അര്‍ജുനെയും ആകാശിനെയുമല്ല പാര്‍ട്ടി പിടിച്ചത്: പി. ജയരാജനെ ! സി പി എമ്മിന്റെ കണ്ണിലെ കരടായ പി.ജയരാജന് പാര്‍ട്ട് നല്‍കിയ ക്വട്ടേഷനാണ് അര്‍ജുന്‍ ആയങ്കി.... ആയങ്കിയെ തള്ളിയതോടെ സി പി എം യഥാര്‍ത്ഥത്തില്‍ തള്ളിപറഞ്ഞത് പി.ജയരാജനെ

സി പി എമ്മിന്റെ കണ്ണിലെ കരടായ പി.ജയരാജന് പാര്‍ട്ട് നല്‍കിയ ക്വട്ടേഷനാണ് അര്‍ജുന്‍ ആയങ്കി. ആയങ്കിയെ തള്ളിയതോടെ സി പി എം യഥാര്‍ത്ഥത്തില്‍ തള്ളിപറഞ്ഞത് പി.ജയരാജനെ തന്നെയാണ്.
ഐ. ആര്‍.പി.സി എന്ന ജയരാജന്റെ സംഘടനയുടെ നട്ടെല്ലാണ് അര്‍ജൂന്‍ ആയങ്കിയും ആകാശ് തില്ലങ്കേരിയും അടക്കമുള്ള യുവ നേതാക്കള്‍. ജയരാജന്റെ പേരിലുള്ള പി.ജെ. ആര്‍മി സമൂഹമാധ്യമ കൂട്ടായ്മയുടെ നട്ടെല്ലാണ് ഇവര്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ ജയരാജന് സീറ്റ് നിഷേധിച്ചപ്പോള്‍ ആകാശും അര്‍ജുനനും അടങ്ങുന്ന പി ജെ ആര്‍മിയാണ് പിണറായിക്കും സി പിഎമ്മിനുമെതിരെ രംഗത്തെത്തിയത്.
രാമനാട്ടുകരയില്‍ അഞ്ച് പേര്‍ കാറപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് സ്വര്‍ണ്ണക്കടത്തിലേക്ക് സര്‍ക്കാരിന്റെ ശ്രദ്ധ പതിഞ്ഞത്. സ്വര്‍ണ്ണം തട്ടിയെടുക്കുന്ന സംഘത്തിലേക്കും അതുവഴി അര്‍ജുന്‍ ആയങ്കിയിലേക്കും വിവാദത്തെ എത്തിച്ചത് കണ്ണൂര്‍ സി പി എമ്മിലെ ഒരു വിഭാഗം തന്നെയാണ്.
സ്വര്‍ണക്കടത്ത് കേസില്‍ ആദ്യം പിടിയിലായ മുഹമ്മദ് ഷഫീഖ് കടത്തിയ സ്വര്‍ണത്തില്‍ രണ്ടരക്കിലോ അര്‍ജുന്‍ ആയങ്കിക്ക് വേണ്ടിയാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിനായി അര്‍ജുന്‍ ആയങ്കിയോട് ഹാജരാവാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടത്. അതിന് മുമ്പ് തന്നെ ആയങ്കിയുടെ വിശദാംശങ്ങള്‍ സി പി എം വെളിപ്പെടുത്തിയിരുന്നു.
കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ കള്ളക്കടത്ത് സ്വര്‍ണ്ണം കടത്താനും അത് തട്ടിയെടുക്കാനുമായി നിരവധി സംഘങ്ങള്‍ അന്നേ ദിവസം എത്തിയിരുന്നു. സംഭവദിവസം അര്‍ജുന്‍ ആയങ്കിയും കരിപ്പൂരില്‍ എത്തിയതിന്റെ തെളിവ് പുറത്തുവന്നിരുന്നു. കടത്തിക്കൊണ്ടുവന്ന സ്വര്‍ണം വിമാനത്താവളത്തില്‍ വച്ച് കസ്റ്റംസ് പിടികൂടിയതോടെയാണ് പദ്ധതി പൊളിഞ്ഞത്.
അര്‍ജുന്‍ എത്തിയ ചുവന്ന സ്വിഫ്റ്റ് കാര്‍ പിന്നീട് കണ്ണൂര്‍ അഴീക്കോട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെടുകയും പോലീസ് എത്തും മുന്നെ അവിടെ നിന്ന് മാറ്റുകയും ചെയ്തു. എന്നാല്‍ ഞായറാഴ്ച മറ്റൊരിടത്ത് കാര്‍ കണ്ടെത്തി. ഡിവൈഎഫ്‌ഐ നേതാവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കാറിലാണ് അര്‍ജുന്‍ എത്തിയതെന്ന് തെളിഞ്ഞതോടെ ഈ വാഹന ഉടമയെ ഡിവൈഎഫ്‌ഐയില്‍ നിന്ന് പിന്നീട് പുറത്താക്കി.
കള്ളക്കടത്ത് സ്വര്‍ണ്ണം തട്ടിയെടുക്കുന്ന ശൈലി പലതവണ അര്‍ജുന്‍ ആയങ്കി നടത്തിയതായാണ് കസ്റ്റംസിന് വിവരം ലഭിച്ചത്. അങ്ങനെ എങ്കില്‍ എത്ര തവണ എത്ര അളവിലുള്ള സ്വര്‍ണം തട്ടിയെടുത്തു, സംഘത്തില്‍ ആയങ്കിയെ കൂടാതെ മറ്റ് ആര്‍ക്കൊക്കെ പങ്ക് എന്നീ കാര്യങ്ങളില്‍ വിശദമായ ചോദ്യം ചെയ്യലോടെ വിവരം ലഭിക്കുമെന്നാണ് കസ്റ്റംസ് കരുതുന്നത്. അര്‍ജുന്‍ ഇരുപതോളം തവണ ഇത്തരത്തില്‍ കളളക്കടത്ത് സ്വര്‍ണം തട്ടിയെടുത്തെന്നാണ് സംശയിക്കുന്നത്. അര്‍ജുന്‍ ആയങ്കി സിപിഎം നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന പഴയ ചിത്രങ്ങള്‍ ഇതിനിടെ പുറത്തുവന്നിരുന്നു. ഡിവൈഎഫ്‌ഐയില്‍ നിന്ന് അര്‍ജുനെ നേരത്തെ തന്നെ പുറത്താക്കിയെന്ന് സംഘടന അറിയിച്ചിരുന്നു.
ഇതിനിടയിലാണ് ആകാശ് തില്ലങ്കേരിയും വിവാദത്തിന്റെ ഒറ്റഫ്രെയിമിലേക്ക് കടന്നുവന്നത്. ഡി വൈ എഫ് ഐയുടെ സൈബര്‍ സഖാവായ ആകാശ് തില്ലങ്കേരി ജയരാജന്റെ വിശ്വസ്തനാണ്. തോറ്റു പോകും ഒറ്റപ്പെടും എങ്കിലും ആരുടെ കാലും പിടിക്കരുത്.... എന്ന് തില്ലങ്കേരി തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു. അതിന് മറുപടിയായി വന്ന കമന്റിന് താഴെയാണ് ആകാശ് പാര്‍ട്ടിയെ വെല്ലുവിളിച്ചത്.
ആകാശിനെയും അര്‍ജുനെയും സ്‌കച്ച് ചെയ്യുന്നതിനു മുമ്പ് പാര്‍ട്ടി പി. ജയരാജനെ അകത്ത് കയറ്റി. പി. ജയരാജനെ പാര്‍ട്ടിക്ക് വേണം. എന്നാല്‍ പാര്‍ട്ടിക്ക് ക്വട്ടേഷന്‍ സംഘങ്ങളെ ഇല്ലാതാക്കണം.പിണറായിക്ക് എതിരെ നില്‍ക്കുന്ന എല്ലാവരെയും ഇല്ലാതാക്കണം.അതിനുള്ള ശ്രമമാണ് ഇപ്പോള്‍ കണ്ണൂരില്‍ നടക്കുന്നത്. ആകാശിനെയും അര്‍ജുനെയും ഇല്ലാതാക്കാന്‍ വേണമെങ്കില്‍ സി പി എം ബി ജെ പിയുടെ സഹായവും തേടും.
കണ്ണൂരില്‍ പാര്‍ട്ടിക്ക് അടിമകളെ മാത്രമാണ് വേണ്ടത്. അവര്‍ക്ക് ജയരാജനെ വേണ്ട.അതുകൊണ്ടാണ് പി. ജയരാജന്‍ തന്നെ ആകാശിനെയും അര്‍ജുനെയും തള്ളി പറഞ്ഞത്. ഇതിനിടയില്‍ പി.ജെ. ആര്‍മി യുടെ പേജ് റെഡ് ആര്‍മി എന്നാക്കി മാറ്റി. ഏതായാലും പി. ജയരാജന്റെ ചീട്ട് കീറാന്‍ ആകാശും അര്‍ജുനുമെത്തുമോ എന്ന് കണ്ടറിയാം.
https://www.facebook.com/Malayalivartha























