ന സ്ത്രീ സ്വാതന്ത്ര്യ മര്‍ഹതേ... അഫ്ഗാനില്‍ നിന്നും താലീബാന്‍ കഥകള്‍ വരുമ്പോഴും കേരളത്തിലെ മുസ്ലീം ലീഗിന്റെ രീതി കണ്ട് മലയാളികള്‍ അന്തം വിടുന്നു; വനിതാ കമ്മീഷനില്‍ പരാതി നല്‍കിയതിന്റെ പേരില്‍ എം.എസ്.എഫ് വനിത കൂട്ടായ്മയായ ഹരിതയുടെ പ്രവര്‍ത്തനം തന്നെ മരവിപ്പിച്ച് മുസ്ലീം ലീഗ്

പരാതിക്കാരികളോട് മോശമായി പെരുമാറിയതിന്റെ പേരില്‍ വനിത കമ്മീഷന്‍ അധ്യക്ഷ ജോസഫൈന് പുറത്ത് പോകേണ്ടി വന്നിരുന്നു. ഇപ്പോഴിതാ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയതിന്റെ പേരില്‍ വനിത കൂട്ടായ്മയെ മരവിച്ചിരിക്കുകയാണ് മുസ്ലീം ലീഗ്. സ്ത്രീകള്‍ക്ക് ഒരു സ്വാതന്ത്ര്യവും നല്‍കാത്ത താലീബാന്‍ വാര്‍ത്തകള്‍ വരുന്ന സമയത്തുള്ള മുസ്ലീംലീഗിന്റെ ഈ കാടടച്ച നിയമം കേരളമാകെ ചര്‍ച്ചയാകുകയാണ്.
എം.എസ്.എഫ് വനിത കൂട്ടായ്മയായ ഹരിതയുടെ പ്രവര്‍ത്തനം മരവിപ്പിക്കാന്‍ മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റിയാണ് തീരുമാനിച്ചത്. ഗുരുതരമായ അച്ചടക്കലംഘനം നടത്തിയതിനാണ് നടപടിയെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം വ്യക്തമാക്കി.
സംഘടനയുടെ സംസ്ഥാന നേതൃത്വത്തിനെതിരെ വനിത കൂട്ടായ്മയിലെ പത്തു പേര്‍ ഉന്നയിച്ച പരാതിയിലെ പ്രശ്‌നം പരിഹരിക്കാന്‍ പാര്‍ട്ടി നേതൃത്വം ശ്രമിച്ചുകൊണ്ടിരിക്കെ ,വിഷയം പൊതുസമൂഹത്തിലേക്ക് എത്തിച്ചത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലെത്തുകയായിരുന്നു നേതൃത്വം. അശ്ലീല പരാമര്‍ശം നടത്തിയെന്ന ആരോപണത്തിന് വിധേയരായ എം.എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, പാര്‍ട്ടി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി.എ വഹാബ് എന്നിവരോട് രണ്ടാഴ്ചയ്ക്കകം വിശദീകരണം തേടും. വിശദീകരണം പരിഗണിച്ച ശേഷം തുടര്‍നടപടികളിലേക്ക് നീങ്ങും.
വനിതാ കമ്മിഷന്‍ മുമ്പാകെ പരാതിയുമായി എത്തിയവരെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് നേതൃയോഗത്തില്‍ ഒരു വിഭാഗം ആവശ്യമുയര്‍ത്തിയപ്പോള്‍, അത്തരം നീക്കം സംഘടനയ്ക്ക് ക്ഷീണം ചെയ്യുമെന്ന വാദമായിരുന്നു മറുവിഭാഗത്തിന്റേത്.
അതിനിടെ, ഹരിത നേതാക്കള്‍ വനിതാ കമ്മിഷന് സമര്‍പ്പിച്ച പരാതിയില്‍ കോഴിക്കോട് സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് അസി. കമ്മിഷണര്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സിറ്റി കമ്മിഷണര്‍ എ.വി ജോര്‍ജിന് സമര്‍പ്പിച്ചു. പരാതിക്കാരായ പത്ത് പെണ്‍കുട്ടികളും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ടില്‍. കോഴിക്കോട്ട് ചേര്‍ന്ന എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റിന്റെ ഭാഗത്തു നിന്നുണ്ടായ അസഭ്യ പരാമര്‍ശങ്ങളെച്ചൊല്ലിയാണ് പരാതി. വി.എ.വഹാബ് ഫോണിലൂടെ അസഭ്യം പറഞ്ഞെന്നും പരാതിയുണ്ട്.
ഹരിത സംസ്ഥാന നേതാക്കളുടെ പരാതിയില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി.എ വഹാബ് എന്നിവര്‍ക്കെതിരെ വെള്ളയില്‍ പൊലീസ് കേസെടുത്തു. ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്ന കുറ്റത്തിന് 354 (എ) വകുപ്പ് പ്രകാരം ജാമ്യമില്ലാ കേസാണ് രജിസ്റ്റര്‍ ചെയ്തത്. മൂന്നു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.
ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിക്കാന്‍ മുസ്‌ളിം ലീഗ് നേതൃത്വം തീരുമാനിച്ചതിന് തൊട്ടുപിന്നാലെ ഹരിത സാരഥികള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വൈകാതെ അറസ്റ്റുണ്ടാവുമെന്നാണ് സൂചന.
എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഓഫീസായ ഹബീബ് സെന്ററില്‍ കഴിഞ്ഞ ജൂണ്‍ 22ന് ചേര്‍ന്ന യോഗത്തില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തില്‍ സംസാരിച്ചുവെന്ന് പരാതിയില്‍ ആരോപിക്കുന്നു. വെള്ളയില്‍ പൊലീസ് സ്‌റ്റേഷന്റെ പരിധിയിലാണ് ഹബീബ് സെന്റര്‍ സ്ഥിതി ചെയ്യുന്നത്.
അതേസമയം എം.എസ്.എഫിന്റെ വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന കമ്മിറ്റിയെ മരവിപ്പിച്ചതിന് പിന്നില്‍ പാണക്കാട് കുടുംബത്തിലെ ഉന്നതന്റെ ഇടപെടലെന്ന് സൂചന. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ അനാരോഗ്യത്തെ തുടര്‍ന്ന് ഇദ്ദേഹമാണ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നത്. ഇദ്ദേഹത്തിന്റെ നോമിനിയായാണ് പി.കെ. നവാസ് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റായത്.
ആരോപണവിധേയര്‍ക്ക് വിശദീകരണം നല്‍കാന്‍ രണ്ടാഴ്ചത്തെ സമയം നല്‍കിയതും ഇദ്ദേഹത്തിന്റെ ഇടപെടലിലാണ്. സ്ത്രീവിരുദ്ധ പാര്‍ട്ടിയെന്ന പേരുദോഷം കേള്‍ക്കേണ്ടിവരുമെന്ന മുതിര്‍ന്ന നേതാക്കളുടെ മുന്നറിയിപ്പും എതിര്‍പ്പും അവഗണിക്കുകയായിരുന്നു. ഹരിതയെ പിരിച്ചുവിടാനും നീക്കമുണ്ട്.
"
https://www.facebook.com/Malayalivartha

























