ലൈംഗികത്തൊഴിലാളിയുടേതെന്ന പേരിൽ വീട്ടമ്മയുടെ നമ്പർ പ്രചരിപ്പിച്ച് സാമൂഹ്യവിരുദ്ധർ; ഭർത്താവ് ഉപേക്ഷിച്ച നാല് മക്കളുടെ അമ്മയായ വാകത്താനം സ്വദേശിനിയ്ക്ക് എത്തുന്നത് അശ്ലീല സന്ദേശങ്ങളും നിലയ്ക്കാത്ത ഫോൺ കോളുകളും:- പോലീസിൽ പരാതി നൽകിയിട്ടും നമ്പർ മാറ്റാൻ എന്ന ഉപദേശം മാത്രം - ഫോൺ എടുക്കുന്ന മക്കളോട് പോലും കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ സംസാരിക്കാൻ തുടങ്ങിയതോടെ സഹികെട്ട് സോഷ്യൽ മീഡിയയിൽ വീട്ടമ്മ ചെയ്തത്...

ലൈംഗികത്തൊഴിലാളിയുടേതെന്ന പേരിൽ വീട്ടമ്മയുടെ നമ്പർ പ്രചരിപ്പിച്ച് സാമൂഹ്യവിരുദ്ധർ. കുടുംബം പോറ്റാൻ തയ്യൽജോലി ചെയ്യുന്ന വാകത്താനം സ്വദേശിനിക്കാണ് ഈ അവഹേളനത്തിൽ ജീവിതം വഴിമുട്ടിയത്. ശൗചാലയങ്ങളിലും ട്രെയിനിലും വീട്ടമ്മയുടെ മൊബൈല്‍ നമ്പര്‍ സാമൂഹികവിരുദ്ധര്‍ എഴുതിവച്ചിട്ടുണ്ട്. പോലീസിൽ പലവട്ടം പരാതി നൽകിയെങ്കിലും ചെറിയ നടപടിപോലുമില്ലാതെ വന്നതോടെ ഇനിയെന്ത് ചെയ്യണമെന്ന് അറിയാതെ മാനസികമായി തളർന്നിരിക്കുകയാണ് ഈ യുവതി.
പല സ്റ്റേഷനുകളിൽ മാറിമാറി പരാതി നൽകിയെങ്കിലും പോലീസിൽ നിന്നും ആകെ കിട്ടുന്ന പ്രതികരണം നമ്പർ മാറ്റുക എന്നുമാത്രമാണ്. വസ്ത്രം തുന്നിനൽകുന്ന ജോലി വർഷങ്ങളായി ചെയ്യുന്നതിനാൽ നമ്പർ മാറ്റുന്നത് തന്റെ ജോലിയെ ബാധിക്കില്ലേയെന്നാണ് ഇവരുടെ മറുചോദ്യം. ഇത്തിത്താനം കുരിട്ടിമലയിലാണ് വീട്ടമ്മ തയ്യൽസ്ഥാപനം നടത്തുന്നത്. ഭർത്താവ് ഉപേക്ഷിച്ചതിനെ തുടർന്ന് നാലുമക്കളുമായി തെങ്ങണയ്ക്കടുത്ത് വാടകയ്ക്ക് താമസിക്കുകയാണ് ജെസിമോൾ.
ഓരോ നിമിഷവും ശല്യപ്പെടുത്തി വരുന്ന വിളികളാണ് ഇവരെ വലയ്ക്കുന്നത്. ഒരു ദിവസം 50 കോളുകൾവരെയാണ് ഫോണിൽ വരുന്നത്. ഒരുനമ്പരിൽനിന്നുതന്നെ 30-ഉം അതിലധികവും കോളുകൾ. മക്കളാണ് ഫോണെടുക്കുന്നതെങ്കിൽ അവരോടും ഇതേ രീതിയിലാണ് സംസാരം. പോലീസിന്റെ ഭാഗത്തുനിന്ന് സംരക്ഷണം ലഭിക്കുമെന്ന പ്രതീക്ഷ നശിച്ചതോടെ സഹികെട്ട് വീട്ടമ്മ സാമൂഹിക മാധ്യമത്തിൽകൂടി സാമൂഹികവിരുദ്ധരുടെ അതിക്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞ് വീഡിയോ ഇട്ടു.
ഇതോടെയാണ് ഞെട്ടിക്കുന്ന ഇൗ സംഭവം പുറംലോകം അറിഞ്ഞത്. ഒറ്റ കാര്യം മാത്രമാണ് എല്ലാവരോടും പറയാനുള്ളത്. ‘എന്നെ ജീവിക്കാനനുവദിക്കൂ. ഞാൻ മോശക്കാരിയായ സ്ത്രീയല്ല. എന്നെ അങ്ങനെയാക്കാൻ ഞാൻ അനുവദിക്കില്ല. എന്റെ മക്കളെ ഞാൻ കഷ്ടപ്പെട്ടാണ് പഠിപ്പിക്കുന്നത്. അതിനും സമ്മതിക്കില്ലെന്നുവച്ചാൽ പിന്നെ ഞാനെന്ത് ചെയ്യും.’ ജെസിമോൾ പറയുന്നു. തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്നും കുറ്റക്കാരെ പൊലീസ് കണ്ടെത്തണമെന്നും വീട്ടമ്മ ആവര്‍ത്തിച്ചു ആവശ്യപ്പെടുന്നു.
ലൈംഗികത്തൊഴിലാളിയുടേതെന്ന പേരിൽ നമ്പർ പ്രചരിച്ചതോടെ അയൽവാസികളെയെയും നാട്ടുകാരെയും അഭിമുഖീകരിക്കാൻ പോലും ഈ വീട്ടമ്മ ഭയക്കുന്നു. അതേ സമയം സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറലായതോടെ സംഭവത്തിൽ നടപടി സ്വീകരിക്കാത്ത പോലീസിന്റെ അനാസ്ഥയ്ക്കെതിരെ വിമർശനം ഉയരുന്നുണ്ട്. ജില്ലാ പോലീസ് മേധാവിക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയെങ്കിലും കാര്യങ്ങൾ പഠിച്ചുവരികയാണെന്നായിരുന്നു പ്രതികരണം.
https://www.facebook.com/Malayalivartha


























