കാഴ്ച നഷ്ടപ്പെട്ട പൂവന് കണ്ണായി കൃഷ്ണപ്രസാദ്, കൊല്ലാൻ തയ്യാറല്ല കണ്ടുപഠിക്കണം ഈ സ്നേഹം

വളർത്തു മൃഗങ്ങളെ വീട്ടിലെ ഒരു അംഗത്തെ പോലെ പരിപാലിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരാണ് നമ്മളിൽ പലരും.കുട്ടികളുടെ വളർച്ച നോക്കി കാണുന്നത് പോലെ തന്നെ നമ്മൾ നമ്മുടെ വളർത്തു മൃഗങ്ങളുടെ വളർച്ചയും കുറുമ്പും ഒക്കെ കണ്ട് ആസ്വദിക്കാറുണ്ട്.കുടുതലും നായകൾക്കും പൂച്ചയ്ക്കുമായി ഡിമാൻഡ്.കിളികളേം കോഴികളേം ഒക്കെ എല്ലാവരും വളർത്തുമെങ്കിലും അത്രകണ്ട് സ്നേഹവും പരിപാലനവും അവയ്ക്ക് നൽകുന്നത് ചുരുക്കമാണ്.കോഴികളെ തന്നെ എടുത്താൽ പലരും ഒരു പ്രായമെത്തി കഴിഞ്ഞാൽ അല്ലങ്കിൽ പാകമായാൽ നമ്മൾ വളർത്തുന്ന കോഴിയെ തന്നെ കറി വെക്കാറാണ് പതിവ്.എന്നാൽ ഇവിടെ പറയാനുള്ളത് നടക്കാവ് തിരുത്തിവയൽ സ്വദേശിയായ കൃഷ്ണപ്രസാദിനെ കുറിച്ചും അദ്ദേഹത്തിന്റെ അരുമയായ പൂവൻ കോഴിയെക്കുറിച്ചുമാണ്.
കൃഷ്ണപ്രസാദിന് രണ്ടു വർഷം മുമ്പ് പഞ്ചാബിൽ നിന്നും ഒരു സുഹൃത്ത് നൽകിയ കോഴികളിൽ ഒന്നിനെ അടവെച്ചു വിരിയിച്ചെടുത്തതാണ് ഈ പൂവൻകോഴി. ആദ്യം മറ്റു കോഴികളെ പോലെയായിരുന്നെങ്കിലും ആറ് മാസത്തിനു ശേഷം പനി വന്നതോടെ ഈ പൂവൻ്റെ കാഴ്ച നഷ്ടമായി. ഡോക്ടറെ കാണിച്ചപ്പോൾ കോഴിക്ക് ഇനി കാഴ്ച ലഭിക്കില്ലെന്ന് പറഞ്ഞു. എന്നാൽ കാഴ്ച നഷ്ടപ്പെട്ട ഈ മിണ്ടാപ്രാണിയെ കൈവിടാൻ കൃഷ്ണപ്രസാദ് തയ്യാറായില്ല. പുറത്തേക്കു വിട്ടാൽ മറ്റു ജീവികൾ ആക്രമിക്കുന്ന സാഹചര്യം ഉള്ളതിനാൽ തന്റെ വീടിന്റെ അടുക്കളയിൽ ഇവനെ വളർത്തി. രാവിലെയും വൈകിട്ടും രാത്രിയുമെല്ലാം കൃഷണപ്രസാദ് നൽകുന്ന വെള്ളവും തീറ്റയും കഴിക്കും. ഒരു ഗ്ലാസ് വെള്ളമാണ് ഇവന്റെ കണക്ക്. ഈ പൂവനൊപ്പം കൃഷ്ണപ്രസാദിന് മറ്റൊരു സുഹൃത്ത് മുഖേന ലഭിച്ച കാടക്കുട്ടിയും ഉണ്ട്.
പൂവനെ ടെറസിലേക്ക് മാറ്റി, പിന്നെ ജലപാനമില്ല
പൂവനും കാടയും അടുക്കളയിലും കാർഡ് ബോർഡ് പെട്ടിയിലുമായാണ് താമസം. അടുക്കള വൃത്തികേടാവുന്നതിനാൽ കോഴിയെ വീടിന്റെ ടെറസിലേക്കു മാറ്റിയിരുന്നു. എന്നാൽ ടെറസിലേക്കു മാറ്റിയ രണ്ടു ദിവസം പൂവൻ പട്ടിണി കിടന്നു. ഇതോടെ ക്ഷീണിതനായ കോഴിയെ കൃഷ്ണപ്രസാദ് വീണ്ടും അടുക്കളയിലേക്കു മാറ്റി. അപ്പോൾ കോഴി തീറ്റ തിന്നാനും എണീറ്റു നടക്കാനും തുടങ്ങി. കാടക്കുട്ടിയുടെ കൂടെ നിന്നും മാറ്റിയതുകൊണ്ടോ, വീട്ടുകാരുടെ ശബ്ദം കേൾക്കാതെ ടെറസിൽ ഒറ്റപ്പെട്ടു പോയതുകൊണ്ടോ ആവാം കോഴി ഇങ്ങനെ ചെയ്തതെന്നാണ് കൃഷ്ണപ്രസാദ് പറയുന്നത്.
https://www.facebook.com/Malayalivartha


























