ഭർത്താവിന് ലഹരി കിട്ടുന്നത് തിളച്ച പാല്‍ ഭാര്യയുടെ ചെവിയിലൊഴിച്ച് അവൾ വേദനകൊണ്ടു പുളയുമ്പോൾ... അല്ലെങ്കിൽ തലയ്ക്കടിച്ച് ചോര പൊട്ടിയൊഴുകുന്നത് കാണുമ്പോൾ ... കടുത്ത പീഡനത്തില്‍ വിരല്‍ ഒടിഞ്ഞു തൂങ്ങി... ഭർത്താവിന്റെ പീഡനം കാരണം നാടുവിട്ടോടിയ അദ്ധ്യാപിക കുട്ടികളെ കാണുന്നത് പോലും വീഡിയോ കോളിലൂടെ ...

കേരളത്തിലിപ്പോൾ ഏറ്റവും കൂടുതൽ പറഞ്ഞു കേൾക്കുന്നത് ഭര്‍തൃ പീഡനങ്ങളുടെ അനുഭവ കഥകളാണ്. ഇതുവരെ നിശബ്ധരായിരുന്ന സ്ത്രീകൾ സമാന അനുഭവമുള്ളവരുടെ കഥകൾ പുറത്തുവരാൻ തുടങ്ങിയതോടെ സ്വന്തം അനുഭവങ്ങളും പങ്കു വെയ്ക്കാൻ തുടങ്ങി. അല്ലെങ്കിൽ അതിനുള്ള ധൈര്യം വൈകിയാണെങ്കിലും കാണിച്ചു തുടങ്ങി എന്നുവേണം കരുതാൻ . ചെറിയ കുട്ടികളും വീട്ടമ്മമാരും മാത്രമല്ല ഇത്തരം ദുരവസ്ഥയ്ക്ക് പാത്രമാകുന്നത്.
അത്തരത്തില്‍ ഭര്‍ത്താവിന്റെ ക്രൂരപീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്ന യുവതിയുടെ ദുരനുഭവമാണ് പുറത്തു വരുന്നത്. ആലപ്പുഴയിലാണ് സംഭവം. ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം പേടിച്ച് അയല്‍ സംസ്ഥാനത്ത് ജോലി ചെയ്തു വരികയാണ് അധ്യാപികയായ സുചിത്ര എസ്.നായര്‍.
ഭര്‍ത്താവിന്‍റെ പീഡനം പേടിച്ച് നാട്ടിലെ ജോലി ഉപേക്ഷിച്ച് അയല്‍ സംസ്ഥാനത്ത് ജോലി ചെയ്ത് അധ്യാപിക. ആലപ്പുഴ സ്വദേശിയായ സുചിത്ര എസ്.നായര്‍ എന്ന അധ്യാപികയാണ് ഭര്‍ത്താവിന്‍റെ പീഡനം കാരണം അയല്‍ സംസ്ഥാനത്ത് ജോലി ചെയ്യുന്നത്. എന്നാൽ വിവാഹത്തിന് സുചിത്രയുടെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ ഉപയോഗിച്ച് പണയത്തിന് വീടെടുത്തു താമസിച്ചു വരികയാണ് സുചിത്രയുടെ ഭര്‍ത്താവ്.
സുചിത്രയുടെ അമ്മയും രണ്ടു മക്കളും കഴിയുന്നതും ഇവിടെ തന്നെയാണ് .എങ്കിലും വല്ലപ്പോഴും നാട്ടിലെത്തിയാൽ സുചിത്ര പേടിച്ച് പുറത്തിറങ്ങാറില്ല. മക്കളെ വിഡിയോ കോളിലൂടെയാണ് കാണുന്നത്.
12 കൊല്ലം മുന്‍പായിരുന്നു ആലപ്പുഴ സ്വദേശിയായ വിശാലുമായി സുചിത്രയുടെ വിവാഹം. കുറച്ചു കാലത്തിനുശേഷം മാനസികവും ശാരീരികവുമായ പീഡനം തുടങ്ങി. ഭര്‍ത്താവിന്‍റെ കടുത്ത മദ്യപാനവും മര്‍ദനവും ജീവിതം നരക തുല്യമാക്കി. തിളച്ച പാല്‍ ചെവിയിലൊഴിച്ചും തലയ്ക്കടിച്ചുമായിരുന്നു അയാള്‍ ലഹരിക്കണ്ടെത്തിയിരുന്നത്. പീഡനത്തില്‍ തല്ലി ഒടിച്ച വിരല്‍ ഇപ്പോഴും പൂര്‍വ്വ സ്ഥിതിയിലേക്ക് മാറിയിട്ടില്ല.
സ്വകാര്യ സ്കൂളില്‍ അധ്യാപികയായിരുന്ന സുചിത്ര നര്‍ത്തകി കൂടിയാണ്. കുട്ടികള്‍ക്ക് നൃത്ത പരിശീലനവും നല്‍കിയിരുന്നു. എന്നാൽ ഭര്‍ത്താവ് അതെല്ലാം തടസ്സപ്പെടുത്തി.
തിളച്ച പാല്‍ ചെവിയിലൊഴിച്ചും തലയ്ക്കടിച്ചുമുള്ള ക്രൂര പീഡനങ്ങൾ നേരിൽ കണ്ടപ്പോൾ ചോദ്യം ചെയ്ത സുചിത്രയുടെ അച്ഛനേയും ഇയാള്‍ ഉപദ്രവിച്ചു.
ക്രൂര മര്‍ദ്ദനം സഹിക്കവയ്യാതെ 2017 മുതല്‍ ആലപ്പുഴ നോര്‍ത്ത് സ്റ്റേഷനിലും ഡിവൈഎസ്പിക്കും ജില്ലാ പൊലീസ് മേധാവിക്കുമായി നിരവധി പരാതികള്‍ നല്‍കിയിട്ടും ഭര്‍ത്താവിന് താക്കീത് ചെയ്തു വിടുന്നതെല്ലാതെ മറ്റു നടപടികളൊന്നും പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല എന്ന് സുചിത്ര പറയുന്നു .
ഗാര്‍ഹിക പീഡനത്തില്‍നിന്ന് സംരക്ഷണം നല്‍കണമെന്ന കോടതി ഉത്തരവും പാലിക്കപ്പെട്ടില്ല. കുട്ടികളുടെ മുന്‍പിലിരുന്ന് മദ്യപിക്കുന്നതും അസഭ്യം പറയുന്നതും തടയണമെന്ന ബാലാവകാശ കമ്മിഷന്‍റെ നിര്‍ദേശവും ഇതുവരെ നടപ്പായില്ല. സ്വസ്ഥമായി ജീവിക്കാന്‍ ഇനി എന്തു ചെയ്യുമെന്നാണ് സുചിത്ര ചോദിക്കുന്നത്
കേരളത്തിൽ സ്‌ത്രീധനപീഡനം നേരിടുന്നത് ഭൂരിഭാഗവും മധ്യ– ഉന്നത വർഗ കുടുംബത്തിലുള്ളവരിലാണ് . സ്വന്തമായി വരുമാനമില്ലാത്തതും പ്രശ്നം നേരിടാനുള്ള ധൈര്യക്കുറവുമാണ് മിക്ക കേസുകളിലും പീഡനം സഹിക്കുന്നതിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്നത്.
സ്‌ത്രീകൾക്ക് തൊഴിലില്ലാതിരുന്നതിനാൽ മകളുടെ സുരക്ഷയ്‌ക്കും സുഖജീവിതത്തിനുമായിരുന്നു പണ്ട് സ്‌ത്രീധനം കൊടുത്തിരുന്നത്. പിന്നീടിത് പുരുഷന്മാരുടെ അവകാശമായി മാറി . ജോലിയും വിദ്യാഭ്യാസവുമൊക്കെ ഉണ്ടെങ്കിലും സ്ത്രീധനം സാമൂഹ്യ പദവിയുടെ അളവുകോലായി രൂപാന്തരപ്പെട്ടു.
തെക്കൻ കേരളത്തിലാണ് ഏറ്റവും കൂടുതൽ സ്ത്രീധന സമ്പ്രദായം നിലനിൽക്കുന്നത് . മറ്റു ജില്ലകളിൽ സ്ത്രീധനം ഇല്ലെന്നല്ല, എന്നാൽ തെക്കൻ കേരളത്തിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ ഇരുനൂറോളം സ്‌ത്രീധന മരണങ്ങളുണ്ടായി എന്നതും ശ്രദ്ധേയമാണ് .
കേരളത്തിൽ സ്ത്രീധന നിരോധന നിയമം നിലവിലുണ്ടെങ്കിലും മകളെ കല്യാണം കഴിയ്ക്കാൻ വരുന്നവർ സ്ത്രീധനം ആവശ്യപ്പെട്ടു എന്ന് പരാതി നല്‍കാന്‍ ആരും മുതിരാറില്ല . റീജിയണല്‍ ഓഫീസര്‍മാര്‍ക്ക് മുമ്പില്‍ വളരെ വിരളമായേ ഇത്തരം പരാതികൽ എത്തുന്നുള്ളൂ .
നിയമം അനുസരിച്ച് സ്ത്രീധനം വാങ്ങുന്നവരും കൊടുക്കുന്നവരും ഒരുപോലെ കുറ്റക്കാരാകും എന്നതിനാലാകാം ഇത്. പെണ്മക്കളുടെ വീട്ടുകാരും സ്വന്തം ആഢ്യത്തം കാണിക്കാനായി സ്വർണവും പണവും കാറുമൊക്കെ കൊടുത്ത് മകളെ ഭർതൃവീട്ടിലേയ്ക്ക് പറഞ്ഞയക്കുന്നു .
ആരെങ്കിലും കൊല്ലപ്പെടുമ്പോഴോ കടുത്ത പീഡനം മൂലം വീട് വിട്ടിറങ്ങേണ്ടി വരുമ്പോഴോ മാത്രമാണ് പിന്നീട് സമാന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് . ഈ സ്ഥിതി മാറേണ്ടതുണ്ട്. അതിനായി വിദ്യാസമ്പന്നരായ ആൾക്കാരെങ്കിലും മുന്നിട്ടിറങ്ങേണ്ടതുണ്ട് .
https://www.facebook.com/Malayalivartha