേഷണ സാദ്ധ്യത സര്‍ക്കാര്‍ ആരായുന്നു.
വിവിധ വശങ്ങളെപ്പറ്റി നിയമവകുപ്പ് പരിശാേധന നടത്തിയാവും തീരുമാനമെടുക്കുക. കുറ്റം നടത്തിയെന്ന് വെളിപ്പെടുത്തിയതിനാല്‍ തെളിവെടുപ്പ് ആക്ട് 58 പ്രകാരവും മനഃപൂര്‍വമല്ലാത്ത നരഹത്യയെന്ന നിലയില്‍ ഐ.പി.സി 304 പാര്‍ട്ട് രണ്ട് പ്രകാരവും കേസെടുക്കുന്നതിനെപ്പറ്റിയാവും പരിശോധന. 10 വര്‍ഷംവരെ ശിക്ഷ കിട്ടാവുന്ന വകുപ്പ് ചുമത്തുന്നതിനെപ്പറ്റിയും പരിശോധിക്കും. 50 വര്‍ഷം മുമ്പ് നടന്ന കൊലപാതകമായതിനാല്‍ ഇപ്പോള്‍ കേസെടുക്കാനാവുമോ എന്നതും വിലയിരുത്തും.
സി.ആര്‍.പി.സി 468 പ്രകാരം ഒരു വര്‍ഷംവരെ ശിക്ഷ കിട്ടുന്ന കുറ്റമാണെങ്കില്‍ ഒരു വര്‍ഷത്തിനുള്ളിലും രണ്ട് വര്‍ഷംവരെ ശിക്ഷ കിട്ടുന്ന കുറ്റമാണെങ്കില്‍ രണ്ട് വര്‍ഷത്തിനുള്ളിലും അന്വേഷണം നടത്തണമെന്നാണ് വ്യവസ്ഥ. മൂന്ന് വര്‍ഷം മുതല്‍ ശിക്ഷ കിട്ടുന്ന കുറ്റമാണെങ്കില്‍ സമയപരിധിയില്ലാതെ എപ്പോള്‍ വേണമെങ്കിലും തുടരന്വേഷണം നടത്താമെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു.
പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സി.ആര്‍.പി.സി 173(8) പ്രകാരമാകും തുടരന്വേഷണം. അക്കാര്യം വിചാരണ കോടതിയെ അറിയിച്ചാല്‍ മതിയാകും. കോടതിയുടെ മുന്‍കൂര്‍ അനുമതി വേണ്ട. പുതിയ പ്രതികളുണ്ടെന്ന് കണ്ടാല്‍ പുനരന്വേഷണവും ആവശ്യപ്പെടാം. ഇതിന് വിചാരണ കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കണം. അത് ഏത് വ്യക്തിക്കും നല്‍കാം. അതിന്റെ അടിസ്ഥാനത്തില്‍ കോടതിയാണ് തീരുമാനമെടുക്കുക.
അതേസമയം ബ്രണ്ണന്‍ കോളേജ് വിവാദത്തില്‍ കെ സുധാകരനെതിര നിയമനടപടിക്കില്ലെന്ന് സുധാകരന്‍ പരാമര്‍ശിച്ച ഫ്രാന്‍സിസിന്റെ മകന്‍ ജോബി വ്യക്തമാക്കി. അച്ഛന്റെ സ്ഥാനത്താണ് സുധാകരനെ കാണുന്നതെന്നും അദ്ദേഹത്തിനെതിരെ സംസാരിച്ചത് തെറ്റിദ്ധാരണ കൊണ്ടെന്നും ജോബി പറഞ്ഞു. സുധാകരനെ കാണാന്‍ കണ്ണൂരിലെത്തിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കാമ്പസില്‍ വച്ച് ഫ്രാന്‍സിസ് പിണറായി വിജയനെ ആക്രമിച്ചെന്നും ഒഴിഞ്ഞ് മാറിയതുകൊണ്ട് രക്ഷപ്പെട്ടെന്നുമായിരുന്നു സുധാകരന്റെ വിവാദ പരാമര്‍ശം. സുധാകരന്റെ പരാമര്‍ശം വേദനിപ്പിക്കുന്നതെന്നും മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമപരമായി നേരിടുമെന്നും ദിവസങ്ങള്‍ക്ക് മുമ്പ് ജോബി പറഞ്ഞിരുന്നു. മൈക്ക് കൊണ്ട് അച്ഛന്‍ പിണറായിയെ ആക്രമിച്ചെന്നത് കെട്ടുകഥയാണെന്നും അന്ന് ജോബി വിശദീകരിച്ചിരുന്നു.
അച്ഛന്‍ ഫ്രാന്‍സിസിന് പിണറായി വിജയനുമായി പില്‍ക്കാലത്തും സൗഹൃദമുണ്ടായിരുന്നു. അച്ഛന്‍ കത്തിയുമായി നടക്കുന്ന ആളായിരുന്നില്ല. അദ്ദേഹം ഒരിക്കലും ആരെയും ഉപദ്രവിക്കുന്ന ആളല്ല. പിണറായി വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ കൂരാച്ചുകുണ്ടില്‍ എത്തിയപ്പോള്‍ അച്ഛനെ വിളിച്ച് സംസാരിച്ചിരുന്നുവെന്നും ജോബി പറഞ്ഞിരുന്നു.
സുധാകരന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമപരമായി നേരിടുമെന്ന ജോബി ഫ്രാന്‍സിസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അച്ഛന്‍ കത്തിയുമായി നടക്കുന്ന ആളായിരുന്നില്ല. പില്‍ക്കാലത്തും പിണറായിയുമായി അച്ഛന് സൗഹൃദമുണ്ടായിരുന്നുവെന്നും ജോബി ഫ്രാന്‍സിസ് വ്യക്തമാക്കി.
സുധാകരന്റെ പ്രസ്താവന വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മൈക്ക് കൊണ്ട് അച്ഛന്‍ പിണറായിയെ ആക്രമിച്ചു എന്നത് കെട്ടുകഥയായിരുന്നു. അദ്ദേഹം ഒരിക്കലും ആരെയും ഉപദ്രവിക്കുന്ന ആളല്ല. നാട്ടിലുള്ളവരോടൊക്കെ വലിയ കരുണ കാണിക്കുന്ന ആളായിരുന്നു. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ കൂരാച്ചുകുണ്ടില്‍ എത്തിയപ്പോള്‍ അച്ഛനെ വിളിച്ച് സംസാരിച്ചത് ഓര്‍മ്മയിലുണ്ട്. അദ്ദേഹത്തിന്റെ വിളിപ്പേര് പോലും ഓര്‍ത്തുകൊണ്ടായിരുന്നു അന്ന് പിണറായി സംസാരിച്ചതെന്നും ഫ്രാന്‍സിസിന്റെ മകന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
"
https://www.facebook.com/Malayalivartha


























