മനസമാധാനം പോയി... ചാനല്‍ ചര്‍ച്ചയിലെ കൈവിട്ട് പോയ ഒരു വാക്കില്‍ പൊല്ലാപ്പ് പിടിച്ച അയിഷ സുല്‍ത്താനയുടെ ദുരിതം തീരുന്നില്ല; പണവും സമയവും മനസമാധാനവും പോയി; റേറ്റിംഗ് കൂട്ടാനായി ചോദ്യം ചോദിച്ച ചാനലുകളും കൈയ്യൊഴിഞ്ഞു; ആയിഷ സുല്‍ത്താനയെ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തു; ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കും

ചാനല്‍ ചര്‍ച്ചകളില്‍ ഓരോന്ന് വിളിച്ച് പറയുമ്പോള്‍ ഇങ്ങനെയൊരു പുലിവാല് പിടിക്കുമെന്ന സത്യം എല്ലാവരേയും ഓര്‍മ്മിപ്പിക്കുന്നതാണ് ഐഷ സുല്‍ത്താനയുടെ കഥ. അബദ്ധത്തില്‍ വീണുപോയ പരാമര്‍ശത്തിന്റെ വില വളരെ വലുതായിരുന്നു. വക്കീലന്‍മാര്‍ക്കും കേസിനായുള്ള യാത്രയ്ക്കുമായി എത്രയാണ് രൂപ ചെലവായത്. അതുകൂടാതെ മനസമാധാനവും പോയി. ദിവസങ്ങളോളമാണ് ഈ കേസിന്റെ പുറകെ അലയുന്നത്.
രാജ്യദ്രോഹക്കേസില്‍ ആയിഷ സുല്‍ത്താനയുടെ 3 മണിക്കൂറാണ് ഇന്നലെ ചോദ്യം ചെയ്തത്. അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ആവശ്യമെങ്കില്‍ ചോദ്യം ചെയ്യാന്‍ വീണ്ടും വിളിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഞായറാഴ്ച വൈകീട്ട് നാല് മണിയോടെ അഭിഭാഷകര്‍ക്കൊപ്പമാണ് ആയിഷ കവരത്തി പോലീസ് ഹെഡ്ക്വാട്ടേസില്‍ ഹാജരായത്. ചോദ്യം ചെയ്യലിന് ഹാജരാകാനായി കഴിഞ്ഞ ദിവസമാണ് ആയിഷ കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലെത്തിയത്. നാല് ദിവസം കൂടി ആയിഷ ലക്ഷദ്വീപില്‍ തുടരും.
ജൈവായുധ പരാമര്‍ശങ്ങളുടെ പേരില്‍ ബിജെപി ലക്ഷദ്വീപ് ഘടകം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആയിഷക്കെതിരെ രാജ്യദ്രോഹക്കേസ് എടുത്തത്. താന്‍ വിമര്‍ശനമാണ് ഉന്നയിച്ചതെന്ന വാദഗതിയാണ് ആയിഷ ചോദ്യം ചെയ്യലില്‍ പോലീസിനോടും ആവര്‍ത്തിച്ചതെന്നാണ് സൂചന.
കേസില്‍ അറസ്റ്റ് ചെയ്താല്‍ ആയിഷയ്ക്ക് ഇടക്കാല ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി നേരത്തെ കവരത്തി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഒരാഴ്ചയാണ് കോടതിയുടെ ഇടക്കാല ഉത്തരവിന്റെ കാലാവധി.
ജൈവായുധ പരാമര്‍ശം നടത്തിയത് അബദ്ധത്തിലാണെന്നും അത് തെറ്റാണെന്ന് മനസിലായപ്പോള്‍ തന്നെ ആയിഷ മാപ്പു പറഞ്ഞിരുന്നതായും ആയിഷയുടെ അഭിഭാഷകന്‍ നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നു. ഭരണകൂടത്തെ വിമര്‍ശിക്കുകയാണ് ചെയ്തത്. അല്ലാതെ വിദ്വേഷ പ്രചരണമല്ല തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. ജനങ്ങളെ രാജ്യത്തിനെതിരേ അക്രമകത്തിന് പ്രേരിപ്പിച്ചിട്ടില്ലെന്നും ആയിഷ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം മറ്റൊരു വാര്‍ത്തയും വരുന്നുണ്ട്. ലക്ഷദ്വീപിന്റെ അധികാര പരിധി കേരള ഹൈക്കോടതിയില്‍ നിന്ന് കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റാന്‍ നീക്കം. ഇതുസംബന്ധിച്ച് ലക്ഷദ്വീപ് ഭരണകൂടം കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ നല്‍കിയെന്നാണ് സൂചന.
കേന്ദ്രഭരണ പ്രദേശങ്ങള്‍ ഏത് ഹൈക്കോടതിയുടെ പരിധിയിലാണ് വരുന്നതെന്ന് നിശ്ചയിക്കുന്നത് പാര്‍ലമെന്റാണ്. ഇതുപ്രകാരം നിലവില്‍ കേരള ഹൈക്കോടതിയുടെ അധികാര പരിധിയിലാണ് ലക്ഷദ്വീപുമായി ബന്ധപ്പെട്ട നിയമവ്യവഹാരങ്ങളെല്ലാം. അധികാര പരിധി മാറ്റണമെന്ന ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ശുപാര്‍ശയില്‍ കേന്ദ്രത്തിന് തീരുമാനം എടുക്കേണ്ടിവരും. പാര്‍ലമെന്റ് ചേര്‍ന്നാണ് ഇതുനടപ്പാക്കേണ്ടത്.
ലക്ഷദ്വീപിലെ പുതിയ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരേ നിലവില്‍ കേരള ഹൈക്കോടതിയില്‍ നിരവധി ഹര്‍ജികളുണ്ട്. അഡ്മിനിസ്‌ട്രേറ്ററുടെ നടപടിക്കെതിരേയുള്ള സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ഭാഗമായുള്ള നിയമനടപടികളും കേരള ഹൈക്കോടതിയിലേക്ക് വരാനിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് അധികാര പരിധി കര്‍ണാടകയിലേക്ക് മാറ്റാന്‍ ലക്ഷദ്വീപ് ഭരണകൂടം നീക്കങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ അങ്ങനെയൊരു നീക്കമില്ലെന്ന് ലക്ഷദ്വീപ് കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























