വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ല... പ്രതിഷേധിച്ചവരെ ഒഴിവാക്കി ഹരിതയ്ക്ക് പുതിയ ഭാരവാഹികള്‍; പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിച്ച രീതിയില്‍ അതൃപ്തിയുണ്ടെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്‌ലിയ

പരാതിപ്പെടുന്നവര്‍ ഇവിടെ കൊച്ചു കേരളത്തിലാണെങ്കിലും പടിക്ക് പുറത്തെന്ന തത്വം ഹരിതയിലും മുസ്ലീം ലീഗ് നടപ്പിലാക്കി. വിവാദം മാറും മുമ്പ് നല്ല ചുണക്കുട്ടികളെ ഹരിത ഭാരവാഹികളാക്കി നേതൃത്വം.
സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് എംഎസ്എഫ് നേതാക്കള്‍ക്കെതിരെ നല്‍കിയ പരാതി പിന്‍വലിക്കാത്തതിനു പിരിച്ചുവിട്ട സംസ്ഥാന കമ്മിറ്റിക്കു പകരം ഹരിതയ്ക്കു പുതിയ ഭാരവാഹികളെ മുസ്‌ലിം ലീഗ് പ്രഖ്യാപിച്ചു. പി.എച്ച്.ആയിഷ ബാനു പ്രസിഡന്റും റുമൈസ റഫീഖ് ജനറല്‍ സെക്രട്ടറിയുമായാണു പുതിയ കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്.
പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച രീതി ശരിയായില്ലെന്നു പുറത്താക്കപ്പെട്ട സംസ്ഥാന പ്രസിഡന്റും പരാതിക്കാരിയുമായ മുഫീദ തെസ്‌നി പറഞ്ഞു. സ്ത്രീത്വത്തെ അപമാനിച്ചെന്നു പരാതി നല്‍കിയവരെയും പിന്തുണച്ചവരെയും വെട്ടിനിരത്തി. കമ്മിറ്റി പിരിച്ചുവിട്ട രീതിയിലും പുതിയ കമ്മിറ്റി പ്രഖ്യാപിച്ച രീതിയിലും അതൃപ്തിയുണ്ടെന്ന് എംഎസ് എഫ് ദേശീയ വൈസ് പ്രസിഡന്റും ഹരിതയുടെ പ്രഥമ ജനറല്‍ സെക്രട്ടറിയുമായിരുന്ന ഫാത്തിമ തെഹ്‌ലിയ പറഞ്ഞു.
പിരിച്ചുവിട്ട കമ്മിറ്റിയിലെ ട്രഷററായിരുന്നു പുതിയ പ്രസിഡന്റ് ആയിഷ ബാനു. എംഎസ്എഫ് നേതാക്കള്‍ക്കെതിരായ പരാതിയില്‍ ഒപ്പുവയ്ക്കാതെ വിട്ടുനിന്ന ഏക അംഗവും ഇവരായിരുന്നു. പരാതിയില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് കാസര്‍കോട് ജില്ലാ പ്രസിഡന്റ് സാലിസ അബൂബക്കര്‍, വയനാട് ജില്ലാ പ്രസിഡന്റ് ഫാത്തിമ ഷാദില്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഹിബ എന്നിവര്‍ രാജിവച്ചു.
ലൈംഗികാധിക്ഷേപം നടത്തിയ എംഎസ്എഫ് സംസ്ഥാന ഭാരവാഹികള്‍ക്കെതിരെ ഹരിത നേതാക്കള്‍ വനിതാ കമ്മിഷന് പരാതി നല്‍കിയതിനെ തുടര്‍ന്നാണു പിരിട്ടുവിച്ചത്. മുസ്‌ലിം ലീഗ് സംസ്ഥാന നേതൃയോഗത്തിന്റെ തീരുമാനപ്രകാരം ഹരിത സംസ്ഥാന കമ്മിറ്റി ഞായറാഴ്ച പുനഃസംഘടിപ്പിച്ചിരുന്നു.
ഹരിതയ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിച്ച രീതിയില്‍ അതൃപ്തിയുണ്ടെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്‌ലിയ പറഞ്ഞു. ഹരിതയോടു പാര്‍ട്ടി നേതൃത്വം സ്വീകരിച്ച സമീപനത്തില്‍ കടുത്ത വിയോജിപ്പുണ്ടെന്നും നിലപാടു പാര്‍ട്ടി വേദികളില്‍ ശക്തമായി ഉന്നയിക്കുമെന്നും ഫാത്തിമ തെഹ്‌ലിയ പറഞ്ഞു.
എംഎസ്എഫ് സംസ്ഥാന ഭാരവാഹികള്‍ക്കെതിരെ വനിത കമ്മിഷന് പരാതി നല്‍കിയവരെയും പിന്തുണച്ചവരെയും വെട്ടിനിരത്തിയെന്ന് ഹരിത മുന്‍ പ്രസിഡന്റ് മുഫീദ തസ്‌നിയും പറഞ്ഞു. മുസ്‌ലിം ലീഗ് നേതൃത്വം നേരിട്ട് ഭാരവാഹികളെ പ്രഖ്യാപിച്ചത് ശരിയായില്ലെന്നും തീരുമാനം ഏപക്ഷീയമാണെന്നും മുഫീദ കൂട്ടിച്ചേര്‍ത്തു.
മുസ്‌ലിം ലീഗിന്റെ വിദ്യാര്‍ഥിസംഘടനയായ എംഎസ്എഫിന്റെ വനിതാകൂട്ടായ്മയായ 'ഹരിത'യിലെ അംഗത്തെ അപമാനിച്ചുവെന്ന പരാതിയില്‍ കഴിഞ്ഞ ദിവസം എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനെ പൊലീസ് അറസ്റ്റ് ചെയ്തു വിട്ടയച്ചിരുന്നു. ജൂണ്‍ 24ലെ പ്രവര്‍ത്തക സമിതി യോഗത്തില്‍ നവാസ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതായി ഹരിത സംസ്ഥാന കമ്മിറ്റിയിലെ 10 അംഗങ്ങള്‍ വനിതാ കമ്മിഷനു പരാതി നല്‍കിയിരുന്നു. വനിതാ കമ്മിഷന് പരാതി പൊലീസിനു കൈമാറിയതിനെ തുടര്‍ന്ന് ചെമ്മങ്ങാട് പൊലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























