ആശാന് കാലിടറുന്നു... വനിതാ വിഭാഗമായ ഹരിത കമ്മിറ്റി മരവിപ്പിക്കാനുള്ള മുസ്‌ലിം ലീഗ് തീരുമാനത്തിന് കനത്ത തിരിച്ചടി; ഗൗരിയമ്മ തന്റെ ഹീറോയെന്ന് ഫാത്തിമ തെഹലിയ; എംഎസ്എഫില്‍ പൊട്ടിത്തെറി; നീതിയില്ലെങ്കില്‍ നീ തീയാവുക പുതിയ മുദ്രാവാക്യം

സ്ത്രീ കൂട്ടായ്മയെ ഒതുക്കി വനിത കമ്മീഷനിലെ പരാതി പിന്‍വലിക്കാനുള്ള മുസ്ലീം ലീഗിന്റെ മോഹം മോഹം മാത്രമായി. വനിതാ വിഭാഗമായ ഹരിത കമ്മിറ്റി മരവിപ്പിക്കാനുള്ള മുസ്‌ലിം ലീഗ് തീരുമാനത്തിനു പിന്നാലെ എംഎസ്എഫില്‍ പൊട്ടിത്തെറി. നേതൃത്വത്തിനെതിരെ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹലിയ പരോക്ഷമായി പ്രതികരിച്ചു. ഫെയ്‌സ്ബുക് കുറിപ്പിലൂടെയാണു തെഹലിയയുടെ പ്രതികരണം.
ഇഎംഎസ് അല്ല, പാര്‍ട്ടിയിലെ പെണ്ണുങ്ങള്‍ തന്റെ ചൊല്‍പ്പടിക്ക് നില്‍ക്കണമെന്ന ഇഎംഎസിന്റെ ആണ്‍ അഹന്തയ്‌ക്കെതിരെ പൊരുതിയ കെ.ആര്‍.ഗൗരി ആണെന്റെ ഹീറോ എന്നാണ് തെഹലിയ കുറിച്ചത്. തെഹലിയയെ വിമര്‍ശിച്ചും പിന്തുണച്ചും ഒട്ടേറെപ്പേര്‍ രംഗത്തെത്തി.
ഇതിനിടെ, എംഎസ്എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എ.പി.അബ്ദു സമദ് പാര്‍ട്ടിയില്‍നിന്നു രാജിവച്ചു. രാജിക്കത്ത് ലീഗ് ജനറല്‍ സെക്രട്ടറിക്കു കൈമാറി. പാര്‍ട്ടിയുടെ സ്ത്രീവിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ചാണു തീരുമാനമെന്നു സമദ് അറിയിച്ചു. കൂടുതല്‍ നേതാക്കള്‍ രാജിസന്നദ്ധത അറിയിച്ചെന്നും സൂചനയുണ്ട്.
മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരാലി തങ്ങളുടെ മകന്‍ മുഈന്‍ അലി തങ്ങള്‍ അഴിച്ചു വിട്ട കൊടുങ്കാറ്റ് ഇപ്പോഴും അവസാനിച്ചിട്ടില്ല. അതിന്റെ കെടുതി കെട്ടടങ്ങും മുന്‍പാണ് വിദ്യാര്‍ഥി വിഭാഗത്തില്‍നിന്നു മറ്റൊരു തീപ്പൊരി. വിദ്യാര്‍ഥി വിഭാഗമായ എംഎസ്എഫിന്റെ നേതാക്കള്‍ക്കെതിരെ വനിതാ വിഭാഗമായ ഹരിതയുടെ ഭാരവാഹികളാണ് പരാതി നല്‍കിയത്. സ്ത്രീകളോടുള്ള മോശം പെരുമാറ്റമാണ് പരാതിയെങ്കിലും ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങള്‍ തന്നെയാണു പരാതിക്കു പുറകിലുള്ള കാരണം. ഒടുവില്‍ ഹരിത സംസ്ഥാന കമ്മിറ്റിയെ മരവിപ്പിച്ചെന്നു ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം അറിയിച്ചതോടെ, തിരഞ്ഞെടുപ്പിനു ശേഷം കലങ്ങി മറിഞ്ഞു കൊണ്ടിരിക്കുന്ന ലീഗിലെ സ്ഥിതിഗതികള്‍ കലങ്ങിത്തെളിയുമോ എന്നാണു പ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നത്.
ലീഗില്‍ സ്ത്രീകളോടുള്ള നിലപാട് കാലോചിതമല്ലെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെയാണു പുതിയ പരാതി. 25 വര്‍ഷത്തിനു ശേഷമാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു വനിതയ്ക്കു ലീഗ് സീറ്റ് നല്‍കിയത്. കോഴിക്കോട് സൗത്തില്‍ മത്സരിച്ച ലീഗ് ദേശീയ സെക്രട്ടറി നൂര്‍ബിന റഷീദിനെ കാലുവാരിത്തോല്‍പ്പിക്കുകയായിരുന്നെന്ന പരാതി നിലനില്‍ക്കുന്നുമുണ്ട്. പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം നേതാക്കളുടെ പിന്തുണയോടെയാണ് ഐഎന്‍എല്‍ സ്ഥാനാര്‍ഥി അഹമ്മദ് ദേവര്‍കോവില്‍ വിജയിച്ചതെന്ന നൂര്‍ബിനയുടെ പരാതി പാര്‍ട്ടിക്കു മുന്‍പിലുണ്ട്. ഇതിനു തൊട്ടു പുറകെയാണ് ഹരിത വിഭാഗം സംസ്ഥാന കമ്മിറ്റിക്കാരുടെ പരാതി.
പ്രധാനമായും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി എന്നിവര്‍ക്കെതിരെയാണ് 10 സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ഒപ്പിട്ടു പരാതി നല്‍കിയിരിക്കുന്നത്. എംഎസ്എഫിന്റെ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുത്ത ഭാരവാഹിയെ അഭിസാരികയെന്ന് അഭിസംബോധന ചെയ്‌തെന്നാണു പ്രധാന പരാതി. എംഎസ്എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗിക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങള്‍ ഉന്നയിക്കുകയും അപമാനിക്കുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗവും ഹരിതയുടെ മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുമായ എം. ഷിഫയുടെ ഫെയ്‌സ്ബുക് പോസ്റ്റോടെയാണ് ലോകം അതറിഞ്ഞത്.
എംഎസ്എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി വാട്‌സാപ് ഗ്രൂപ്പില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ഹരിത ഭാരവാഹികളെ പരിഹസിക്കുന്നു. നേതൃത്വം അനങ്ങുന്നില്ല. ഞങ്ങള്‍ പിന്നെ എന്തു ചെയ്യണം? നീതിയില്ലെങ്കില്‍ നീ തീയാവുക എന്നാണ് ഷിഫ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഇതോടെ തീ ആളിപ്പടര്‍ന്നു. ഇതിന് പിന്നാലെയാണ് ഫാത്തിമ രംഗത്തെത്തിയത്.
"
https://www.facebook.com/Malayalivartha

























