'സ്വാതന്ത്ര്യത്തിനായി രാജ്യസ്നേഹികള്‍ ഒരുമിച്ച് നിന്ന് പോരാടിയ ധര്‍മസമരമാണ് മലബാര്‍ കലാപം'; സംഘ്പരിവാറിന്റെ ചരിത്ര വക്രീകരണം വിലപ്പോവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

ഹിന്ദു-മുസ്ലിം ലഹള എന്ന പേരില്‍ തെറ്റായി പറഞ്ഞും പ്രചരിപ്പിച്ചുമുള്ള ചിലരുടെ ചരിത്ര വക്രീകരണം വിലപ്പോവില്ലെന്നും രാജ്യ സ്വാതന്ത്ര്യത്തിനായി അക്കാലത്തെ രാജ്യസ്നേഹികള്‍ തോള്‍ ചേര്‍ന്ന് ഒരുമിച്ച് നിന്ന് പോരാടിയ ധര്‍മസമരമാണ് മലബാര്‍ സമരമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സുന്നി യുവജന സംഘം (എസ്.വൈ.എസ്) സംസ്ഥാന കമ്മിറ്റി നടത്തിയ മലബാര്‍ സമര സ്മൃതി യാത്ര തിരൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വളച്ചൊടിച്ചും വികലമാക്കിയും ചരിത്രത്തില്‍ നുണ ചേര്‍ത്തവതരിപ്പിക്കുന്നതിനെ ഉല്‍ബുദ്ധ കേരളം ചെറുത്ത് തോല്‍പിക്കും. ഗാന്ധി ഘാതകരെ വിഗ്രഹവത്കരിക്കുന്ന തീവ്ര ദേശീയത സൃഷ്ടിച്ച് പൊതുശത്രുക്കളെയുണ്ടാക്കാനുള്ള ഫാഷിസത്തിെന്റ തന്ത്രവും അടയാളവുമാണിപ്പോള്‍ നടക്കുന്നത്. ഇരിപ്പുറപ്പിച്ചാല്‍ ഫാഷിസം ആദ്യം ചെയ്യുന്നത് ചരിത്ര വക്രീകരണമാണ്. ഗാന്ധിക്കുപകരം ഗോള്‍വാര്‍ക്കറിനെയും നെഹ്‌റുവിനുപകരം സവര്‍ക്കറിനെയും പ്രതിഷ്ഠിച്ച് വികലമായ പുതുചരിത്രം രചിക്കാനുള്ള ഹീന ശ്രമം നടക്കുന്നത് തിരിച്ചറിയണം. ഭിന്നിപ്പിക്കാന്‍ സംഘ്പരിവാര്‍ നടത്തുന്ന തന്ത്രങ്ങളാണ് ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























