വരച്ച വരയിൽ നിന്നോണം, ഇല്ലേൽ ഇനി വിവരമറിയും! വടിയെടുത്ത് പോലീസ്... സീബ്രാലൈനിൽ തൊട്ടാൽ പൊള്ളും...

സീബ്രാ ലൈനുകളിലെ വര തൊട്ടാല്‍ ഇനി തൊട്ടവനെ പൂട്ടാൻ ഒരുങ്ങിയിരിക്കുകയാണ് ഇപ്പോൾ പോലീസ്. ട്രാഫിക്ക് സിഗ്നലുകളിലെ സീബ്രാ ലൈനില്‍ വാഹനങ്ങള്‍ കയറ്റി നിര്‍ത്തുന്നത് റോഡുകളിലെ സ്ഥിരം കാഴ്ചയാണ്. ഇത്തരക്കാരെ നിലയ്ക്ക് നിര്‍ത്താനാണ് കൊച്ചി സിറ്റി പോലീസ് പുതിയ രീതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ആദ്യ ഘട്ടത്തിൽ, ചുവപ്പു സിഗ്നൽ ലഭിച്ചാൽ സീബ്രാ ലൈനിനു പിന്നിൽ വാഹനങ്ങൾ നിർത്തണമെന്നു ഡ്രൈവർമാരെ ഉപദേശിക്കുകയാണ് ഡ്യൂട്ടിയിലുള്ള ഹോംഗാർഡ് ഉൾപ്പടെയുള്ളവർ. ഏതാനും ദിവസം കൂടി ഇതു തുടർന്ന ശേഷം വരകളിലേക്കു വാഹനങ്ങൾ കയറ്റി നിർത്തുന്നവരിൽ നിന്നു പിഴ ഈടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇക്കാര്യത്തിൽ ഡ്യൂട്ടി ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയതായി കൊച്ചി ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർ ടി.ബി. വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. സിഗ്നലുകളിൽ പലപ്പോഴും കാൽനട യാത്രക്കാർ പച്ച സിഗ്നൽ ലഭിച്ചു റോഡു മുറിച്ചു കടക്കാൻ എത്തുമ്പോൾ സീബ്ര വരികളിൽ നിറയെ വാഹനങ്ങൾ കാണുന്നതാണ് പതിവ്. ഇതിനിടയിലൂടെ കടന്നു പോകാനാവാതെ പ്രായമായവരും കുട്ടികളും പ്രയാസപ്പെടുന്നതും പതിവു കാഴ്ചയാണ്.
മിക്കപ്പോഴും സിഗ്നൽ നിയന്ത്രിക്കുന്ന പൊലീസുകാരും ഇത് ശ്രദ്ധിക്കാതെ വിട്ടു കളയുകയാണ് പതിവ്. ഇനി അതു നടപ്പില്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. കേരളാ മോട്ടര്‍ വെഹിക്കിള്‍ ആക്ട് 365 പ്രകാരം സീബ്ര വരകളിൽ കയറ്റി വാഹനം നിർത്തുന്നത് നിയമലംഘനമാണ്. എന്തായാലും പിഴയടയ്ക്കേണ്ടി വരും.
ഹെൽമറ്റ്, സീറ്റ് ബെൽറ്റ്, വേഗനിയന്ത്രണ നിയമങ്ങളെപ്പോലെ കർശനമായി നടപ്പാക്കാനുള്ളതാണ് സീബ്ര വരകൾ കാൽനട യാത്രക്കാർക്കു നൽകുകയെന്നതെന്നു അസിസ്റ്റന്റ് കമ്മിഷണർ പറഞ്ഞു. സിഗ്നലുകളിൽ അല്ലാതെയുള്ള സീബ്ര വരകളിൽ കാൽനട യാത്രക്കാർക്കു മുറിച്ചു കടക്കാൻ മുൻഗണനയോടെ വാഹനങ്ങൾ നിർത്തിക്കൊടുക്കണം എന്നാണ് നിയമം. സിഗ്നലുകളില്‍ പലപ്പോഴും കുട്ടികളും പ്രായമായവരുമടങ്ങുന്ന കാല്‍നട യാത്രക്കാരായവര്‍ക്ക് പച്ച സിഗ്നല്‍ ലഭിച്ചു കഴിഞ്ഞാലും റോഡ് മുറിച്ചു കടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.
വാഹനം ഓടിക്കുന്നവർ ഇതു മിക്കപ്പോഴും പാലിക്കാറില്ലെന്നു മാത്രമല്ല, മുറിച്ചു കടക്കുന്നവരെ ഗ്ലാസ് താഴ്ത്തി മോശം വാക്കുകൾ കൊണ്ട് അപമാനിക്കുന്നതും പതിവാണ്. ഇതിനെതിരെയും കർശന നടപടിയുണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്. തൊട്ടടുത്തു സീബ്ര വരകളുണ്ടെങ്കിലും അത് അവഗണിച്ച് തോന്നുംപടി വഴിമുറിച്ചു കടക്കുന്ന കാൽനടക്കാര്‍ക്കും പൊലീസ് മുന്നറിയിപ്പു നൽകുന്നുണ്ട്. ഇത്തരത്തിൽ റോഡ് മുറിച്ചു കടക്കുന്നവരാണ് അപകടത്തിൽ പെടുന്നതെന്നു മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് മിക്ക പ്രധാന റോഡുകളിലും സീബ്ര വരകൾ ഉണ്ടെന്നിരിക്കെയാണ് ഇത് അവഗണിച്ചുള്ള റോഡ് മുറിച്ചു കടക്കൽ. ഓരോ തവണയും പുതിയ പൊലീസ് മേധാവികൾ വരുമ്പോഴും റോഡ് സുരക്ഷയ്ക്കായി കർശനനിയമങ്ങൾ നടപ്പാക്കാൻ നിർദേശിക്കാറുണ്ടെങ്കിലും പലതും നടപ്പാകാറില്ല.
പകരം ഹെൽമറ്റ്, സീറ്റ് ബെൽറ്റ് നിയമങ്ങൾ നടപ്പാക്കാൻ കോടതിയുടെ കർശന നിർദേശമുള്ളതിനാൽ തടഞ്ഞു നിർത്തി പിഴ ഈടാക്കുകയും ചെയ്യും. അതുമാറി, ഇനി ട്രാഫിക് നിയമലംഘനങ്ങൾക്ക് കനത്ത പിഴ നൽകേണ്ടിവരുമെന്നും പൊലീസ് താക്കീത് നൽകുന്നുണ്ട്.
https://www.facebook.com/Malayalivartha
























