കാണാൻ ഏറെ കൊതിച്ച സഹപാഠിയെ ചേതനയറ്റ നിലയിൽ കാണേണ്ടി വന്ന ദു:ഖത്തിൽ വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിലെ സഹപാഠികൾ; പഠനത്തിൽ മികവ് പുലർത്തി അധ്യാപകരുടെ പ്രശംസ ഏറ്റുവാങ്ങിയ മിടുക്കൻ ഇനി ഇല്ലെന്ന് വിശ്വസിക്കാനാകാതെ അധ്യാപകർ

ബാണാസുര ഡാം റിസർവോയറിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ട് കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ പതിനൊന്നാം മൈൽ ഭാഗത്ത് റിസർവോയറിൽ കാണാതായ ഡെനിൻ ജോസ് പോളിന്റെ(17 ) മൃതദേഹമാണ് കണ്ടെത്തിയത്.
സംഭവം നടന്ന വെള്ളിയാഴ്ച രാത്രി 9.30 വരെ വിദ്യാർഥിക്കു വേണ്ടി അഗ്നി രക്ഷാ സേനയും നാട്ടുകാരും തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുർക്കി ജീവൻ രക്ഷാ സമിതി, അഗ്നിരക്ഷാ സേന. പൊലീസ്, പിണങ്ങോട് ബ്രേവ് എമർജൻസി ടീം, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
അതേ സമയം ഏറെ നാളിനുശേഷം കാണാൻ കൊതിച്ച സഹപാഠിയെ ചേതനയറ്റ നിലയിൽ കാണേണ്ടി വന്ന ദു:ഖത്തിലായിരുന്നു പിണങ്ങോട് വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. ഡെനിൻ ജോസ് പോളിന്റെ മൃതദേഹം സ്കൂളിൽ പൊതുദർശനത്തിനു വച്ചപ്പോൾ കരച്ചിലടക്കാൻ അധ്യാപകരും സഹപാഠികളും പാടുപെട്ടു.
പഠനത്തിൽ മികവു പുലർത്തിയിരുന്നതിനാൽ കൂട്ടുകാരുടെ പാഠ്യ വിഷയത്തിലെ സംശയങ്ങൾ ദൂരീകരിക്കാനും ആവേശത്തോടെ ഡെനിൻ എത്താറുണ്ടായിരുന്നു. ഓൺലൈൻ ക്ലാസിൽ ഡെനിൻ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥിയായിരുന്നുവെന്ന് അധ്യാപകർ പറയുന്നു. ഏറെ നാളായി കാണാനാഗ്രഹിച്ച സുഹൃത്തിന്റെ ചേതനയറ്റ ശരീരം കാണേണ്ടിവന്ന നടുക്കത്തിലാണ് കൂട്ടുകാർ. സ്‌കൂളിലെ പോലെ തന്നെ വീട്ടിലും നാട്ടിലും ഏവർക്കും പ്രിയങ്കരനായ വിദ്യാർഥിയുടെ മരണം ഉൾക്കൊള്ളാൻ ആർക്കും കഴിഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha

























