ഐ എസ് ആർ ഓ ചാരക്കേസിൽ ഉദ്യോഗസ്ഥരുടെ ഗൂഢാലോചന... നമ്പി നാരായണനെതിരെയുള്ള ഹർജി നിലനിൽക്കില്ലെന്ന് സിബിഐ, സിജെഎം കോടതി 23 ന് ഉത്തരവ് പറയും...

രാജ്യത്തെ പിടിച്ചു കുലുക്കി കോളിളക്കം സൃഷ്ടിച്ച ഐ എസ് ആർ ഒ വ്യാജ ചാര വൃത്തിക്കേസിന് പിന്നിലുള്ള ഉദ്യോസ്ഥരുടെ ഗൂഢാലോചനാ കേസിൽ ഒന്നാം പ്രതിയായ മുൻ പേട്ട സർക്കിൾ ഇൻസ്പെക്ടർ എസ്. വിജയൻ കേസിൽ ഇരയായ നമ്പി നാരായണനെതിരെ നൽകിയ ഹർജി നിലനിൽക്കില്ലെന്ന് സിബിഐ.
ഹർജി പരിഗണിച്ച തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിലാണ് വിജയൻ്റെ ഹർജിയെ സിബിഐ സീനിയർ പ്രോസിക്യൂട്ടർ മനോജ് കുമാർ ശക്തമായി എതിർത്തത്.
നമ്പി നാരായണൻ്റെ സ്വത്തു അഴിമതിയിലൂടെ കൈമാറിയെന്ന ഹർജി പരിഗണിക്കാൻ സി.ജെ.എം കോടതിക്കധികാരമില്ല. അറസ്റ്റു ഭയന്നുള്ള പ്രതിയുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതിയുടെ പരിഗണനയിലുമാണ്.
ഈ സാഹചര്യത്തിലാണ് യാതൊരു ഉദ്ദേശ്യശുദ്ധിയുമില്ലാതെ ഹർജി വന്നിരിക്കുന്നത്. ശുദ്ധമായ കരങ്ങളോടെയല്ലാ ഹർജിക്കാരൻ കോടതിയെ സമീപിച്ചിട്ടുള്ളത്.സി ജെ എം കോടതിക്ക് കോഗ്നിസൻസ് എടുത്ത് കേസെടുക്കാനോ അന്വേഷണം നടത്താനോ വിചാരണ നടത്താനോ അധികാര പരിധിയില്ലാത്ത ഹർജി കോടതി ചെലവ് സഹിതം തള്ളണമെന്നും സി ബി ഐ പ്രോസിക്യൂട്ടർ വാദിച്ചു. ഹർജിയിൽ സി ജെ എം 23 ന് വിധി പറയും.
എസ്.വിജയൻ , വഞ്ചിയൂർ എസ്. ഐ തമ്പി. എസ് ദുർഗാ ദത്ത് , സിറ്റി പോലീസ് കമ്മീഷണർ വി. ആർ. രാജീവൻ , ഡിവൈഎസ്പി കെ.കെ. ജോഷ്വ , സ്റ്റേറ്റ് ഇൻ്റലിജൻറ്സ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ രവീന്ദ്രൻ , ഇൻറലിജൻ്റ്സ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ആർ.ബി. ശ്രീകുമാർ , അസിസ്റ്റൻ്റ് ഡയറക്ടർ സി.ആർ.ആർ.നായർ , ഡി സി ഐ ഒ ജി.എസ്. നായർ , ബി സി ഐ ഒ കെ.വി. തോമസ് , കൊച്ചി ഐ ബി ഡെപ്യൂട്ടി സെൻട്രൽ ഇൻലിജൻ്റ്സ് ഓഫീസർ എസ്. ജയപ്രകാശ് , ക്രൈം ബ്രാഞ്ച് നർക്കോട്ടിക് സെൽ എസ്.പി. ജി. ബാബുരാജ് , ജോയിൻ്റ് ഡയറക്ടർ മാത്യു ജോൺ , ഡി സി ഐ ഒ ജോൺ പുന്നൻ , ബേബി , സ്പെഷ്യൽ ബ്രാഞ്ച് എ റ്റി ഐ ഒ ഡിൻ്റ മത്യാസ് , സ്റ്റേറ്റ് ഇൻറലിജൻ്റ്സ് ബ്യൂറോ വി. കെ. മായിനി , സിബിസിഐഡി എസ് ഐ എസ്. ജോഗേഷ് എന്നിവരെ പ്രതിചേർത്താണ് സിബിഐ കേസെടുത്തത്.
നിരപരാധികളെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുകയും അച്ചടി - ദൃശ്യ മാധ്യമ ജന ശ്രദ്ധയാകർഷിക്കാനായി വില കുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടി മാധ്യമങ്ങൾക്ക് ഇൻ്റർവ്യൂ നൽകിയും പത്രവാർത്ത നൽകിയും പേരെടുക്കുന്ന പോലീസുദ്യോസ്ഥർക്കുള്ള ഗുണപാഠവും മുന്നറിയിപ്പുമാണ് സുപ്രീം കോടതി നിർദ്ദേശപ്രകാരം സി ബി ഐ രജിസ്റ്റർ ചെയ്ത കേസ്.
ഊഹാപോഹങ്ങൾ വെച്ചും കേട്ടുകേൾവി വച്ചും യാതൊരു തെളിവുമില്ലാതെ ഒരു വ്യക്തിയെ സമൂഹമധ്യത്തിൽ സംശയത്തിൻ്റെ കരിനിഴലിൽ നിർത്തി തേജോവധം ചെയ്യുന്ന പോലീസുദ്യോഗസ്ഥർക്കുള്ള താക്കീതുകൂടിയാണ് സുപ്രീം കോടതി വിധിന്യായം.
"
https://www.facebook.com/Malayalivartha