സംസ്ഥാന ആസൂത്രണ ബോർഡിലെ എന്റെ ഓഫീസിൽ ഒരു ചിത്രമേ ഉണ്ടായിരുന്നുള്ളൂ; ചപ്പാരപ്പടവിലെ ജനകീയ പാലം നിർമ്മാണത്തിന്റേത് ; തികച്ചും നാടൻ സാങ്കേതികവിദ്യയിലൂടെ ഇതു സാധിക്കാമെന്ന് ഉറപ്പുനൽകിയത് ‘കുളങ്ങരകത്ത് കുമാരൻ’ ആയിരുന്നു ; ഈ പോസ്റ്റ് അദ്ദേഹത്തിനുള്ള ആദരവാണ്- തോമസ് ഐസക്ക്

ജനകീയാസൂത്രണ ചരിത്രത്തെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകൾ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുൻ മന്ത്രി തോമസ് ഐസക് പങ്കുവയ്ക്കാറുണ്ട്. ഇത്തവണ അദ്ദേഹം പറഞ്ഞിരിക്കുന്നത് സംസ്ഥാന ആസൂത്രണ ബോർഡിലെ തന്റെ ഓഫീസിൽ ഉണ്ടായിരുന്ന ഒരു ചിത്രത്തെ കുറിച്ചാണ്.
സംസ്ഥാന ആസൂത്രണ ബോർഡിലെ എന്റെ ഓഫീസിൽ ഒരു ചിത്രമേ ഉണ്ടായിരുന്നുള്ളൂ- ചപ്പാരപ്പടവിലെ ജനകീയ പാലം നിർമ്മാണത്തിന്റേത്. അധ്വാനത്തിന്റെ മഹത്വം വിളംബരം ചെയ്യുന്ന ആ മനോഹര ചിത്രങ്ങളിൽ നിന്നു സന്ദേശങ്ങൾ പലതും വായിച്ചെടുക്കാം. സന്നദ്ധസേവനത്തിന്റെയും സംഭാവനയുടെയും ഉത്തമമാതൃകയായിരുന്നു അതെന്ന് അദ്ദേഹം ഓർത്തെടുക്കുന്നു. കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ;
സംസ്ഥാന ആസൂത്രണ ബോർഡിലെ എന്റെ ഓഫീസിൽ ഒരു ചിത്രമേ ഉണ്ടായിരുന്നുള്ളൂ- ചപ്പാരപ്പടവിലെ ജനകീയ പാലം നിർമ്മാണത്തിന്റേത്. ചന്ദ്രാനന്ദൻ ഈ പാലം നിർമ്മാണത്തിന്റെ ഒരു പരമ്പര ചിത്രങ്ങൾ എടുത്തിരുന്നു. അതിലൊന്ന് പല മടങ്ങ് വലുതാക്കി ചുവരിൽ തൂക്കി. അധ്വാനത്തിന്റെ മഹത്വം വിളംബരം ചെയ്യുന്ന ആ മനോഹര ചിത്രങ്ങളിൽ നിന്നു സന്ദേശങ്ങൾ പലതും വായിച്ചെടുക്കാം.
സന്നദ്ധസേവനത്തിന്റെയും സംഭാവനയുടെയും ഉത്തമമാതൃകയായിരുന്നു. പഞ്ചായത്ത് ഫണ്ടിൽ നിന്നും ഒരു പൈസപോലും ചെലവായില്ല. കക്ഷിഭേദമന്യേ നാടുമുഴുവൻ ഒന്നിച്ചതിന്റെ ഫലമായിരുന്നു.
നാട്ടറിവിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ കണ്ടെത്തിയ പരിഹാരം. ഒരാൾപ്പൊക്കത്തിൽ വെള്ളമുള്ള നദിയിൽ എങ്ങനെ പാലത്തിന്റെ കാലുകൾ നാട്ടും? തികച്ചും നാടൻ സാങ്കേതികവിദ്യയിലൂടെ ഇതു സാധിക്കാമെന്ന് ഉറപ്പുനൽകിയത് ‘കുളങ്ങരകത്ത് കുമാരൻ’ ആയിരുന്നു. ഈ പോസ്റ്റ് അദ്ദേഹത്തിനുള്ള ആദരവാണ്.
നീളമുള്ള വലിയ ചൂടിക്കയർ രണ്ടു കരയിലുമായി വച്ചുകെട്ടി അളന്നു തിട്ടപ്പെടുത്തി. 82.5 മീറ്റർ നീളം. കയറിൽ ഓരോ അഞ്ചു മീറ്റർ അളന്നു കെട്ടിട്ട് അടയാളപ്പെടുത്തി. കെട്ടുകൾക്കു കീഴിൽ നദിയുടെ ആഴം അളന്നു.
ശരാശരി 2.5 മീറ്റർ. തെങ്ങിന്റെ മൂപ്പുള്ള ചുവടറ്റം ആറു മീറ്റർ നീളത്തിൽ മുറിച്ചെടുത്തു ചെത്തിമുനയാക്കി വെള്ളത്തിനടിയിൽ മണലിൽ ഇറക്കിയായിരുന്നു പൈലിംങ്. ഇങ്ങനെ 32 തൂണികൾ ഉറപ്പിച്ചു.
സമാന്തരമായ ഓരോ ജോഡി തൂണുകൾക്കും 30 സെന്റീമീറ്റർ കനമുള്ള റണ്ണറുകൾ പിടിപ്പിച്ചു. റണ്ണറിനുമീതെ 10 മീറ്റർ നീളമുള്ള ആറു കവുങ്ങു വീതം നിരത്തി. ആകെ 60 കവുങ്ങുകൾ.
അതിനുമീതെ ഒരു മീറ്റർ നീളമുള്ള 545 പലകകൾ കൂടി ഉറപ്പിച്ചു. തുടർന്ന് അറുപതോളം കവുങ്ങിൻ കുറ്റികൾ കൈതാങ്ങായിക്കൂടി പിടിപ്പിച്ചതോടെ പാലം റെഡി.
ഈ നിർമ്മാണരീതി ഒട്ടേറെ കൗതുകമുണർത്തി. അതുകൊണ്ട് ചപ്പാരപ്പടവു പഞ്ചായത്ത് പാലത്തിന്റെ ഒരു മാതൃകയും, നിർമ്മാണം സംബന്ധിച്ച ചാർട്ടുകളും തയ്യാറാക്കി.
പല പലിശീലനവേദികളിലും ഇത് അവതരിപ്പിക്കപ്പെട്ടു. അവസാനം കൊടുത്തിരിക്കുന്ന മൂന്നു ചിത്രങ്ങൾ കോഴിക്കോട് സാമുതിരീസ് സ്കൂളിൽ വച്ചുനടന്ന നാലാംഘട്ട പരിശീലനത്തിന്റെ വേദിയിൽ നടത്തിയ അവതരണങ്ങളുടേതാണ്.
https://www.facebook.com/Malayalivartha
























