ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടര്‍ച്ചയായി രണ്ടാം പിണറായി സര്‍ക്കാരിലും മന്ത്രിമാര്‍ക്ക് പ്രോഗ്രസ് റിപ്പോര്‍ട്ട് ഏര്‍പ്പെടുത്താനൊരുങ്ങി ഇടതു മുന്നണി

ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടര്‍ച്ചയായി രണ്ടാം പിണറായി സര്‍ക്കാരിലും മന്ത്രിമാര്‍ക്ക് പ്രോഗ്രസ് റിപ്പോര്‍ട്ട് ഇടതുമുന്നണി ഏര്‍പ്പെടുത്തുന്നു. ഉദ്ദേശിച്ചതും പ്രതീക്ഷിച്ചതുമായ ഭരണനിലവാരം തുടക്കത്തില്‍ പല മന്ത്രിമാരിലും കാണിക്കാതെ വന്നതോടെയാണ് നേരിയ ഭീഷണിപ്രയോഗം എന്ന നിലയില്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് സമ്പ്രദായം വീണ്ടും ഏര്‍പ്പെടുത്താനുള്ള പിണറായി വിജയന്റെ നീക്കം.
വിദ്യാഭ്യാസ മന്ത്രിയും ആരോഗ്യമന്ത്രിയും വനം മന്ത്രിയും കൃഷിമന്ത്രിയുമൊക്കെ കഴിഞ്ഞ സര്‍ക്കാരിന്റെ നിലവാരത്തിലേക്ക് ഉയരുന്നില്ലെന്ന സിപിഎം വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിലവാരം ഉയര്‍ത്താനുള്ള ഇടതുസര്‍ക്കാരിന്റെ നീക്കം. മുന്‍ പിണറായി സര്‍ക്കാര്‍ ആദ്യവര്‍ഷങ്ങളില്‍ ഇത്തരത്തില്‍ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ മന്ത്രിമാരുടെ നിലവാരം അളന്നിരുന്നു. അത് വകുപ്പുതല ഏകോപനം നടപ്പാക്കുന്നതിലും ഭരണം മെച്ചപ്പെടുത്തുന്നതിനും സഹായകരമായി.
സൗജന്യകിറ്റ് ഉള്‍പ്പെടെ ജനകീയ പരിപാടികള്‍ ഏര്‍പ്പെടുത്താനായത് ഇത്തരത്തിലുള്ള ആലോചനയിലാണ്. സ്വര്‍ണക്കള്ളക്കടത്ത് ഇമേജ് തകര്‍ത്ത മാസങ്ങളിലും ഒന്നാം പിണറായി സര്‍ക്കാരിന്റെ ജനപിന്തുണ പിടിച്ചുനിറുത്തിയത് സൗജന്യ കിറ്റുകളായിരുന്നു.
ഓരോ വകുപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പുതിയ മന്ത്രിമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ പ്രത്യേക ഫോമില്‍ പ്രവര്‍ത്തനങ്ങള്‍ പൂരിപ്പിച്ച് നല്‍കാനാണ് നിര്‍ദ്ദേശം.
മന്ത്രിമാര്‍ക്കും വകുപ്പുകള്‍ക്കും നിരന്തര വിലയിരുത്തല്‍, പ്രവര്‍ത്തനം മികവുള്ളതാക്കാന്‍ മന്ത്രിമാരുമായി കൂടിക്കാഴ്ചകള്‍ എന്നിവയ്ക്കെല്ലാം പുറമെയാണ് മുഖ്യമന്ത്രി പ്രോഗ്രസ് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത്. ഇതുവരെ നടപ്പാക്കിയ വികസന പദ്ധതികള്‍ ചെലവഴിച്ച തുക, വരാനിരിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍. പദ്ധതികള്‍ക്ക് പ്രതീക്ഷിക്കുന്ന സമയപരിധി തുടങ്ങി സമഗ്ര വിവരങ്ങളടങ്ങിയതാണ് പ്രോഗ്രസ് റിപ്പോര്‍ട്ട്. പ്രകടന പത്രികയുമായി ബന്ധപ്പെടുത്തി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ വകുപ്പുകളുടെ സ്വയം വിലയിരുത്തല്‍ കൂടിയാണ് ഉദ്ദേശിക്കുന്നതെന്നാണ് പിണറായി പറയുന്നത്. നിരന്തര മൂല്യ നിര്‍ണയത്തിന്റെ ഫലവും തിരുത്തല്‍ നടപടികളുമെല്ലാം ഭരണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തുകയാണ്.
കഴിഞ്ഞ സര്‍ക്കാരില്‍ സൂപ്പര്‍ പ്രകടനം നടത്തിയിട്ടും എ പ്ലസ് നേടിയവരെപ്പോലും ഇത്തവണ മത്സരിപ്പിക്കാന്‍ സിപിഎമ്മും സിപിഐയും
തയാറായില്ല. പ്രത്യേകിച്ചും ജനകീയ കൃഷിമന്ത്രി സുനില്‍കുമാറിനെ സിപിഐയും ആരോഗ്യമന്ത്രി ശൈലജയെ സിപിഎമ്മും ഒഴിവാക്കിയപ്പോള്‍ ഉയര്‍ന്ന പൊതു എതിര്‍പ്പുപോലും എല്‍ഡിഎഫ് മുഖവിലയ്ക്കെടുത്തില്ല.
മികവു പുലര്‍ത്തിയ കൃഷിമന്ത്രി സുനില്‍കുമാര്‍, ധനമന്ത്രി തോമസ് ഐസക്, പൊ മരാമത്ത് മന്ത്രി സുധാകരന്‍, വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ്,
ആരോഗ്യമന്ത്രി കെകെ ശൈലജ എന്നിവര്‍ക്കൊക്കെ എല്ലാ പരീക്ഷകളിലും എ പ്ലസ് കിട്ടിയിട്ടും ഇത്തവണയുണ്ടായ ഗതികേട് എല്ലാവര്‍ക്കുമറിയാം. ആ നിലയില്‍ ഇത്തവണ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ എ പ്ല്സ് വാങ്ങിയിട്ട് എന്തു കാര്യം എന്ന് ചോദിച്ചുപോകുന്നവരുമുണ്ട്.
ഇത്തവണത്തെ മന്ത്രിമാരില്‍ പലരെയും അടുത്ത തവണ പാര്‍ട്ടി മത്സരിപ്പിക്കാന്‍പോലും സാധ്യതയില്ലാതിരിക്കെ ഒരു പാട് മാര്‍ക്ക്
വാങ്ങിയിട്ട് എന്തുകാര്യം എന്നു ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാകും. വനം മുറിക്കല്‍ കേസ് കോടതയിലേക്ക് നീങ്ങുമ്പോള്‍ സിപിഐ ആകെ നാണം കെട്ടുനില്‍ക്കുകയാണ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഇമേജ് തുടക്കത്തിലേ ഇടിച്ചത് വനം വകുപ്പിലെ കാട്ടുകള്ളന്‍മാരാണ്.
കോവിഡിലെ മരണനിരക്കുമായി ബന്ധപ്പെട്ടുണ്ടായ ആക്ഷേപം മന്ത്രി വീണാ ജോര്‍ജിന്റെ ആരോഗ്യവകുപ്പിനും കളങ്കമായി. ശിവന്‍കുട്ടിയുടെ നിയമസഭാ കൈയാങ്കളി കേസ് സുപ്രീം കോടതി എങ്ങനെ കൈകാര്യം ചെയ്യുമെന്നതിലും അനിശ്ചിതത്വമുണ്ട്.
ഈ സര്‍ക്കാരില്‍ ആദ്യം രാജിവയ്ക്കേണ്ട ഗതികേട് വിദ്യാഭ്യാസ മന്ത്രിയും കായികാഭ്യാസിയുമായ ശിവന്‍കുട്ടിക്കോ എന്ന് പരക്കെ സംശയം
ജനിച്ചുതുടങ്ങിയിട്ടുമുണ്ട്. സംസാരത്തില്‍ അക്ഷരത്തെറ്റും വ്യാകരണത്തെറ്റും നാക്കുപിഴവും പതിവായിരിക്കുന്ന ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസത്തിനു പകരം കായിക വകുപ്പ് കൊടുക്കേണ്ടിയിരുന്നില്ലേ എന്ന ചോദ്യം പരക്കെ ഉയരുകയാണ്.
ഒന്നാം പിണറായി സര്‍ക്കാരിന് ഇമേജുണ്ടാക്കി ഭരണത്തുടര്‍ച്ച സമ്മാനിച്ചത് പ്രഗത്ഭരായ ഒരു നിര മന്ത്രിമാരുടെ സിദ്ധിയും പ്രാപ്തിയുമായിരുന്നു. പുതിയ സര്‍ക്കാരില്‍ അത്തരത്തില്‍ ആരുംതന്നെയില്ലെന്ന പൊതുനിലവാരമാണ് ഭരണം 100 ദിവസത്തില്‍ എത്തുമ്പോഴുള്ള വിലയിരുത്തല്‍.
കഴിഞ്ഞ സര്‍ക്കാരിനു കളങ്കമുണ്ടാക്കിയവരില്‍ പ്രധാനികള്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും മന്ത്രിമാരായ ജലീലും കടകംപള്ളിയുമൊക്കെയായിരുന്നു.
എന്നാല്‍ ഇത്തവണ മുഖ്യമന്ത്രി പിണറായിയും മരുമകന്‍ റിയാസും ഒഴികെ ആര്‍ക്കും തുടക്കത്തില്‍ സൂപ്പര്‍നിലവാരം കാണിക്കുന്നില്ലെന്നാണ് സിപിഎം പാര്‍ട്ടിതല വിലയിരുത്തല്‍. ഈ നിലയിലാണ് തുടര്‍ ടെസ്റ്റ് പേപ്പറുകളും പ്രോഗ്രസ് റിപ്പോര്‍ട്ടുകളുമായി പിണറായി വടിയെടുത്തു രംഗത്തു വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha