പെട്ടിമുടി ദുരന്തത്തിന് ഒരാണ്ട്... നടുക്കുന്ന ഓര്‍മകളില്‍ പെട്ടിമുടിയിലുള്ളവര്‍....

പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരാണ്ട് തികയുന്നു. ഇന്നും ആ ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകളിലാണ് പെട്ടിമുടിയിലുള്ളവര്‍. 13 കുട്ടികള്‍ ഉള്‍പ്പടെ 70 പേരാണ് അപ്രതീക്ഷിതമായി ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചത്.
2020 ആഗസ്ത് ആറാം തിയതി രാത്രി 10.45ന് ഇതുവഴി ഒഴുകിയെത്തിയ ഉരുള്‍ നാല് ലയങ്ങളാണ് തകര്‍ത്തത്. നഷ്ടമായത് 70 ജീവനുകള്‍. പതിവുപോലെ അത്താഴം കഴിഞ്ഞ് ഉറങ്ങാന്‍ കിടന്ന അവര്‍ അറിഞ്ഞിരുന്നില്ല, അത് അവരുടെ അന്ത്യ അത്താഴമാകുമെന്ന്.
ലയങ്ങളിലെ ഒറ്റമുറി വീടുകളില്‍ ഒന്നിച്ച് കഴിഞ്ഞിരുന്ന മുത്തശ്ശി - മുത്തശ്ശന്മാരും മക്കളും പേരക്കുട്ടികളും നല്ലൊരു നാളെ പ്രതീക്ഷിച്ച് തന്നെയാകണം കണ്ണടച്ചിട്ടുണ്ടാവുക. അപ്രതീക്ഷിതമായി എത്തിയ ഉരുള്‍ നിമിഷ നേരംകൊണ്ടാണ് അവരുടെ സ്വപ്നങ്ങള്‍ തല്ലിത്തകര്‍ത്തത്. ഒന്ന് ഉറക്കെ കരയാന്‍ പോലുമാകാതെ അവര്‍ മണ്ണിന് അടിയില്‍ കുടുങ്ങി.
പിറ്റേ ദിവസം പുലര്‍ച്ചെ മാത്രമാണ് ദുരന്തം പുറംലോകം അറിഞ്ഞത്. തകര്‍ന്ന പെരിയവരൈ പാലം രക്ഷാ പ്രവര്‍ത്തകരുടെ വഴി മുടക്കി. എന്‍.ഡി.ആര്‍.എഫ് ഉള്‍പ്പടെയുള്ള സേനകള്‍ സ്ഥലത്ത് എത്തിയപ്പോഴേക്കും ഏറെ വൈകിയിരുന്നു. അപകടത്തില്‍പ്പെട്ട 82 പേരില്‍ പന്ത്രണ്ട് പേരെ മാത്രമാണ് രക്ഷിക്കാനായത്.
https://www.facebook.com/Malayalivartha
























