വൈറ്റില സുധാ ബേബിയുടെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

എറണാകുളം വൈറ്റിലയില്‍ കോട്ടയം സ്വദേശി സുധാ ബേബിയെ റെയില്‍വേ ട്രാക്കില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണം. രക്തം വാര്‍ന്നതും പെട്ടെന്നുള്ള മരണത്തിന് ഇടയാക്കിയിട്ടുണ്ട്. ശരീരത്തില്‍ മുറിപ്പാടുകളും, മല്‍പ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളുമുണ്ട്. പ്രതി പൊന്നൂരുന്നി സ്വദേശി ഷാജിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. കൊലപാതകത്തിന് മണിക്കൂറുകള്‍ക്ക് ശേഷം തന്നെ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.
കുറച്ചധിക്കാം കാലമായി സുധയും ഷാജിയും തമ്മില്‍ സുഹൃത്തുക്കളായിരുന്നു. ഇന്നലെ രാത്രി ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. 63 വയസുകാരനായ ഷാജി ഹൈക്കോടതി മുന്‍ ജീവനക്കാരനാണ്. ഇന്ന് പുലര്‍ച്ചെ 3:00 മണിക്ക് ലോക്കോ പൈലറ്റ് ആണ് റെയില്‍വേ ട്രാക്കില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടത്. ഉടന്‍ പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ മൃതദേഹത്തിന് സമീപത്തുനിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തി.
പ്രതിക്കൊപ്പം യുവതി നടന്നു പോകുന്ന ദൃശ്യങ്ങളാണ് കേസില്‍ വഴിത്തിരിവായത്. ഇരുവരും കാറില്‍ നിന്ന് ഇറങ്ങി നടക്കുന്നതിന്റെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ട്രാക്കിന് സമീപം പിന്നീട് ഷാജി ഒറ്റയ്ക്ക് നടന്നു പോകുന്ന ദൃശ്യങ്ങളും പൊലീസ് കിട്ടി. ഈ സമയം ഷാജിയുടെ ഷര്‍ട്ടില്‍ രക്തക്കറ ഉണ്ടായിരുന്നു. ഇതോടെയാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടിയത്. കാക്കനാട് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. മരട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha























