അവസാനം പവനായി ശവമായി... സിറ്റിങ് സീറ്റായ മൂവാറ്റുപുഴയിലെ തോല്‍വിക്കു കാരണം അഴിച്ചുവിട്ട് സിപിഐ; ഇല്ലായ്മ പറഞ്ഞ് വോട്ട് നേടിയെങ്കിലും നാലാള്‍ അറിയെ കല്യാണം കഴിച്ചത് കുറ്റമായി; എല്‍ദോയുടെ തെരഞ്ഞെടുപ്പ് പരാജയം സിപിഐ മാന്തിയെടുത്തപ്പോള്‍

സമരത്തിനിടെ എല്‍ദോ ഏബ്രഹാം എംഎല്‍എയുടെ കൈ തല്ലിയൊടിച്ച സംഭവം ഏറെ ചര്‍ച്ചയായതാണ്. അന്ന് എല്‍ദോയെ തള്ളിപ്പറഞ്ഞ സിപിഐ ഒരിക്കല്‍ കൂടി തള്ളിപ്പറയുകയാണ്. നിയമസഭ തിരഞ്ഞെടുപ്പില്‍ പറവൂരിലെയും മൂവാറ്റുപുഴയിലെയും തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം ജില്ലാ കൗണ്‍സിലിന്റെ തലയില്‍ വച്ചുകെട്ടി സിപിഐ സംസ്ഥാന നേതൃത്വം.
സിറ്റിങ് സീറ്റായ മൂവാറ്റുപുഴയിലെ തോല്‍വിക്കു കാരണം എല്‍ദോ ഏബ്രഹാം എംഎല്‍എയുടെ ആര്‍ഭാട വിവാഹമാണെന്നു പറഞ്ഞൊഴിയാനാണ് ജില്ലാ സെക്രട്ടറി പി.രാജു ശ്രമിച്ചത്. എന്നാല്‍ ഇതിനെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രൂക്ഷമായി വിമര്‍ശിച്ചു. 'നിങ്ങളെല്ലാം അവിടെ ഉണ്ടായിരുന്നില്ലേ' എന്നായിരുന്നു കാനത്തിന്റെ ചോദ്യം. വിവാഹം ലളിതമായി നടത്തണമെന്ന് എല്‍ദോയോട് ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ലെന്നു ജില്ലാ കൗണ്‍സിലിന്റെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് അവതരിപ്പിച്ചു സംസ്ഥാന കൗണ്‍സിലില്‍ രാജു പറഞ്ഞു.
ദാരിദ്ര്യം പറഞ്ഞു വോട്ടു നേടി തിരഞ്ഞെടുപ്പില്‍ ജയിച്ച എല്‍ദോ രണ്ടാം തിരഞ്ഞെടുപ്പിനു തൊട്ടു മുന്‍പു നടത്തിയ ആര്‍ഭാട വിവാഹം ജനങ്ങളെ അകറ്റിയതായി ജില്ലാ കൗണ്‍സിലിന്റെ തിരഞ്ഞെടുപ്പ് അവലോകനത്തില്‍ പറയുന്നു. സിപിഎമ്മിനെതിരെ സമരത്തിന് എംഎല്‍എയെ മുന്നില്‍ നിര്‍ത്തിയതും ലാത്തിച്ചാര്‍ജില്‍ എംഎല്‍എയുടെ കൈ ഒടിഞ്ഞതായി തെറ്റായ പ്രചാരണം നടത്തിയതും ദോഷം ചെയ്തതായി കൗണ്‍സിലില്‍ അഭിപ്രായമുയര്‍ന്നു. സിപിഎം ഒന്നടങ്കം എംഎല്‍എക്ക് എതിരായി. എംഎല്‍എ ഇടപെടേണ്ട കാര്യമോ പൊലീസ് കമ്മിഷണര്‍ ഓഫിസിലേക്കു മാര്‍ച്ച് നടത്തി സ്വയം അപഹാസ്യരാവേണ്ട ആവശ്യമോ ഉണ്ടായിരുന്നില്ലെന്നും ചര്‍ച്ചകളുണ്ടായി.
ഇടതുപക്ഷം ഭരിക്കുമ്പോള്‍ എറണാകുളം ജില്ലയില്‍ പാര്‍ട്ടിക്കു പ്രാതിനിധ്യം ഇല്ലാതെപോയ കാലം ഉണ്ടായിട്ടില്ലെന്നും അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ജില്ലാ നേതൃത്വത്തിനാണെന്നും സംസ്ഥാന കൗണ്‍സില്‍ വിലയിരുത്തി. തിരഞ്ഞെടുപ്പു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന അസി. സെക്രട്ടറി സത്യന്‍ മൊകേരി, മുന്‍മന്ത്രി ഇ. ചന്ദ്രശേഖരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ എക്‌സിക്യൂട്ടീവ് ചേരാനും സംസ്ഥാന കൗണ്‍സില്‍ നിര്‍ദേശം നല്‍കി.
പറവൂരില്‍ ജില്ലാ ഘടകം നിര്‍ദേശിച്ച 3 സ്ഥാനാര്‍ഥികള്‍ക്കും വിജയ സാധ്യതയില്ലെന്ന് ആദ്യമേ ഉറപ്പായിരുന്നു. ആ ലിസ്റ്റ് തിരിച്ചയച്ചപ്പോള്‍, എന്തോ വാശി പോലെ റോക്കറ്റ് വേഗത്തില്‍ അതേ പേരുകള്‍ വീണ്ടും ജില്ലാ ഘടകം അയച്ചു. ആ ലിസ്റ്റിലെ ആദ്യ പേരുതന്നെ സംസ്ഥാന നേതൃത്വം അംഗീകരിച്ചു. അതിനാല്‍ പറവൂരിലെ തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം ജില്ലാ നേതൃത്വത്തിനുണ്ട്.
സമീപ മണ്ഡലങ്ങളിലെല്ലാം എല്‍ഡിഎഫിനു വന്‍ മുന്നേറ്റമുണ്ടായിട്ടും പറവൂരില്‍ ദയനീയ തോല്‍വി നേരിട്ടു. രണ്ടു സീറ്റില്‍ മത്സരിച്ച ജില്ലയില്‍ രണ്ടും തോറ്റതുവഴി 100% പരാജയമാണെന്നു സംസ്ഥാന കൗണ്‍സില്‍ വിലയിരുത്തി.
അതേസമയം സിപിഎമ്മിനെ കാര്യമായി കുത്തുന്നതായിരുന്നു സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച നിയമസഭാ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. സിപിഎംസിപിഐ ബന്ധത്തെക്കുറിച്ചു സംസ്ഥാന നേതൃത്വത്തിനുള്ള നല്ല അഭിപ്രായം റിപ്പോര്‍ട്ടിലുണ്ടെങ്കിലും മണ്ഡലങ്ങളുടെ സ്ഥിതി പരാമര്‍ശിക്കുന്ന ഭാഗത്തു സിപിഎമ്മിനെതിരെ കടുത്ത വിമര്‍ശനമാണുള്ളത്. പല ജില്ലാ കമ്മിറ്റികളും സിപിഎമ്മിനെതിരെ വിരല്‍ ചൂണ്ടുന്നു.
പറവൂരില്‍ ചില സിപിഎം നേതാക്കളുടെ പ്രവര്‍ത്തനം സംശയകരമായിരുന്നുവെന്നാണു സിപിഐ കുറ്റപ്പെടുത്തുന്നത്. സിപിഐയുടെ വീഴ്ചയും പാര്‍ട്ടി നേതാക്കള്‍ തമ്മിലെ അനൈക്യവും തോല്‍വിയിലേക്കു നയിച്ചു. സിപിഐ ജില്ലാ നേതാവായ കെ.ആര്‍. രമ പാര്‍ട്ടി വിട്ടു പോയതും പരാജയകാരണമായി. സിപിഎം നേതാക്കളുടെ പ്രസംഗങ്ങള്‍ക്കെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
https://www.facebook.com/Malayalivartha
























