ഉപ്പും മുളകും സീരിയല്‍ താരം ജൂഹി രുസ്തഗിയുടെ മാതാവ് വാഹനാപകടത്തില്‍ മരിച്ചു; അപകടം സംഭവിച്ചത് മകനൊപ്പം ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ

സീരിയല്‍ താരം ജൂഹി രുസ്തഗിയുടെ അമ്മ ഇരുമ്പനത്ത് വാഹനാപകടത്തില്‍ മരിച്ചു. വാഴക്കാല വിവി ഗാര്‍ഡനില്‍ കുരീക്കാട് ആളൂര്‍പ്പറമ്ബില്‍ ഭാഗ്യലക്ഷ്മിയാണ് (56) മരിച്ചത്.
ശനി പകല്‍ 11.45ന് ഇരുമ്ബനം സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ എച്ച്‌പിസിഎല്ലിനു മുന്നിലായിരുന്നു അപകടം. മകന്‍ ചിരാഗ് രുസ്തഗിക്കൊപ്പം ഇരുചക്രവാഹനത്തിനുപിന്നില്‍ യാത്ര ചെയ്യുകയായിരുന്ന ഭാഗ്യലക്ഷ്മിയെയും മകനെയും പിന്നാലെ വന്ന കുടിവെള്ള ടാങ്കര്‍ ഇടിച്ചിടുകയായിരുന്നു. തെറിച്ചുവീണ ഭാഗ്യലക്ഷ്മിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. ഭാഗ്യലക്ഷ്മി സ്ഥലത്തുവച്ച് തന്നെ മരിച്ചു.
മകന്‍ ചിരാഗ് രുസ്തഗിക്ക് നിസ്സാര പരിക്കേറ്റു. ഭാഗ്യലക്ഷ്മിയുടെ മൃതദേഹം സണ്‍റൈസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ഞായറാഴ്ച എരുവേലി ശാന്തിതീരം പൊതുശ്മശാനത്തില്‍. ഭര്‍ത്താവ്: പരേതനായ രഘുവീര്‍ ശരണ്‍. ‘ഉപ്പും മുളകും’ ടിവി പരമ്ബരയില്‍ ലച്ചുവെന്ന കഥാപാത്രമായാണ് ജൂഹി അഭിനയിച്ചത്.
https://www.facebook.com/Malayalivartha
























