ദില്ലിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ യുവതി നിരന്തരം വീട്ടിലെത്തി മകളെന്ന് അവകാശവാദം ഉന്നയിക്കുന്നതിന് പിന്നിൽ സഹോദരനാണെന്ന് തെറ്റിദ്ധരിച്ചു; ഒത്തുതീർപ്പ് ചർച്ചകൾ പോലീസ് ഇടപെട്ട് നടത്തിയിട്ടും വഴങ്ങാതെ 42 കാരി; യുവതിയെ മൺവെട്ടി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി, നാടകീയ സംഭവങ്ങൾക്കൊടുവിൽ പെട്രോളൊഴിച്ച് റിട്ട.കെഎസ്ആർടിസി ജീവനക്കാരൻ ആത്മഹത്യ ചെയ്തു.. പിന്നാലെ യുവതിയുടെ മരണം

വൃദ്ധൻ തലയ്ക്ക് അടിച്ചതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. മുല്ലശ്ശേരി സ്വദേശി സരിതയാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേ മരിച്ചത്. സരിതയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച റിട്ട.കെഎസ്ആർടിസി ജീവനക്കാരൻ മുല്ലശേരി നെല്ലിവിള പത്മ വിലാസത്തിൽ വിജയമോഹനൻ നായർ ഇളയ സഹോദരന്റെ വീടിന് മുന്നിൽ വച്ച് പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്തിരുന്നു.
താൻ വിജയകുമാരൻ നായരെന്ന നെടുമങ്ങാട് സ്വദേശിയുടെ മകളാണെന്ന് അവകാശപ്പെട്ട് ദില്ലിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ സരിത എന്ന യുവതി സ്ഥിരമായി വിജയകുമാരൻ നായരുടെ വീട്ടിലെത്തി ബഹളമുണ്ടാക്കുമായിരുന്നു. ഇത് സംബന്ധിച്ച് മാസങ്ങളായി തർക്കങ്ങളും നടന്നുവരുകയായിരുന്നു. സംഭവം വഷളായപ്പോൾ ഒരിക്കൽ നെടുമങ്ങാട് പൊലീസിന്‍റെ നേതൃത്വത്തിൽ ധാരണയുണ്ടാക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും സരിത ഇതിനോട് സഹകരിക്കാൻ തയ്യാറായിരുന്നില്ല.
ബുധനാഴ്ച രണ്ടുപേരെയും സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ച എസ്ഐ ധാരണ ഉണ്ടാക്കി ഒപ്പ് വയ്പ്പിക്കാൻ ശ്രമിച്ചപ്പോൾ ഒപ്പിടാൻ വിസമ്മതിച്ച് സരിത ഇറങ്ങിപ്പോയി. സംഭവ ദിവസം വൈകിട്ട് 5.30 ന് സരിത വീണ്ടും വിജയമോഹനന്റെ വീട്ടിൽ എത്തി ബഹളം ഉണ്ടാക്കി. തുടർന്ന് ഇത് വാക്കുതർക്കമായി മാറുകയും വിജയകുമാരൻ നായർ മൺവെട്ടിയുടെ കൈ എടുത്ത് സരിതയുടെ തലയിൽ അടിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സരിതയെ തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഈ സംഭവങ്ങൾക്ക് പിന്നാലെയായിരുന്നു വിജയമോഹനൻ നായർ സഹോദരന്റെ വീടിന് മുന്നിലെത്തിയത്. സരിതയെ തന്റെ അടുക്കലേക്ക് പറഞ്ഞ് വിടുന്നത് അനുജൻ ആണെന്ന് ധാരണയിൽ വിജയമോഹനൻ നായർ സതീഷുമായി അകൽച്ചയിലായിരുന്നു. പെട്രോളും ആയുധവുമായി എത്തിയ വിജയമോഹനനെ കണ്ടപ്പോൾ അനുജൻ വീട്ടിനുള്ളിൽ കയറി വാതിൽ അടച്ചു. ഇതിനിടെ വിജയമോഹനൻ സ്വയം തീ കൊളുത്തുകയായിരുന്നു. 42 കാരിയായ സരിത ദില്ലിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായിരുന്നു.
സരിതയെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ വിജയമോഹനന്‍ നായര്‍ ഓട്ടോറിക്ഷയില്‍ കയറി വട്ടപ്പാറ വേങ്കോട് പ്ലാത്തറയിലുള്ള അനുജന്‍ സതീഷിന്റെ വീട്ടിലെത്തി വീടിന്റെ രണ്ടാം നിലയിലുള്ള സിറ്റൗട്ടില്‍ കയറിയ ശേഷമാണ് കൈയ്യില്‍ കരുതിയിരുന്ന ഡീസല്‍ ദേഹത്ത് ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്.
സംഭവത്തില്‍ നെടുമങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിജയമോഹനനും അനുജനും തമ്മിലുള്ള വിരോധത്തിന്റെ പേരില്‍ സ്ത്രീയെ ഉപയോഗിക്കുകയായിരുന്നു എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
https://www.facebook.com/Malayalivartha


























