മോഹങ്ങള്‍ ബാക്കിയാക്കി.... സ്‌കൂളിലെത്തി പുതിയ ക്ലാസ് മുറിയിലിരുന്ന് പഠിക്കണമെന്നായിരുന്നു പതിമൂന്നുകാരിയുടെ മോഹം... ആ മുറ്റത്തേക്ക് അവസാനമായി ഇന്നലെ എത്തിയത് കളിചിരി മാഞ്ഞ് ചേതനയറ്റ അവളുടെ ശരീരം... കണ്ടു നില്‍ക്കാനാവാതെ വിങ്ങിപ്പൊട്ടി പ്രിയപ്പെട്ടവര്‍

മോഹം ബാക്കിയാക്കി.... സ്‌കൂളിലെത്തി പുതിയ ക്ലാസ് മുറിയിലിരുന്ന് പഠിക്കണമെന്നായിരുന്നു പതിമൂന്നുകാരിയുടെ മോഹം... ആ മുറ്റത്തേക്ക് അവസാനമായി ഇന്നലെ എത്തിയത് കളിചിരി മാഞ്ഞ് ചേതനയറ്റ അവളുടെ ശരീരം... കണ്ടു നില്‍ക്കാനാവാതെ വിങ്ങിപ്പൊട്ടി പ്രിയപ്പെട്ടവര്‍.
സെയ്ന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു സൈക്കിള്‍ അപകടത്തില്‍പ്പെട്ട് മരിച്ച വൃന്ദ വിനോദ്കുമാര്‍. കുട്ടിയുടെ മൃതദേഹം പൊതുദര്‍ശനത്തിനായി എത്തിച്ചപ്പോള്‍ പ്രിയപ്പെട്ടവര്‍ അത് താങ്ങാനാകാതെ വിങ്ങിപ്പൊട്ടി.
ചേവരമ്പലം കെ.എസ്.എച്ച്.ബി. ഫ്ലാറ്റില്‍ താമസിക്കുന്ന മലാപ്പറമ്പ് അരീക്കല്‍ഭവനത്തില്‍ വിനോദ്കുമാറിന്റെയും സരിതയുടെയും ഏകമകളാണ് വൃന്ദ. കൂട്ടുകാര്‍ക്കൊപ്പം ഓഗസ്റ്റ് നാലിന് രാവിലെ ഫ്ലാറ്റിന്റെ പരിസരത്ത് സൈക്കിളുമായി കളിക്കവേ വൃന്ദയുടെ സൈക്കിള്‍ മതിലിലിടിച്ച് മറിയുകയായിരുന്നു.
ശരീരത്തിലേക്കു വീണ സൈക്കിളിന്റെ ഹാന്‍ഡില്‍ വയറിലേക്ക് ഇടിച്ചു. വീട്ടില്‍ മടങ്ങിയെത്തിയ കുട്ടി ഛര്‍ദിച്ചതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇടിയുടെ ആഘാതത്തില്‍ കുട്ടിയുടെ പാന്‍ക്രിയാസിന് ക്ഷതമേറ്റിരുന്നു. ഇതാണ് മരണത്തിലേക്ക് നയിച്ചത്.
സര്‍ജറി നടത്തിയെങ്കിലും അണുബാധയെത്തുടര്‍ന്ന് വ്യാഴാഴ്ചയോടെ നില വഷളാവുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ വൃന്ദ മരണത്തിന് കീഴടങ്ങി. അഞ്ചാംതരം മുതല്‍ സെയ്ന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു വൃന്ദ.
പഠനത്തിലും നൃത്തത്തിലുമെല്ലാം മിടുക്കി. എത്രയും പെട്ടെന്ന് സ്‌കൂള്‍ തുറക്കുന്നതും കാത്തിരിക്കുകയായിരുന്നു അവള്‍. അതിനിടയിലാണ് അപ്രതീക്ഷിതിമായി പുതിയ സൈക്കിള്‍ അപകടത്തില്‍പ്പെട്ടതും കുട്ടി മരിച്ചതും. കൊതിയോടെ കാത്തിരുന്ന പുതിയ സൈക്കിള്‍ വൃന്ദയ്ക്ക് കിട്ടിയത് ഓഗസ്റ്റ് മൂന്നിന് വൈകീട്ടാണ്.
പിറ്റേന്ന് രാവിലെ കൂട്ടുകാര്‍ക്കൊപ്പം സൈക്കിളുമായി കളിക്കാന്‍ ഇറങ്ങിയപ്പോള്‍ അത് മരണത്തിലേക്കുള്ള വഴിയായി. സൈക്കിളില്‍നിന്ന് വീണപ്പോഴും ഛര്‍ദിച്ചപ്പോഴുമൊന്നും അത് ഇത്ര വലിയ അപകടമാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. വെള്ളിയാഴ്ച ആ കുരുന്ന് ജീവന്‍ പൊലിഞ്ഞപ്പോള്‍ ഞെട്ടലിലായിരുന്നു പ്രിയപ്പെട്ടവരെല്ലാം. ചേവരമ്പലം ഫ്‌ലാറ്റിലുള്ളവരുടെ മനസ്സിലും ഉള്ളത് ആ മിടുക്കിക്കുട്ടിയുടെ തെളിഞ്ഞ മുഖം മാത്രം.
സ്‌കൂളില്‍ പോകണമെന്ന ആഗ്രഹംപോലെ പ്രിയപ്പെട്ടതായിരുന്നു വൃന്ദയ്ക്ക് എന്‍.സി.സി.യില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നതും. ഏതാനും ദിവസം മുമ്പാണ് എന്‍.സി.സിയില്‍ ചേരുന്നതിന് അപേക്ഷിച്ചതും. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നുള്ള പ്രതീക്ഷയോടെയായിരുന്നു എല്ലാ കാര്യങ്ങളും ചെയ്തത്.
സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ അവസാനമായി യാത്രയാക്കാന്‍ എന്‍.സി.സി. നേവല്‍ വിങ്ങും ഉണ്ടായിരുന്നു. 'വളരെ മിടുക്കിയായിരുന്നു വൃന്ദ. സ്‌കൂളിലെത്തണമെന്ന് മാത്രമായിരുന്നു മോളുടെ ആഗ്രഹം'- ക്ലാസ് ടീച്ചര്‍ വിന്‍സി ബേബി വിതുമ്പി. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ നിധിഷ, പ്രധാനാധ്യാപിക സിസ്റ്റര്‍ റോസ്മിന്‍ എന്നിവരും വൃന്ദയെ കാണാനെത്തി.
"
https://www.facebook.com/Malayalivartha


























