ഒന്നും മറച്ചുവയ്ക്കാനില്ല... ലക്ഷദ്വീപില്‍ താനനുഭവിച്ച വേദനകള്‍ സിനിമയാക്കാനുറച്ച് ആയിഷ സുല്‍ത്താന; താന്‍ കടന്നുപോയ പ്രതിസന്ധികളെപ്പറ്റി ആളുകള്‍ക്കു വ്യക്തമായി മനസിലാക്കാന്‍ ഇതാണ് നല്ല വഴി; തീവ്രവാദിയാക്കാന്‍ ശ്രമിച്ചാല്‍ മിണ്ടാതിരിക്കില്ല

ആയിഷ സുല്‍ത്താന തോറ്റ് പിന്‍മാറിയെന്ന് കരുതിയവര്‍ക്ക് തെറ്റി. ലക്ഷദ്വീപ് വിഷയത്തിലെ സ്വന്തം അനുഭവങ്ങള്‍ പശ്ചാത്തലമാക്കി സിനിമ സംവിധാനം ചെയ്യുമെന്ന് ആയിഷ സുല്‍ത്താന. സിനിമാരൂപത്തില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ താന്‍ കടന്നുപോയ പ്രതിസന്ധികളെപ്പറ്റി ആളുകള്‍ക്കു വ്യക്തമായി മനസ്സിലാക്കാനാവുമെന്നും അവര്‍ പറഞ്ഞു.
തീവ്രവാദിയാക്കാന്‍ ശ്രമിച്ചാല്‍ മിണ്ടാതിരിക്കില്ലെന്നും മറ്റു രാജ്യങ്ങളുമായി ബന്ധമുണ്ടെന്നും അവിടെനിന്നു പണം വരുന്നുണ്ടെന്നും സ്ഥാപിക്കാനുള്ള ശ്രമമാണു തന്നെ ചോദ്യം ചെയ്തതിലൂടെ പൊലീസ് നടത്തിയതെന്നും ആയിഷ അഭിപ്രായപ്പെട്ടു.
അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനു തനി ബിസിനസ് താല്‍പര്യങ്ങളാണ്. മറ്റ് എവിടെയോ പരീക്ഷിച്ച മാതൃക ദ്വീപില്‍ കോപ്പി പേസ്റ്റ് ചെയ്യാനാണ് അദ്ദേഹം ശ്രമിക്കുന്നത്.
സ്വന്തം മകന്റെയും കുടുംബത്തിന്റെയും ബിസിനസ് താല്‍പര്യങ്ങളാണ് അദ്ദേഹത്തിന്റെ പ്രേരണ. മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ ആരും ഒരു പ്രശ്‌നവും ഉണ്ടാക്കിയിട്ടില്ല. അഡ്മിനിസ്‌ട്രേറ്ററെ മോദി സര്‍ക്കാര്‍ മാറ്റും എന്നുതന്നെയാണു പ്രതീക്ഷ. ദ്വീപില്‍ വികസനം വരണം എന്നുതന്നെയാണ് ആഗ്രഹം. പക്ഷേ, അതു ദ്വീപിനു താങ്ങുന്നതില്‍ കൂടുതല്‍ ആകരുതെന്നും ആയിഷ പറഞ്ഞു.
ചാനല്‍ ചര്‍ച്ചയിലെ ഒരു വാക്കിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി പരാമര്‍ശം വന്നപ്പോള്‍ എനിക്ക് ആശ്വാസമായി. എന്നാല്‍, വിധി വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ എന്നോട് എന്തോ വാശി തീര്‍ത്തതുപോലെയായി ഫോണ്‍ പിടിച്ചെടുക്കല്‍. ഒരുപക്ഷേ ഭയപ്പെടുത്താനാകും, വിഷമിപ്പിക്കാനും ബുദ്ധിമുട്ടിക്കാനുമാകും. അത് സാരമില്ല. ദ്വീപിലെ ജനങ്ങള്‍ക്കൊപ്പം ധീരമായി നില്‍ക്കും.
ആദ്യദിവസം മൂന്നുമണിക്കൂര്‍, പിന്നെ രണ്ടുദിവസം എട്ടരമണിക്കൂര്‍. ഈ ചോദ്യം ചെയ്യല്‍ കഴിഞ്ഞ് ദ്വീപില്‍നിന്ന് മടങ്ങാന്‍ പറഞ്ഞത് വ്യാഴാഴ്ച വൈകിട്ട്. വെള്ളിയാഴ്ച ആര്‍ടിപിസിആര്‍ ടെസ്റ്റ് കഴിഞ്ഞ് ഫലം കാത്തിരിക്കുകയായിരുന്നു. ഹൈക്കോടതി വിധി വന്ന് മിനിറ്റുകള്‍ക്കുള്ളില്‍ വീണ്ടും പൊലീസ് വിളിച്ചു. ചെന്ന ഉടന്‍ ഫോണ്‍ വാങ്ങിവച്ചു. ഒരു നമ്പര്‍പോലും എഴുതിയെടുക്കാന്‍ അനുവദിച്ചില്ല.
ഉമ്മയുടെ ഒരു സഹോദരന്‍ എറണാകുളത്തും മറ്റൊരു സഹോദരന്‍ മംഗലാപുരത്തും ആശുപത്രിയില്‍ ചികിത്സയിലാണ്. കൊച്ചിയിലാണ് ഉമ്മയും അനുജനും ഉള്‍പ്പെടുന്ന കുടുംബമുള്ളത്. ഇതെല്ലാം പറഞ്ഞു. അവര്‍ സമ്മതിച്ചില്ല. കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും നോക്കുന്ന എനിക്ക് അത് വലിയ ബുദ്ധിമുട്ടായി...
കോടതിയില്‍നിന്ന് നീതി ലഭിച്ചു. ചോദ്യം ചെയ്യലിനോട് പൂര്‍ണമായി സഹകരിച്ചു. രാജ്യദ്രോഹക്കുറ്റം എങ്ങനെ നിലനില്‍ക്കുമെന്നാണ് കോടതി ചോദിച്ചത്'. രാജ്യത്തിന് എതിരായല്ല, ദ്വീപിലെ ജനവിരുദ്ധ പരിഷ്‌കാരങ്ങളെയാണ് വിമര്‍ശിച്ചതെന്നും ആയിഷ വ്യക്തമാക്കി.
അറസ്റ്റ് പ്രതീക്ഷിച്ചാണ് കവരത്തി പൊലീസ് സ്‌റ്റേഷനില്‍ ചോദ്യംചെയ്യലിനു ഹാജരായത്. തനിക്കെതിരായ നിയമ നടപടികള്‍ അജന്‍ഡയുടെ ഭാഗമാണ്. ഉമ്മയുടെയും സഹോദരന്റെയും അക്കൗണ്ട് വിവരങ്ങളടക്കം ഈ ദിവസങ്ങളില്‍ പൊലീസ് പരിശോധിച്ചു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി മടങ്ങിക്കൊള്ളാന്‍ പറഞ്ഞിട്ടും തന്റെ ഫോണ്‍ പിടിച്ചെടുത്തത് എന്തിനെന്ന് അറിയില്ല. താന്‍ ദ്വീപില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നതു നുണക്കഥയായിരുന്നെന്നും അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























