അപകടത്തില്‍പെട്ട വാഹനത്തിന് സമീപം വിദേശ ഈത്തപ്പഴങ്ങളും പാല്‍പൊടിയും വിതറി.. ക്വട്ടേഷന്‍ സംഘത്തിന്റെ അതിബുദ്ധി കെണിയായി; 2.33 കിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചതോടെ ഓപ്പറേഷന്‍ പാളി; അപകടകരമായ ചെയ്‌സിങ്ങിലേക്ക് സംഘാംഗങ്ങള്‍ പോവാനുള്ള സാധ്യത

രാമനാട്ടുകരയില്‍ സ്വര്‍ണക്കടത്ത് സംഘാംഗങ്ങളായ അഞ്ചു പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ദുരൂഹത ഒഴിയാതെ പൊലീസും അന്വേഷണ ഉദ്യോഗസ്ഥരും. കരിപ്പുര്‍ വിമാനത്താവളത്തില്‍നിന്നു സ്വര്‍ണം കൊണ്ടുപോവാന്‍ എത്തിയ കൊടുവള്ളി സംഘത്തെ പിന്തുടര്‍ന്നവരാണ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്.
എന്നാല്‍, ക്വട്ടേഷന്‍ സംഘങ്ങളുടെ വാഹനത്തില്‍ എങ്ങനെ വിദേശ ഈത്തപ്പഴങ്ങളും നിഡോ പാല്‍പൊടികളും മറ്റും എത്തിയെന്നാണ് ഉയരുന്ന ചോദ്യം. അതിനൊപ്പം ഓപ്പറേഷന്‍ വിജയിക്കുന്നതിന് മുന്നെ മദ്യപിച്ച് അതിവേഗത്തില്‍ കൊടുവള്ളി സംഘത്തെ പിന്തുടരാനുള്ള സാധ്യതയിലും സംശയമുയരുന്നുണ്ട്.
ഇന്നലെയാണ് രാമനാട്ടുകരയ്ക്കടുത്ത് പുളിഞ്ചോട് ബോലേറോ ജീപ്പ് ലോറിയിലിടിച്ച് തകര്‍ന്ന് അഞ്ച് യുവാക്കള്‍ മരിച്ചത്. മലപ്പുറം പാണ്ടിക്കാട് നിന്ന് കോഴിക്കോട് നാദപുരത്തേക്ക് സിമന്റ് കയറ്റി വന്ന ലോറിയുമായി ഇവര്‍ സഞ്ചരിച്ച വാഹനം നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. പാലക്കാട് ചെര്‍പുളശേരി സ്വദേശികളായ മുഹമ്മദ് ഷഹീര്‍, നാസര്‍, താഹിര്‍ഷാ , അസ്സൈനാര്‍ , സുബൈര്‍ എന്നിവരാണ് മരിച്ചത്.
ഒരു സാധാരണ വാഹനാപകടം എന്നായിരുന്നു ആദ്യ സൂചനയെങ്കിലും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഇന്നോവ കാറിലുണ്ടായിരുന്ന ആറ് പേരെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിലെ ദുരൂഹതയുടെ ചുരുളഴിഞ്ഞത്. ആ വാഹനത്തില്‍ ഉണ്ടായിരുന്ന ചെര്‍പ്പുളശ്ശേരി സ്വദേശി ചരല്‍ ഫൈസല്‍ എന്നയാളുടെ സഹായികളാണ് മരിച്ചവര്‍. കൊടുവളളിയില്‍ നിന്നുളള ഈ സംഘത്തില്‍ നിന്ന് സ്വര്‍ണം കവര്‍ച്ച ചെയ്യുകയായിരുന്നു ചെര്‍പുളശേരിയില്‍ നിന്നുളള സംഘത്തിന്റെ ലക്ഷ്യം.
കൊടുവളളി സ്വദേശി മെയ്തീന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്. കസ്റ്റംസ് സ്വര്‍ണം പിടികൂടിയതോടെ കൊടുവളളിയില്‍ നിന്നുളള സംഘം മടങ്ങി. ഇവരുടെ പക്കല്‍ സ്വര്‍ണമുണ്ടെന്ന ധാരണയില്‍ ചെര്‍പുളശേരി സംഘം പിന്തുര്‍ന്നു. എന്നാല്‍ ഇവരുടെ പക്കല്‍ സ്വര്‍ണമില്ലെന്ന വിവരം കിട്ടിയതോടെ ചെര്‍പുളശേരി സംഘം മടങ്ങുന്ന വഴിയായിരുന്നു അപകടം.
നിലവില്‍ എട്ടു പേരാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ളത്. കവര്‍ച്ചാ ശ്രമത്തിനാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. കേസിന് പരാതിക്കാര്‍ ആരുമില്ല. ഇതോടെ കേസ് എങ്ങനെ നിലനില്‍ക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. മരിച്ച ക്വട്ടേഷന്‍ സംഘങ്ങള്‍ ലക്ഷ്യമിട്ട 2.33 കിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചതോടെയാണ് ഇവരുടെ ഓപ്പറേഷന്‍ പാളിയതെന്നാണ് പോലീസ് നല്‍കുന്ന വിവരം.
മടങ്ങിപ്പോവുന്നതിനുടെ സ്വര്‍ണം വാങ്ങാനെത്തിയ കൊടുവള്ളി സംഘവും ചെര്‍പ്പുളശ്ശേരി സംഘവം ഏറ്റുമുട്ടിയെന്നും ഇതിനിടെ അപകടമുണ്ടായെന്നും പോലീസ് പറയുന്നു. സ്വര്‍ണം കസ്റ്റംസ് പിടിച്ചെന്ന് രണ്ട് സംഘങ്ങള്‍ക്കും ബോധ്യം ഉണ്ടായിരുന്നെങ്കില്‍ ഇത്ര വലിയ അപകടകരമായ ചെയ്‌സിങ്ങിലേക്ക് സംഘാംഗങ്ങള്‍ പോവാനുള്ള സാധ്യതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
സ്വര്‍ണം കിട്ടാതെ മടങ്ങിയെന്ന് പറയുന്ന കൊടുവള്ളി സംഘത്തെ കുറിച്ച് ഒരു വിവരവും ഇല്ലാത്തതിനാല്‍ വേറേതെങ്കിലും രീതിയില്‍ സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടോയെന്നും കസ്റ്റംസ് പിടിച്ചെടുത്തെന്ന് പറയുന്ന 2.33 കിലോ സ്വര്‍ണത്തിനപ്പുറം വേറെ സ്വര്‍ണം വിമാനത്താവളത്തിനു പുറത്തേക്ക് കടന്നോയെന്ന സൂചനയുമുണ്ട്. കേസന്വേഷണം കസ്റ്റംസില്‍നിന്ന് കഴിഞ്ഞ ദിവസം പോലീസ് ഏറ്റെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























