മൂവാറ്റുപുഴ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു

മൂവാറ്റുപുഴ തൃക്കളത്തൂരില്‍ ലോറിയും കാറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. പുറപ്പുഴ മൂക്കിലകാട്ടില്‍ അമര്‍നാഥ് ആര്‍ പിള്ള (ഹരികുട്ടന്‍ 20)ആണ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ പത്തോടെ മരിച്ചത്. അപകടത്തില്‍ തൊടുപുഴ പുറപ്പുഴ സ്വദേശികളായ മൂക്കിലകാട്ടില്‍ രാജേന്ദ്രന്റെ മകന്‍ ആദിത്യന്‍ (23), കുന്നേല്‍ ബാബുവിന്റെ മകന്‍ വിഷ്ണു (24), സഹോദരന്‍ അരുണ്‍ ബാബു(22)എന്നിവര്‍ ഇന്നലെ മരിച്ചിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ നാലോടെ എംസി റോഡില്‍ തൃക്കളത്തൂര്‍ കാവുംപടിക്ക് സമീപത്തായിരുന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത്. മണ്ണുമാന്തി യന്ത്രം കയറ്റി തൃശൂരിലേക്ക് പോവുകയായിരുന്ന ലോറിയും, മൂവാറ്റുപുഴ ഭാഗത്തേക്ക് വരുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന് നാട്ടുകാരും, പോലീസും,അഗ്‌നിശമനസേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും മൂന്ന് പേര്‍ ഇന്നലെ മരണപ്പെട്ടിരുന്നു. ബാംഗ്ലൂരില്‍ നിന്നും ബന്ധുവിന് കാര്‍ വാങ്ങിയ ശേഷം ഇരുകാറുകളിലായി മടങ്ങവെയായിരുന്നു അപകടം. പിന്നാലെ മറ്റൊരു കാറില്‍ ബന്ധുവും ഉണ്ടായിരുന്നു. ആദിത്യന്റെയും, വിഷ്ണുവിന്റെയും, അരുണിന്റെയും സംസ്‌ക്കാരം ഇന്നലെ നടത്തി. അമര്‍നാഥിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
https://www.facebook.com/Malayalivartha



























