തൃപ്പൂണിത്തുറിയിൽ എം.സ്വരാജ് തോറ്റത് പാർട്ടി പ്രാദേശിക നേതൃത്വത്തിന്റെ വീഴ്ച കാരണം: തൃക്കാക്കരയിലും മണ്ഡലം കമ്മിറ്റിക്ക് വലിയ വീഴ്ച സംഭവിച്ചു: തോൽവിയടെ കാരണം അന്വേഷിച്ച് സിപിഎം

രണ്ടാം ഭരണത്തിൽ പിണറായി സർക്കാർ കയറിയെങ്കിലും ഏറെ വിഷമം ഉണ്ടാക്കിയ ഒന്നാണ് സ്വരാജിന്റെ തോൽവി. എൽഡിഎഫിലെ തീപ്പൊരി നേതാവായ സ്വരാജിന് എന്തുപറ്റി എന്നറിയാൻ സിപിഎം ശ്രമിച്ചു. തോൽവിയുടെ പിന്നിലുള്ള കാരണം അറിയാൻ ശ്രമിച്ച സിപിഎം അറിഞ്ഞത് ഞെട്ടിക്കുന്നവിവരം. തൃപ്പൂണിത്തുറിയിൽ എം.സ്വരാജ് തോറ്റത് പാർട്ടി പ്രാദേശിക നേതൃത്വത്തിന്റെ വീഴ്ച കാരണമെന്ന് സിപിഎം അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. തൃക്കാക്കരയിലും മണ്ഡലം കമ്മിറ്റിക്ക് വലിയ വീഴ്ച സംഭവിച്ചുവെന്നും അന്വേഷണത്തിൽ കണ്ടെത്തുന്ന സാഹചര്യമുണ്ടായി.
കെ.ബാബുവിനോട് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.സ്വരാജ് 992 വോട്ടുകൾക്കാണ് തൃപ്പൂണിത്തുറയിൽ പരാജയപ്പെട്ടത്. തൃക്കാക്കര, പിറവം, പെരുമ്പാവൂർ എന്നീ മണ്ഡലങ്ങളിലെ തോൽവി പഠിക്കാനും അന്വേഷണ കമ്മീഷനെ സിപിഎം നിയോഗിച്ചിരുന്നു.
സിപിഎമ്മിന് ലഭിച്ചുകൊണ്ടിരുന്ന വോട്ടുകൾക്ക് അപ്പുറത്ത് നിന്ന് സ്വരാജിന് വോട്ടുകൾ ലഭിച്ചു. എന്നാൽ പാർട്ടിയുടെ പരമ്പരാഗത വോട്ടുകൾ ഇത്തവണ ലഭിച്ചില്ല എന്നതായിരുന്നു കണ്ടെത്തിയത്. ഇതാണ് സ്വരാജിനെ തോൽവിയിലേക്ക് നയിച്ചത്. ഏരൂർ, തെക്കുംഭാഗം,ഉദയംപേരൂർ പഞ്ചായത്തുകളിൽ പാർട്ടി വോട്ടുകളിൽ വൻ ചോർച്ചയാണ് സംഭവിച്ചത്. മണ്ഡലത്തിലെ ചിലർക്ക് സ്ഥാനാർഥി മോഹമുണ്ടായിരുന്നു എന്നതാണ് അതിൽ ഏറെ ശ്രദ്ധേയമായ കാര്യം. ഇത് വോട്ട് ചോർച്ചയ്ക്ക് കാരണമായി.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ജെ.ജേക്കബ് എന്നിവർക്കായിരുന്നു അന്വേഷണ കമ്മീഷന്റെ ചുമതല ഉണ്ടായിരുന്നത് . അടുത്ത മാസം പകുതിയോടെ അന്വേഷണ റിപ്പോർട്ട് ജില്ലാ കമ്മിറ്റിക്കും സംസ്ഥാന കമ്മിറ്റിക്കും കൈമാറുമെന്നാണ് ലഭ്യമാകുന്ന സൂചന. പാർട്ടി ഭാരവാഹികളിൽ നിന്നും സ്ഥാനാർഥിയിൽ നിന്നും കമ്മീഷൻ തെളിവെടുപ്പ് നടത്തിയിരുന്നു.
തൃപ്പൂണിത്തുറയിലെ തോൽവി സിപിഎമ്മിന് ഏറെ ആഘാതമുണ്ടാക്കിയിരുന്നു. സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമായ മത്സരം നടന്നിരുന്ന മണ്ഡലങ്ങളിലൊന്നായിരുന്നു ഇത്. ബിജെപി വോട്ടുകൾ കോൺഗ്രസിലേക്ക് മറിഞ്ഞുവെന്നായിരുന്നു സിപിഎമ്മിന്റെ ആദ്യ പ്രതികരണം. ഇത് യാഥാർഥ്യമാണെന്നതിൽ സംശയമില്ലെന്നും എന്നാൽ പാർട്ടി വോട്ട് ചോർച്ച തോൽവിയുടെ പ്രധാന കാരണമായെന്നുമാണ് കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്.
തോൽവിയിൽ ഏതെങ്കിലും അംഗങ്ങൾക്കെതിരെ നടപടി വേണ്ടതുണ്ടോ എന്ന കാര്യം റിപ്പോർട്ടിൽ ഉണ്ടാകുമെന്നാണ് ലഭ്യമാകുന്ന സൂചന. തൃക്കാക്കരയിൽ മണ്ഡലം കമ്മിറ്റിയുടെ ഭാഗത്ത് വലിയ വീഴ്ചയുണ്ടായെന്നാണ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്. ഇവിടുത്തെ തെളിവെടുപ്പ് കമ്മീഷൻ പൂർത്തിയാക്കി. തൃപ്പൂണിത്തുറയിൽ രണ്ട് ദിവസം കൂടി തെളിവെടുപ്പ് നടത്തിയ ശേഷമായിരിക്കും റിപ്പോർട്ട് തയ്യാറാക്കുക.
https://www.facebook.com/Malayalivartha