എന്നെ രക്ഷിക്കണമെന്ന അപേക്ഷയുമായി 108 ലേക്ക് ഒരു ഫോൺ കോൾ: പാറക്കെട്ടിനിടയിൽ മരണത്തോട് മല്ലടിച്ച് യുവാവ്: തടസ്സങ്ങൾ മറികടന്ന് എത്തിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്
എന്നെ രക്ഷിക്കണമെന്നു പറഞ്ഞ് 108-ലേക്ക് ഒരു വിളി; ഫോൺ കോൾ വന്ന ഇടത്തേക്ക് കുതിച്ചു പാഞ്ഞെത്തിയ 108 അധികൃതർ കണ്ടത് ഹൃദയം തകരുന്ന കാഴ്ച... തടസ്സങ്ങൾ ഭേദിച്ച് സ്ഥലത്തെത്തിയപ്പോൾ ഇത്തിരി വൈകിപ്പോയി.
പാറക്കെട്ടിൽ നിന്നു വീണ് മരണത്തോട് മല്ലി ടുകയായിരുന്നു ആ യുവാവ്. അപ്പോഴായിരുന്നു അയാൾ 108-ലേക്ക് വിളിച്ചത്. പോലീസും കൂട്ടരും ആളെ കണ്ടുപിടിക്കാൻ കഠിനമായി ശ്രമിച്ചെങ്കിലും കനത്ത മഴയും കാട്ടാനക്കൂട്ടവും തടസ്സമായി ഉയരുകയായിരുന്നു . ഒടുവിൽ വെള്ളിയാഴ്ച അയാളുടെ മൃതദേഹം കണ്ടെടുക്കാനേ അവർക്ക് സാധിച്ചുള്ളൂ. കാന്തല്ലൂർ ചന്ദ്രമണ്ഡലത്തിലാണ് യുവാവ് പാറക്കെട്ടിൽനിന്നുവീണ് മരിച്ചത്. 40 വയസ്സ് പ്രായം തോന്നിക്കുന്ന മരിച്ചയാളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
വ്യാഴാഴ്ച രാത്രി 9.28-നാണ് മറയൂരിൽ ഓടുന്ന 108 ആംബുലൻസ് ഡ്രൈവർ ജിബിൻ തോമസിന്റെ ഫോണിൽ തിരുവനന്തപുരം 108 കോൾ സെന്ററിൽനിന്ന് സന്ദേശം എത്തുന്നത്. തനിക്ക് അപകടം പറ്റിയെന്നും പരിക്ക് ഗുരുതരമാണെന്നും കാന്തല്ലൂർ ചന്ദ്രമണ്ഡലം ഭാഗത്താണുള്ളതെന്നും ഒരാൾ വിളിച്ചുപറഞ്ഞെന്നായിരുന്നു സന്ദേശം. 9489556603 എന്ന നമ്പരിൽനിന്നായിരുന്നു വിളി വന്നത്.
ജിബിൻ ഈ നമ്പരിൽ പരിക്കേറ്റയാളെ വിളിച്ചെങ്കിലും സംസാരം വ്യക്തമാകാത്തതിനാലും സ്ഥലം കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് അദ്ദേഹം മറയൂർ പോലീസുമായി ബന്ധപ്പെടുകയായിരുന്നു. 108 വാനും മറയൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും പയസ് നഗർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരുമായി പെരടിപ്പള്ളം ഭാഗത്ത് എത്തിയെങ്കിലും കനത്ത മഴയും വഴിയിൽ കാട്ടാനക്കൂട്ടവും ചന്ദ്രമണ്ഡലത്തിൽ എത്തിച്ചേരുന്നതിന് തടസ്സം സൃഷ്ടിച്ചു. ഫോണിൽ വിളിച്ച് സ്ഥലം കണ്ടുപിടിക്കാനുള്ള ശ്രമം വിജയിച്ചില്ല. രാത്രി രണ്ടുമണിയോടുകൂടി പരിശോധന നടത്താൻ കഴിയാതെ സംഘം മലയിറങ്ങുകയായിരുന്നു .
വെള്ളിയാഴ്ച മറയൂർ എസ്.ഐ. അനൂപ്മോൻ പി.റ്റി., റ്റി.എ.ജാഫർ, ഷമീർ കെ.എം., ഡെന്നി പി.ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും അനീഷ് ഉമാമന്ദിരം, ബെന്നി, എസക്കിമുത്തു, ദിനേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് പാറക്കെട്ടിന് താഴെ അജ്ഞാതനായ ആളുടെ മൃതദേഹം കണ്ടെത്തിയത്. 200 അടി താഴ്ചയിലാണ് മൃതദേഹം കിടന്നത്. മൃതദേഹം ചുമന്ന് നാലുമണിക്കൂർകൊണ്ടായിരുന്നു റോഡിലെത്തിച്ചത്.
ആളെ തിരിച്ചറിയാത്തതിനാൽ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുമെന്നും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ടെന്നും മറയൂർ ഇൻസ്പെക്ടർ ബിജോയ് പി.ടി. പറഞ്ഞു. ബുധനാഴ്ച രാത്രി ചന്ദ്രമണ്ഡലത്തിന് താഴെ കുണ്ടക്കാട് വനമേഖലയിൽനിന്ന് രണ്ട് ചന്ദനമരങ്ങൾ മോഷ്ടാക്കൾ വെട്ടിക്കടത്തിയിരുന്നു. തമിഴ്നാട്ടിൽനിന്ന് ചന്ദനം ചുമന്ന് അതിർത്തി കടത്താൻ എത്തിയ സംഘത്തിലെ അംഗമാണോ എന്ന് പോലീസിന് സംശയമുണ്ട്.
https://www.facebook.com/Malayalivartha