ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി മൗനം തുടരുന്നതെന്തിന് ? രാഹുല്‍ ഗാന്ധിയുടെ റോളെന്ത്?

ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന സമരം നിയമസഭ പിരിഞ്ഞതോടെ അവസാനിക്കും.
ബി ജെ പി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ കുത്സിത നീക്കങ്ങള്‍ക്ക് കോണ്‍ഗ്രസ് കുടപിടിക്കേണ്ടെന്ന ഹൈക്കമാന്റ് നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് സമരത്തില്‍ നിന്ന് പിന്‍മാറുന്നത്. ഫലത്തില്‍ ബി ജെ പിക്കെതിരെ കോണ്‍ഗ്രസും കമ്യൂണിസ്റ്റും ഒന്നായിരിക്കുകയാണ്.
രാജീവ് ഗാന്ധിയുടെ പേര് പോലും തിരുത്തുന്ന കേന്ദ്രസര്‍ക്കാരിനെ ഒരു കാരണവശാലും പിന്തുണക്കുന്ന നടപടികള്‍ ഉണ്ടാകരുതെന്ന കര്‍ശന നിര്‍ദ്ദേശമാണ് രാഹുല്‍ ഗാന്ധി പി.സി സി അധ്യക്ഷന്‍ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നല്‍കിയിരിക്കുന്നത്.
പിണറായി വിജയനെതിരെ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന നീക്കം രാജ്യത്ത് പ്രതിപക്ഷപാര്‍ട്ടികളുടെ നേതാക്കള്‍ക്കെതിരെ തുടരുന്ന നടപടികളുടെ ഭാഗമാണെന്നാണ് രാഹുല്‍ ഗാന്ധി കരുതുന്നത്. പിണറായി വിജയനെതിരെ കെ പി സി സി അധ്യക്ഷന്‍ കെ.സുധാകരന്‍ ഒരക്ഷരം ഉരിയാടാത്തത് രാഹുല്‍ ഗാന്ധിയുടെ കര്‍ശന നിര്‍ദ്ദേശം ഉള്ളതു കൊണ്ടു മാത്രമാണ്.
നിയമസഭയുടെ മുന്നില്‍ പ്രതിപക്ഷം നടത്തിയ പ്രതികാത്മക സമരം കണ്ണില്‍ മണ്ണിടാനുള്ള ഒരു വിദ്യയായി മാത്രമേ എല്ലാവരും കാണുന്നുള്ളു.
വി.ഡി സതീശന് സംസ്ഥാന സര്‍ക്കാരിനോട് മൃദ്യു സമീപനമാണെന്ന ആക്ഷേപം ഏറെ നാളായി കേരളത്തില്‍ അലയടിക്കുന്നുണ്ട്. തനിക്ക് ഇങ്ങനെ മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളുവെന്ന് അടുപ്പമുള്ളവരോട് സതീശന്‍ വ്യക്തമാക്കിയിരുന്നു. കടുത്ത നടപടികള്‍ സര്‍ക്കാരിനെതിരെ വേണ്ടെന്ന് ഹൈക്കമാന്റ് മുന്‍പേ തീരുമാനിച്ചിരുന്നു. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃ സ്ഥാനത്ത് നിന്നും നീക്കിയതും അതിനാലാണ്.
ഡല്‍ഹിയില്‍ പിണറായിയും രാഹുലും കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നവരാണ്. അതുകൊണ്ടാണ് പ്രതിപക്ഷം എന്തു തന്നെ പറഞ്ഞിട്ടും പിണറായി അനങ്ങാതിരുന്നത്. നിയമസഭയില്‍ നിശബ്ദനായിരിക്കുന്നതാണ് ഉചിതമെന്ന ഉപദേശം പിണറായിക്ക് ലഭിച്ചിരുന്നു. ഡോളര്‍ കടത്തില്‍ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും നിശബ്ദത പാലിച്ചതും ശ്രദ്ധിക്കേണ്ടതാണ്.
നിയമസഭാ കൈയാങ്കളി കേസില്‍ ശിവന്‍കുട്ടിയെ രാജിവയ്പ്പിക്കുമെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷം പിന്‍മാറിയതും ഹൈക്കമാന്റ് നിര്‍ദ്ദേശപ്രകാരമാണെന്നാണ് ലഭിക്കുന്ന സൂചനകള്‍.
ഡോളര്‍ക്കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധത്തിന് ശേഷം പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. ചോദ്യോത്തരവേള തുടങ്ങിയത് മുതല്‍ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു.
ഡോളര്‍ കടത്തുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി അനങ്ങിയില്ല.
മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ ബാനര്‍ ഉയര്‍ത്തി. സഭയില്‍ ബാനര്‍ ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്ന് സ്പീക്കര്‍ എം.ബി.രാജേഷ് പറഞ്ഞു. ചോദ്യോത്തരവേള തടസ്സപ്പെടുത്തരുതെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. ഏറെ നേരം പ്രതിഷേധിച്ച ശേഷം പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവിന് ഡല്‍ഹിയില്‍ പോകാനുള്ളത് കൊണ്ടാണ് സഭ ബഹിഷ്‌കരിക്കുന്നതെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പരിഹസിച്ചു.
അതേ സമയം ഇക്കാര്യത്തില്‍ കഴിഞ്ഞ ദിവസവും പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി ഇന്നലെയും മൗനം തുടര്‍ന്നു. ഡോളര്‍ക്കടത്തുകേസിലെ പ്രതി മുഖ്യമന്ത്രിക്കെതിരേ നല്‍കിയ മൊഴി ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസ് തള്ളിയതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പ്രതിപക്ഷം നിയമസഭാ നടപടികള്‍ പൂര്‍ണമായും ബഹിഷ്‌കരിച്ചിരുന്നു.
സഭയ്ക്കകത്തും കവാടത്തിലും മുദ്രാവാക്യംമുഴക്കി പ്രതിഷേധിച്ച പ്രതിപക്ഷം പുറത്ത് പ്രതീകാത്മക നിയമസഭ ചേര്‍ന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുകയുണ്ടായി.
ഡോളര്‍ കടത്തിലെ മൊഴി പുറത്തുവന്നപ്പോള്‍ ജനങ്ങളെ പറ്റിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന് മാത്രമാണ് പ്രതിപക്ഷത്തിന് ഉണ്ടായിരുന്നത്. തങ്ങളാല്‍ കഴിയും വിധം റോള്‍ ഭംഗിയാക്കി എന്ന ആശ്വാസത്തിലാണ് പ്രതിപക്ഷം.
https://www.facebook.com/Malayalivartha


























