വിസ്മയയുടെ മരണം... കിരണിനെതിരെ തെളിവുകള്‍ ശക്തമാണെന്ന് ഐജി; വിസ്മയയുടെ ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെയുള്ളവരുടെ രഹസ്യമൊഴി കോടതിക്കു മുമ്ബാകെ രേഖപ്പെടുത്തും

ബിഎഎംഎസ് വിദ്യാര്‍ഥി വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന വകുപ്പുകള്‍ ചുമത്തുമെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ദക്ഷിണമേഖലാ ഐജി ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു. സിആര്‍പിസി 164 പ്രകാരം വിസ്മയയുടെ ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെയുള്ളവരുടെ രഹസ്യമൊഴി കോടതിക്കു മുമ്ബാകെ രേഖപ്പെടുത്തുന്നതിന്റെ സാധ്യത പരിശോധിക്കുന്നുണ്ട്. കിരണിനെതിരെ തെളിവുകള്‍ ശക്തമാണെന്നും ഐജി പറഞ്ഞു.
ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് കഴിഞ്ഞദിവസം അന്വേഷകസംഘത്തിന് കൈമാറിയതായി ഫോറന്‍സിക് ഡയറക്ടര്‍ ഡോ. ശശികല പറഞ്ഞു. ചോദ്യംചെയ്യാനും തെളിവു ശേഖരണത്തിനുമായി കിരണിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയതായി അന്വേഷണച്ചുമതലയുള്ള ശാസ്താംകോട്ട ഡിവൈഎസ്പി രാജ്കുമാര്‍ പറഞ്ഞു. തൂങ്ങിമരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധനാഫലം ലഭിച്ചിട്ടില്ല. കിരണിന്റെ സഹോദരി ഭര്‍ത്താവ് മുകേഷിനെ വീണ്ടും ചോദ്യംചെയ്യും. വിസ്മയയുടെ കുടുംബം മുകേഷിനെതിരെ മൊഴി നല്‍കിയിരുന്നു. പരമാവധി ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷകസംഘം. കിരണ്‍ നേരത്തെ നശിപ്പിച്ച വിസ്മയയുടെ ഫോണ്‍ മരണത്തിനുശേഷം പൊലീസ് കണ്ടെടുത്തിരുന്നു. ഇരുവരുടേയും മൂന്നു ഫോണുകള്‍ സൈബര്‍ സെല്ലിന് കൈമാറി. സൈബര്‍സെല്ലിന്റെ സഹായത്തോടെ എല്ലാ സന്ദേശങ്ങളും ക്രമപ്പെടുത്തി തെളിവുകള്‍ ബലപ്പെടുത്തും.
വിസ്മയയുടെ അടുത്ത ചില കൂട്ടുകാരില്‍നിന്ന് ഇതിനകം അന്വേഷകസംഘം വിവരം ശേഖരിച്ചു. എറണാകുളം, ആലപ്പുഴ, ഓച്ചിറ, ചവറ, നിലമേല്‍ എന്നിവിടങ്ങളിലെ സുഹ്യത്തുക്കളും ബന്ധുക്കളുമായ ചിലരുടെ മൊഴി കൂടി രേഖപ്പെടുത്തും. ശൂരനാട്, ശാസ്താംകോട്ട എസ്എച്ച്ഒമാര്‍, എസ്‌ഐമാര്‍ ഉള്‍പ്പെടെ പത്തംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്. വിസ്മയയുടെ നിലമേലിലുള്ള വീട്ടില്‍ വെള്ളിയാഴ്ച മന്ത്രിമാരായ കെ രാജന്‍, ജി ആര്‍ അനില്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
https://www.facebook.com/Malayalivartha




















