15 ലക്ഷത്തിന്റെ ആറ്റിങ്ങല്‍ ബിവറേജസ് വിദേശ മദ്യക്കൊള്ള..... സര്‍ക്കാര്‍ നിലപാടറിയിക്കാനും ആറ്റിങ്ങല്‍ സി ഐ അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ടു ഹാജരാക്കാനും കോടതി ഉത്തരവ്; ലോക് ഡൗണും മദ്യ ഷാപ്പടപ്പും മുതലെടുത്ത് കവര്‍ച്ചാ മദ്യം ബ്ലാക്കില്‍ മറിച്ചു വിറ്റത് നാലും അഞ്ചും ഇരട്ടി വിലയ്ക്ക്, 8 ദിനങ്ങളിലായി കടത്തിയത് 155 പെട്ടികളിലുണ്ടായിരുന്ന 1395 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം

ആറ്റിങ്ങല്‍ ബിവറേജസ് ഗോഡൗണില്‍ നിന്നും 15 ലക്ഷം രൂപയുടെ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം കൊള്ളയടിച്ച് അഞ്ചിരട്ടി വിലക്ക് ബ്ലാക്കില്‍ മറിച്ചു വിറ്റ കേസില്‍ സര്‍ക്കാര്‍ നിലപാടറിയിക്കാന്‍ തിരുവനന്തുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു.
കേസന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ തിരുവനന്തപുരം റൂറല്‍ ആറ്റിങ്ങല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോടും പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി പി. കൃഷ്ണ കുമാര്‍ ഉത്തരവിട്ടു. കൂട്ടായ്മ മദ്യ കവര്‍ച്ചാ വില്‍പന കേസില്‍ മെയ് 26 മുതല്‍ റിമാന്റില്‍ കഴിയുന്ന പ്രതികള്‍ സമര്‍പ്പിച്ച റഗുലര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ജില്ലാ കോടതി. ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി തള്ളിയ ജാമ്യം നിരസിക്കല്‍ ഉത്തരവുമായാണ് പ്രതികള്‍ ജില്ലാ കോടതിയെ സമീപിച്ചിരിക്കുന്നത്.
മദ്യക്കടത്തിന് രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസ് സെഷന്‍സ് കോടതി വിചാരണ ചെയ്യേണ്ട കേസാണെന്നും കേസ് റെക്കോര്‍ഡുകള്‍ പരിശോധിച്ചതില്‍ പ്രഥമദൃഷ്ട്യാ പ്രതികള്‍ കുറ്റകൃത്യം ചെയ്തതായി അനുമാനിക്കാവുന്നതാണെന്നും നിരീക്ഷിച്ചു കൊണ്ടാണ് ആറ്റിങ്ങല്‍ മജിസ്‌ട്രേട്ട് പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചത്.
അതേ സമയം തങ്ങള്‍ നിരപരാധികളാണെന്നും കേസന്വേഷണം പ്രായോഗികമായി പൂര്‍ത്തിയായതിനാല്‍ തങ്ങളുടെ തുടര്‍ ജയില്‍ കസ്റ്റഡി യാതൊരന്വേഷണത്തിനും ആവശ്യമില്ലെന്നും അതിനാല്‍ തങ്ങളെ ജാമ്യത്തില്‍ വിട്ടയക്കണമെന്നുമാണ് പ്രതികളുടെ ജാമ്യ ഹര്‍ജിയിലെ ആവശ്യം.
15 ലക്ഷം രൂപയുടെ 155 പെട്ടികളിലുള്ള 1395 ലിറ്റര്‍ ബിവറേജസ് കോര്‍പ്പറേഷന്‍ മുദ്ര പതിച്ച ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യമാണ് 8 ദിവസങ്ങളിലായി കൊള്ളയടിക്കപ്പെട്ടത്. ബെവ് കോ വെയര്‍ ഹൗസില്‍ നിന്നുള്ള കവര്‍ച്ചാ മുതല്‍ നാലും അഞ്ചും ഇരട്ടി വിലക്കാണ് ലോക് ഡൗണ്‍ മുതലാക്കി പ്രതികള്‍ ബ്ലാക്കില്‍ വിറ്റഴിച്ചത്. മെയ് ആദ്യ വാരം മുതല്‍ മദ്യശാലകളും ബിവറേജസ് ഔട്ട് ലെറ്റുകളും അടഞ്ഞു കിടന്നത് അമിത ലാഭം കൊയ്യാന്‍ പ്രതികള്‍ക്ക് തുണയായി.
വെല്‍ഡിംഗ് ജോലിക്കാരായ മൂങ്ങോട് സ്വദേശി കിരണ്‍ (22) , കവലയൂര്‍ സുമ വിലാസത്തില്‍ മെബിന്‍ ആര്‍തര്‍ (23) , കവലയൂര്‍ മൂങ്ങോട് പൂവത്തുവീട്ടില്‍ അങ്കെ എന്ന രജിത് (47) , ചിറയിന്‍കീഴ് ആനത്തലവട്ടം ജിബിന്‍ നിവാസില്‍ ജിബിന്‍ (29) , ഒറ്റൂര്‍ മൂങ്ങോട് എവര്‍ഗ്രീന്‍ വീട്ടില്‍ നിഖില്‍ (21) , കവലയൂര്‍ മൂങ്ങോട് സജിന്‍ വിജയന്‍ (35) എന്നിവരടക്കം 8 പേരാണ് മദ്യക്കവര്‍ച്ചാ വില്‍പന കേസിലെ പ്രതികള്‍.
2021 മെയ് മാസത്തിലാണ് മദ്യക്കവര്‍ച്ച നടന്നത്. വെല്‍ഡിംഗ് ജോലികള്‍ അറിയാവുന്ന മെബിനും കിരണും മേല്‍ക്കൂരയില്‍ കയറി റൂഫ് ഷീറ്റ് നട്ടിളക്കി ബിവറേജസ് ഗോഡൗണിനുള്ളില്‍ കടന്ന് മദ്യം മോഷ്ടിച്ച് പുറത്തു കടത്തുകയായിരുന്നു. ഒരാള്‍ പുറത്തിറങ്ങിയ ശേഷം മദ്യക്കുപ്പികളടങ്ങിയ പെട്ടികള്‍ പുറത്തേക്ക് കൊടുത്തു. മോഷണത്തിന് ശേഷം ഷീറ്റുകള്‍ നട്ടിട്ട് ഉറപ്പിക്കുകയും ചെയ്തു. 8 ദിവസങ്ങളിലായാണ് കവര്‍ച്ച നടന്നതെന്ന് ഗോഡൗണിലെ സിസിടിവി ഫൂട്ടേജില്‍ നിന്ന് വ്യക്തമായി.
കിരണും മെബിനും ഫോണ്‍ ചെയ്യുന്ന പ്രകാരം സംഘാംഗങ്ങള്‍ കാറില്‍ വന്ന് കവര്‍ച്ചാ മുതല്‍ കടത്തിക്കൊണ്ടു പോവുകയായിരുന്നു. രജിത്ത് മദ്യം കാറില്‍ കയറ്റി മൂങ്ങോട്ടു കൊണ്ടു പോയി. മെബിന്‍ മോഷ്ടിച്ചെടുത്ത മദ്യം വില്‍പന നടത്തിയത് ജിബിനും നിഖിലും കൂട്ടാളികളും ചേര്‍ന്നാണ്. മോഷ്ടിച്ചെടുത്തതില്‍ 6 പെട്ടിയിലുണ്ടായിരുന്ന മദ്യം ജിബിനും 4 പെട്ടിയിലുണ്ടായിരുന്ന മദ്യം നിഖിലുമാണ് വിറ്റത്.
അര ലിറ്റര്‍ മദ്യം 850 രൂപക്കും ഒരു ലിറ്റര്‍ മദ്യം 1,700 രൂപക്കുമാണ് മെബിന്‍ ഇരുവര്‍ക്കും നല്‍കിയത്. ഇവര്‍ ഇത് മറിച്ചുവിറ്റത് 1,500നും 3,000 നുമാണ്. കവര്‍ച്ചാ മദ്യ വില്‍പനയിലൂടെ 3 പ്രതികള്‍ സ്വരൂപിച്ച പണമായ 1,54,000 രൂപ പ്രതികളില്‍ നിന്നും പോലീസ് കണ്ടെടുത്ത് തൊണ്ടി മുതലായി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. മദ്യം കടത്താനുപയോഗിച്ച 3 കാറുകളും ബൈക്കുകളും കൂടി മെയ് 26 ന് പോലീസ് റിക്കവറി മഹസറില്‍ വിവരിച്ച് ബന്തവസിലെടുത്ത് കോടതിയില്‍ ഹാജരാക്കി.
കൂട്ടായ്മ മദ്യ കവര്‍ച്ചാ വില്‍പന കേസിലെ കൃത്യത്തിലുള്‍പ്പെട്ട 8 പ്രതികളില്‍ മെബിന്‍ കടക്കാവൂര്‍ പോലീസ് സ്റ്റേഷനില്‍ അടിപിടി കേസിലും കല്ലമ്പലം സ്റ്റേഷനില്‍ നിലവിലുള്ള പന്നിഫാമില്‍ അതിക്രമിച്ചു കയറി പന്നികളെ വെട്ടിക്കൊന്ന് പന്നി മാംസം കടത്തിയ കേസിലും പ്രതിയാണ്.
https://www.facebook.com/Malayalivartha


























