മുഖ്യമന്ത്രി പിണറായി വിജയനു മുന്നില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തന്റെ പാര്‍ട്ടിയുടെ അസ്ഥിത്വം പണയം വച്ചു ; ആനി രാജയെ വിമര്‍ശിക്കുക വഴി സിപിഎമ്മിനോടുള്ള അസാധാരണമായ വിധേയത്വമാണ് സിപിഐ പ്രകടിപ്പിച്ചിരിക്കുന്നത്; ആരോപണവുമായി കെ. സുധാകരന്‍ എംപി

മുഖ്യമന്ത്രി പിണറായി വിജയനു മുന്നില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തന്റെ പാര്‍ട്ടിയുടെ അസ്ഥിത്വം പണയം വച്ചെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി.
കേരളത്തില്‍ ഭീതിദമായ രീതിയില്‍ വര്‍ധിച്ചുവരുന്ന സ്ത്രീകള്‍ക്കെതിരായ അക്രമസംഭവങ്ങളില്‍ പ്രതികരിച്ച സിപിഐയുടെ വനിതാ ദേശീയ നേതാവ് ആനി രാജയെ വിമര്‍ശിക്കുക വഴി സിപിഎമ്മിനോടുള്ള അസാധാരണമായ വിധേയത്വമാണ് സിപിഐ പ്രകടിപ്പിച്ചിരിക്കുന്നത്.
മാത്രമല്ല, സംസ്ഥാന സെക്രട്ടറി അഖിലേന്ത്യ സെക്രട്ടറിയ തിരുത്തുകയാണ്. ഭരണനേതൃത്വം വഹിക്കുന്ന സിപിഎമ്മിനു സംഭവിക്കുന്ന വീഴ്ചകളെ പൊതുസമൂഹത്തിനു മുന്നില്‍ വിമര്‍ശിക്കാനും തിരുത്തല്‍ നടപടികള്‍ ആവശ്യപ്പെടാനും സിപിഐക്കു മുമ്പ് സാധിച്ചിരുന്നു. ഇടതുപക്ഷമൂല്യം പലപ്പോഴും സിപിഐ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്.
എന്നാല്‍ ഇന്ന് സിപിഐയുടെ ദേശീയ വനിതാ നേതൃത്വം ക്രമസമാധാന തകര്‍ച്ചയും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചപ്പോള്‍, വിമര്‍ശിച്ചവരെ തള്ളാനും ഭരണനേതൃത്വത്തെ തലോടാനുമാണ് കാനം തയാറായത്.
വര്‍ധിച്ചുവരുന്ന സ്ത്രീപീഡനങ്ങളിലും കൊലപാതകങ്ങളിലും കേരള സമൂഹം കടുത്ത ആശങ്കയിലാണ്. നീതിന്യായപീഠങ്ങളും ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. കാനം രാജേന്ദ്രന്റെ നിലപാടുകള്‍ പരിഷ്‌കൃത സമൂഹത്തിനു യോജിച്ചതല്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha























