എല്ലാം മായം മറിമായം... സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ പുറകേ പോയ അന്വേഷണ സംഘങ്ങള്‍ക്ക് ഒന്നും കിട്ടാതിരിക്കെ മലബാര്‍ കേന്ദ്രീകരിച്ച് മറ്റൊരു സ്വര്‍ണ കഥ; അര്‍ജുന്‍ ആയങ്കി കേന്ദ്ര കഥാപാത്രമായ സ്വര്‍ണ കവര്‍ച്ചാ കേസ് വഴിത്തിരിവിലേക്ക്; സ്വര്‍ണക്കവര്‍ച്ച ദുബായ് കേന്ദ്രീകരിച്ച്, വിവരം കൈമാറിയത് ഒരേ ഏജന്റ്

സ്വര്‍ണക്കടത്തും സ്വപ്നയും എങ്ങുമെങ്ങും എത്താതിരിക്കേയാണ് മലബാര്‍ കേന്ദ്രീകരിച്ച് മറ്റൊരു സ്വര്‍ണ കഥ വരുന്നത്. അര്‍ജുന്‍ ആയങ്കി ഉള്‍പ്പെട്ട സ്വര്‍ണക്കവര്‍ച്ചാ സിന്‍ഡിക്കറ്റിന്റെ ബുദ്ധികേന്ദ്രം ദുബായില്‍ ആണെന്നു സ്ഥിരീകരിച്ചു. വിദേശത്തുനിന്നു സ്വര്‍ണം വാങ്ങി കാരിയര്‍മാരെ ഉപയോഗിച്ച് ഇന്ത്യയിലേക്കു കടത്തുന്ന സംഘങ്ങള്‍ക്കും ഇതു തട്ടിയെടുക്കുന്നവര്‍ക്കും ഇടയില്‍ ഏജന്റുമാര്‍ 'ഡബിള്‍ ഗെയിം' കളിക്കുന്നതായാണു സൂചന.
ഇരുപക്ഷത്തു നിന്നും ഇവര്‍ കടത്തുകൂലി കൈപ്പറ്റും. വിലപേശുന്ന കടത്തുകാരെ കസ്റ്റംസിനും ഡിആര്‍ഐക്കും ഒറ്റി പാരിതോഷികവും സ്വന്തമാക്കും. പിടിയിലായ മുഹമ്മദ് ഷഫീഖാണ് ഈ കള്ളക്കളി വെളിപ്പെടുത്തിയത്.
സ്വര്‍ണക്കടത്തുകാരും ഗുണ്ടകളും പരസ്പരം പിന്തുടര്‍ന്ന് കോഴിക്കോട് രാമനാട്ടുകരയില്‍ 5 പേര്‍ മരിക്കാനിടയായതാണ് സ്വര്‍ണക്കടത്തിനും കവര്‍ച്ചയ്ക്കും പിന്നിലെ കള്ളി വെളിച്ചത്തു കൊണ്ടുവന്നത്. ഷഫീഖിനെയും അര്‍ജുനെയും ഒരുമിച്ചു ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണു പ്രതീക്ഷ.
കരിപ്പൂര്‍ വഴി സ്വര്‍ണം കടത്തുന്ന കൊടുവള്ളി സംഘത്തിനും അര്‍ജുന്‍ നേതൃത്വം നല്‍കുന്ന കവര്‍ച്ചാ സംഘത്തിനും ഇടയില്‍ ഡബിള്‍ ഗെയിം കളിച്ചതു ജലീലെന്ന ഏജന്റാണെന്നാണു വിവരം.
കൊടുവള്ളി സംഘത്തിനുള്ള 2.33 കിലോഗ്രാം സ്വര്‍ണം ഷഫീഖിനെ ഏല്‍പിച്ചതു ജലീലാണ്. ഷഫീഖ് സ്വര്‍ണം കൊണ്ടുവരുന്ന വിവരം ആയങ്കിക്കു കൈമാറിയതും ഇയാള്‍ തന്നെ. കാരിയറായ ഷഫീഖിനെ പരിചയപ്പെടുത്തി അവര്‍ക്കിടയില്‍ വിലപേശലിനു വഴിയൊരുക്കി.
ഷഫീഖിന്റെ പക്കല്‍ സ്വര്‍ണമുള്ള വിവരം കസ്റ്റംസിനു കൈമാറിയതും ജലീലാണെങ്കില്‍ വിവരം നല്‍കുന്നവര്‍ക്കു ലഭിക്കുന്ന നിയമപരമായ സംരക്ഷണം ഇയാള്‍ക്കു ലഭിക്കും. സലീം, മുഹമ്മദ് എന്നിവര്‍കൂടി ദുബായ് സംഘത്തിലുണ്ട്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചു സ്വര്‍ണക്കവര്‍ച്ചാ സംഘങ്ങളുടെ കണ്ണികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദുബായിലെ ഏജന്റുമാരുടെ സഹായത്തോടെ കാരിയര്‍മാരെത്തന്നെ വശത്താക്കി സ്വര്‍ണം കവരുന്നതാണു ഫലപ്രദമായ മാര്‍ഗമായി കവര്‍ച്ചക്കാര്‍ കരുതുന്നത്. ചെര്‍പ്പുളശേരി, പെരുമ്പാവൂര്‍, ആറ്റിങ്ങല്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ഇത്തരം ക്വട്ടേഷന്‍ സംഘങ്ങളുണ്ട്.
കവര്‍ച്ചയ്ക്കു ശേഷം മറിച്ചുവില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ടായാല്‍ കടത്തുകാരോടു തന്നെ വിലപേശി സ്വര്‍ണം തിരികെ നല്‍കുന്ന ഏര്‍പ്പാടുമുണ്ട്. ഇത്തരം കുറ്റകൃത്യങ്ങളില്‍ പൊലീസിന്റെ ഇടപെടല്‍ ഒഴിവാക്കാന്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധം സൂക്ഷിക്കുന്നതാണ് ഇവരുടെ രീതി.
കരിപ്പൂര്‍ സ്വര്‍ണക്കടത്തു ക്വട്ടേഷന്‍ കേസില്‍ കണ്ണൂര്‍ അഴീക്കോട് സ്വദേശി അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. സ്വര്‍ണക്കടത്തിലും കവര്‍ച്ചയ്ക്കുള്ള ക്വട്ടേഷനുകളിലുമുള്ള പങ്കാളിത്തം അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണിത്.
ഒന്‍പതു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ തുടര്‍ച്ചയായി കുറ്റം നിഷേധിച്ച അര്‍ജുന്‍ തെളിവുകള്‍ നിരത്തിയുള്ള ശാസ്ത്രീയ ചോദ്യംചെയ്യലില്‍ പതറിയെന്നും സ്വര്‍ണം കടത്തുന്നതിനിടെ പിടിയിലായ മുഹമ്മദ് ഷഫീഖിനെ കസ്റ്റംസിനു കസ്റ്റഡിയില്‍ ലഭിച്ച കാര്യമറിഞ്ഞതോടെ നിര്‍ണായക വെളിപ്പെടുത്തലുകള്‍ക്കു തയാറായെന്നുമാണ് വിവരം
സ്വര്‍ണക്കടത്തിന്റെ മുഖ്യകണ്ണിയും സൂത്രധാരനും അര്‍ജുനാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കള്ളക്കടത്തു സ്വര്‍ണം അര്‍ജുനും സംഘവും ആര്‍ക്കെല്ലാം കൈമാറി, കള്ളക്കടത്തിനുള്ള പണം നല്‍കിയതാരെല്ലാം, രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നത് എങ്ങനെ തുടങ്ങിയ ചോദ്യങ്ങള്‍ക്കാണു കസ്റ്റംസ് ഇനി ഉത്തരം തേടുക.
"
https://www.facebook.com/Malayalivartha























