പി. ജയരാജനെ പിണറായി രക്ഷിച്ചതെന്തിന്? കണ്ണൂരിലെ ശ്രുതി ഭംഗങ്ങള്‍ തീര്‍ക്കുന്നത് ആര്‍ക്കു വേണ്ടി?

പി. ജയരാജന്‍ എന്ന കണ്ണൂര്‍ സി പി എമ്മിലെ അനിഷേധ്യ നേതാവ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഒറ്റപ്പെട്ടു. ജയരാജന്‍ പിണറായിക്ക് അടിമപ്പെട്ടു എന്ന വിശ്വാസത്തിലാണ് കണ്ണൂരില്‍ അദ്ദേഹത്തിനൊപ്പം ഇത്രയും കാലം നിലക്കൊണ്ട പ്രവര്‍ത്തകര്‍.
കെ. സുധാകരന്‍ താനുമായി കൊമ്പു കോര്‍ത്തതോടെ പി. ജയരാജനെ കൈയിലെടുക്കണമെന്ന ഉത്തമ ബോധ്യത്തോടെയാണ് പിണറായി പി ജയരാജനെതിരായ നീക്കങ്ങളില്‍ നിന്നും പിന്‍മാറിയത്. ആമ്പാടിമുക്ക് സഖാക്കളുടെ തലയില്‍ ജയരാജനെതിരായ എല്ലാ കുറ്റങ്ങളും ചാര്‍ത്തി ജയരാജനെ രക്ഷപ്പെടുത്താന്‍ പിണറായിയും സി പി എമ്മും ശ്രമിച്ചപ്പോള്‍ പി.ജയരാജന്‍ കമാന്ന് ഒരക്ഷരം മിണ്ടിയില്ലെന്നാണ് പ്രവര്‍ത്തകരുടെ ആക്ഷേപം.
പി.ജയരാജന്‍ സ്വന്തം വ്യക്തിപ്രഭാവം വളര്‍ത്താന്‍ ശ്രമിച്ചെന്ന ആരോപണമാണ് സി പി എം തള്ളിയത്. ഇത്തരത്തില്‍ കഴിഞ്ഞ കുറെ നാളുകളായി നിലവിലുണ്ടായിരുന്ന വിവാദങ്ങള്‍ക്ക് പൂര്‍ണവിരാമമിടാന്‍ സി.പി.എം. തീരുമാനിച്ചു.
ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സി.പി.എം. ജില്ലാ കമ്മിറ്റി മൂന്നംഗ കമ്മീഷനെ നിയോഗിച്ചിരുന്നു. മൂന്നംഗ കമ്മിഷന്റെ റിപ്പോര്‍ട്ട് ജില്ലാ സെക്രട്ടേറിയറ്റ് വിശദമായി ചര്‍ച്ചചെയ്ത ശേഷമാണ് പ്രശ്‌നം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. വ്യക്തിപരമായി പ്രത്യേക രീതിയില്‍ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ച കാര്യത്തില്‍ പി.ജയരാജന് പങ്കില്ലെന്ന് കമ്മിഷന്‍ നിഗമനത്തിലെത്തി.
എ.എന്‍.ഷംസീര്‍, എന്‍.ചന്ദ്രന്‍, ടി.ഐ.മധുസൂദനന്‍ എന്നിവരടങ്ങിയ കമ്മിഷനാണ് ആരോപണങ്ങള്‍ പരിശോധിച്ചത്. എ.എന്‍. ഷംസീറിനെ കമ്മീഷനില്‍ നിയോഗിച്ചത് പി. ജയരാജനെ അവസാനിപ്പിക്കാന്‍ വേണ്ടിയായിരുന്നു. കഴിഞ്ഞ കുറെ നാളുകളായി ഷംസീറും ജയരാജനും തമ്മില്‍ നല്ല ബന്ധത്തിലല്ല.സി. ഓ ടി. നസീര്‍ വധശ്രമ കേസ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഷംസീറും ജയരാജനും തമ്മില്‍ നല്ല ബന്ധമല്ല ഉള്ളത്.
വ്യക്തിപരമായി പുകഴ്ത്തുന്ന പാട്ടുകളും ബോര്‍ഡുകളും മുദ്രാവാക്യങ്ങളുമൊക്കെയാണ് ജയരാജന് വിനയായത് . സി.പി.എം. സംസ്ഥാന കമ്മിറ്റി ഇക്കാര്യത്തില്‍ ചര്‍ച്ചനടത്തുകയും വ്യക്തിപ്രഭാവമുയര്‍ത്തുന്ന നിലയിലുള്ള പ്രചാരണം തടയുന്നതിന് ജയരാജന്‍ ജാഗ്രതകാട്ടിയില്ലെന്ന് വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആക്ഷേപങ്ങള്‍ അന്വേഷിക്കാന്‍ ജില്ലാ കമ്മിറ്റിയെ ചുമചലപ്പെടുത്തുകയും ചെയ്തു. അതിന്റെ ഭാഗമായാണ് ജില്ലാ കമ്മിറ്റി മൂന്നംഗ കമ്മിഷനെ നിയോഗിച്ചത്.
സംഘപരിവാറില്‍ നിന്ന് സി.പി.എമ്മിലേക്കെത്തിയ അമ്പാടിമുക്ക് സഖാക്കള്‍ എന്നറിയപ്പെടുന്നവരാണ് പിണറായി വിജയനെ അര്‍ജുനനായും പി.ജയരാജനെ ശ്രീകൃഷ്ണനായും ചിത്രീകരിച്ച് വലിയ ബോര്‍ഡുകള്‍ സ്ഥാപിച്ചതെന്നാണ് സി പി എം പറയുന്നത്. തുടര്‍ന്ന് ജില്ലയിലെ പല സ്ഥലങ്ങളിലും വ്യക്തിപരമായി ഉയര്‍ത്തിക്കാട്ടുന്ന ബോര്‍ഡുകള്‍ വന്നു. പി.ജെ യെ വിപ്ലവനേതാവായി വാഴ്ത്തുന്ന പാട്ടുകളുണ്ടായി. നവമാധ്യമങ്ങളില്‍ പി.ജെ.ആര്‍മി എന്നും മറ്റുമുള്ള പേരുകളില്‍ വ്യക്തിപരമായി ആരാധന വളര്‍ത്തുന്ന പ്രചാരണം നടന്നത് സി.പി.എം. നേതൃത്വത്തെ അലോസരപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന കമ്മിറ്റി ഇടപെട്ടത്.
ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് ജയരാജന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റശേഷം പഴയ സ്ഥാനം തിരിച്ചുനല്‍കാത്തതിനെതിരേ ഒരുവിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തി. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചുവെന്നാരോപിച്ചും പി.ജെ.ആര്‍മി നവമാധ്യമ ഗ്രൂപ്പ് വലിയ പ്രതിഷേധമുയര്‍ത്തി. അമ്പാടിമുക്ക് സഖാക്കളുടെ നേതാക്കളിലൊരാളായ ധീരജ്കുമാറിനെ പരസ്യപ്രതിഷേധമുയര്‍ത്തിയതിനെ തുടര്‍ന്ന് സി.പി.എമ്മില്‍നിന്ന് പുറത്താക്കുകയുംചെയ്തു. ധീരജ് കുമാര്‍ മുന്‍ ബി ജെ പി നേതാവാണെന്ന് വരെ സി പി എം രഹസ്യമായി ആരോപിക്കുന്നുണ്ട്.
എന്നാല്‍ പി.ജെ.ആര്‍മിയെ പി.ജയരാജന്‍ പരസ്യമായി തള്ളിപ്പറഞ്ഞു. തന്റെ അഭ്യുദയകാംക്ഷികളെന്ന പേരില്‍ പാര്‍ട്ടി തീരുമാനങ്ങളെ എതിര്‍ക്കുന്നവര്‍ പാര്‍ട്ടിയുടെയും തന്റെയും ശത്രുക്കളാണെന്നു അദ്ദേഹം പറഞ്ഞു. തന്റെ പേര് പറഞ്ഞ് പാര്‍ട്ടിയെ വിമര്‍ശിക്കുകയും തന്നെ വേര്‍തിരിച്ച് കാണിക്കുകയും ചെയ്താല്‍ നിയമനടപടി സ്വീകരിക്കുമെന്നും പ്രസ്താവനയിറക്കി.
ഇതെല്ലാം പരിഗണിച്ചാണ് പി.ജയരാജനുമായി ബന്ധപ്പെട്ട വ്യക്തിപ്രഭാവ പ്രശ്‌നത്തിന് വിരാമമിടാന്‍ സി.പി.എം. നേതൃത്വം തീരുമാനിച്ചതെന്നാണ് വിവരം. അതായത് ജയരാജന്‍ തനിക്കൊപ്പമുള്ളവരെ ഒറ്റികൊടുത്തെന്നാണ് ആക്ഷേപം. ഏതായാലും കണ്ണൂരില്‍ സുധാകരനെ നേരിടാന്‍ പിണറായിക്ക് ശക്തനായ ഒരു എതിരാളിയെ കിട്ടി.
"
https://www.facebook.com/Malayalivartha


























