ഷിബുവിന്റെ ഹൃദയവുമായി ഹെലികോപ്ടര്‍ എറണാകുളത്തെത്തി, ആംബുലന്‍സില്‍ വെറും നാലുമിനിട്ടുകൊണ്ട് ജനറല്‍ ആശുപത്രിയിലുമെത്തി

തിരുവനന്തപുരത്ത് മസ്തിഷ്‌കമരണം സംഭവിച്ച ഷിബുവിന്റെ ഹൃദയവുമായി പറന്ന ഹെലികോപ്ടര്‍ കൊച്ചിയിലെ ഹയാത്ത് ഗ്രൗണ്ടില്‍ ലാന്‍ഡ് ചെയ്തു. ഇവിടെ നിന്ന് ഡോക്ടര്‍മാരടങ്ങുന്ന സംഘം ഹൃദയവുമായി ആംബുലന്‍സില്‍ വെറും നാലുമിനിട്ടുകൊണ്ടാണ് എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിയത്. കൊച്ചിയിലെ തിരക്കേറിയ റോഡിലൂടെയാണ് ആംബുലന്‍സ് വാഹനം കടന്നുപോയത്. ഇതിനുമുന്നോടിയായി തന്നെ റോഡ് പൂര്‍ണമായും സജീകരിച്ചിരുന്നു. പൊലീസ് പൈലറ്റ് വാഹനത്തിന്റെ അകമ്പടിയോടെയാണ് ആംബുലന്‍സ് കടന്നുപോയത്. ഉടന്‍ തന്നെ ശസ്ത്രക്രിയ ആരംഭിക്കുമെന്നാണ് വിവരം.
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഹൃദയം വഹിച്ച ഹെലികോപ്ടര്‍ തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്ന് പറന്നുയര്‍ന്നത്. 11.40ന് തന്നെ ആഭ്യന്തര വകുപ്പിന്റെ ഹെലികോപ്ടര്‍ ഗ്രൗണ്ടിലെത്തിയിരുന്നു. പിന്നീട് ശസ്ത്രക്രിയക്കുശേഷം 'ഹൃദയം' കൊ സോട്ടയുടെ വാഹനത്തില്‍ ഗ്രൗണ്ടിലെത്തിക്കുകയായിരുന്നു. നേപ്പാള്‍ സ്വദേശിനി ദുര്‍ഗയിലാണ് ഷിബുവിന്റെ ഹൃദയം തുന്നിച്ചേര്‍ക്കുന്നത്.
ഹൃദയത്തിനുപുറമെ ഷിബുവിന്റെ രണ്ട് വൃക്കകള്‍, കരള്‍, രണ്ട് നേത്ര പടലങ്ങള്‍, സ്‌കിന്‍ എന്നിവയും ദാനം ചെയ്യുന്നുണ്ട്. ഒരു വൃക്കയും കരളും കിംസിലെ രോഗിയില്‍ മാറ്റിവച്ചു. ഹാര്‍ട്ട് വാല്‍വ്, നേത്രപടലങ്ങള്‍ എന്നിവ രോഗികള്‍ക്ക് കൈമാറാനായി സൂക്ഷിച്ചുവയ്ക്കും. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മുന്‍പ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നിട്ടുണ്ടെങ്കിലും ഒരു ജില്ലാ തല ആശുപത്രിയില്‍ ഇത് ആദ്യമായാണ്. കഴി!ഞ്ഞ വര്‍ഷം ഡിസംബറില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള ലൈസന്‍സ് സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പ്രക്രിയ ഏകോപിപ്പിക്കുന്ന കെ സോട്ടോ, എറണാകുളം ജനറല്‍ ആശുപത്രിക്ക് കൈമാറിയിരുന്നു.
ശസ്ത്രക്രിയ നടത്താന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി സൂപ്രണ്ട് ഡോ. ഷഹിര്‍ഷാ അറിയിച്ചു.കഴിഞ്ഞ ആറ് മാസത്തിലധികമായി ജനറല്‍ ആശുപത്രിയില്‍ ദുര്‍ഗ ചികിത്സയിലാണ്. ഹൃദയസംബന്ധമായ ഹൈപ്പര്‍ട്രോഫിക് കാര്‍ഡിയോമയോപ്പതി എന്ന രോഗത്തിനടിമയാണ് യുവതി. അമ്മയും സഹോദരിയും ഇതേ അസുഖം ബാധിച്ചാണ് മരിച്ചത്. പിതാവും നേരത്തേ മരിച്ചിരുന്നു. സഹോദരന്‍ മാത്രമാണ് ഇപ്പോള്‍ കൂട്ടിനുള്ളത്. നേപ്പാളിലെ അനാഥാലയത്തില്‍ പഠിച്ചു വളര്‍ന്ന ദുര്‍ഗയ്ക്ക് ഇതിന്റെ നടത്തിപ്പുകാരനായ മലയാളിയാണ് കേരളത്തിലെ ചികിത്സയെക്കുറിച്ച് പറയുന്നത്.
https://www.facebook.com/Malayalivartha























