നഗരസഭാ ജീവനക്കാര്‍ കാണിച്ച അതിക്രമങ്ങളില്‍ നടപടിയെടുക്കാതെ സര്‍ക്കാര്‍; അഞ്ചുതെങ്ങില്‍ ശക്തമായ സമരത്തിന് തയ്യാറായി മത്സ്യത്തൊഴിലാളികള്‍; ഞായറാഴ്ച മനുഷ്യചങ്ങല ചേരും, പതിനാറിന് മത്സ്യബന്ധനവും വിപണനവും പൂര്‍ണമായി ഒഴിവാക്കി റോഡ് ഉപരോധം

സർക്കാർ കാണിക്കുന്ന നീതികേടിന് പ്രതിഷേധിക്കാൻ ഒരുങ്ങി മൽസ്യത്തൊഴിലാളികൾ. അഞ്ചുതെങ്ങില്‍ നിന്നും മത്സ്യക്കച്ചവടത്തിന് പോയ അല്‍ഫോണ്‍സയോട് ആറ്റിങ്ങള്‍ നഗരസഭാ ജീവനക്കാര്‍ കാണിച്ച അതിക്രമങ്ങളില്‍ നടപടിയെടുക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം ശക്തമാക്കിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മത്സ്യത്തൊഴിലാളികള്‍. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി അഞ്ചുതെങ്ങില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചതായി ഫെറോനാ വികാരി ഫാദര്‍ ജസ്റ്റിന്‍ ജുഡിന്‍ അറിയിച്ചു.
ജസ്റ്റിന്‍ ജുഡിന്‍ ചെയര്‍മാനും ഫാദര്‍ ലൂസിയാന്‍ തോമസ് കണ്‍വീനറും ആയി പതിനഞ്ചംഗ ആക്ഷന്‍ കൗണ്‍സിലാണ് ഇതിനായി രൂപീകരിച്ചത്. ശക്തമായ പ്രതിഷേധവും സമരപരിപാടികളുമായി മുന്നോട്ട് പോകാന്‍ ആക്ഷന്‍ കൗണ്‍സില്‍ യോഗം തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് പതിനാലിന് ഇടവകതലത്തില്‍ മത്സ്യകച്ചവട സ്ത്രീകളുടെ പ്രതിഷേധ യോഗം സംഘടിപ്പിക്കും. പതിനഞ്ചിന് ജീവിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിച്ചതിനെതിരെ താഴംപള്ളി മുതല്‍ നെടുങ്ങണ്ട വരെ മനുഷ്യചങ്ങല തീര്‍ക്കുമെന്നാണ് തീരുമാനം. പതിനാറിന് മത്സ്യബന്ധനവും വിപണനവും പൂര്‍ണമായി ഒഴിവാക്കി അഞ്ചുതെങ്ങ് ജംഗ്ഷനില്‍ റോഡ് ഉപരോധിക്കും.
അതോടൊപ്പം തന്നെ ആരോപണവിധേയനായ നഗരസഭാ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്യുക, അല്‍ഫോണ്‍സയ്ക്കെതിരെ ചുമത്തിയിരിക്കുന്ന കേസുകള്‍ പിന്‍വലിക്കുക, അല്‍ഫോണ്‍സയ്ക്കും മേരിക്കും ഉള്‍പ്പടെ മത്സ്യക്കച്ചവടത്തിനിടെ അതിക്രമം നേരിട്ട മുഴുവന്‍ കച്ചവടക്കാര്‍ക്കും നഷ്ടപരിഹാരം നല്‍കുക, മത്സ്യകച്ചവടത്തിന് ഭൌതിക സാഹചര്യങ്ങള്‍ അതാതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തുക, കൊവിഡ് പശ്ചാത്തലത്തില്‍ വഴിയോര കച്ചവടത്തിന് അനുമതി നല്‍കുക, മത്സ്യകച്ചവടക്കാര്‍ക്കു മേല്‍ പോലീസ് ചുമത്തിയിരിക്കുന്ന അനാവശ്യ ഫൈന്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായാണ് ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























