പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്, പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും

വീട്ടിനുള്ളില്‍ കടന്ന് കയറി പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ നിരവധി കേസുകളില്‍ പ്രതിയായ അക്കച്ചി സന്തോഷ് എന്ന സന്തോഷി (35) നെ അഞ്ച് വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയൊടുക്കാനും തിരുവനന്തപുരം സ്‌പെഷ്യല്‍ അതിവേഗ പോക്‌സോ കോടതി ശിക്ഷ വിധിച്ചു.
പിഴ അടച്ചില്ലെങ്കില്‍ ഒമ്പത് മാസം അധിക ശിക്ഷ അനുഭവിക്കണമെന്നും ജഡ്ജി ആര്‍. ജയകൃഷ്ണന്‍ വിധിച്ചു. പിഴ തുക പെണ്‍കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. കൂടാതെ ഇരകള്‍ക്കുള്ള നഷ്ടപരിഹാര ഫണ്ടില്‍ നിന്ന് മതിയായ തുക കുട്ടിയുടെ ഭാവി നന്മക്കായി നഷ്ടപരിഹാരം നല്‍കാനും ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയോട് കോടതി നിര്‍ദ്ദേശിച്ചു.
2019 ഫെബ്രുവരി ഇരുപതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നേ ദിവസം പുലര്‍ച്ചെ നാല് മണിയോടെ പെണ്‍കുട്ടിയുടെ വീട്ടില്‍ മതില്‍ ചാടി ഇറങ്ങിയ പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. മല്‍സ്യ തൊഴിലാളിയായ പെണ്‍കുട്ടിയുടെ അച്ഛന്‍ പുലര്‍ച്ചെ മല്‍സ്യബന്ധനത്തിന് പോകുമെന്ന് പ്രതിക്ക് അറിയാമായിരുന്നു.
അച്ഛന്‍ പോകുന്ന സമയം വരെ കാത്ത് നിന്ന് അകത്ത് കയറുകയായിരുന്നു. അയല്‍വാസിയായ പ്രതിക്ക് പെണ്‍കുട്ടി കിടക്കുന്ന മുറിയും അറിയാമായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടി പേടിച്ച് നിലവിളിച്ചു.
ഒപ്പമുണ്ടായിരുന്ന സഹോദരിയും ബഹളം വെച്ചതിനാല്‍ പ്രതി ഓടി രക്ഷപെട്ടു. പോലീസില്‍ പരാതി കൊടുക്കരുതെന്ന് പ്രതി ഭീഷണിപ്പെടുത്തിയെങ്കിലും പെണ്‍കുട്ടിയും കുടുംബവും പരാതി നല്‍കി. വലിയതുറ പോലീസാണ് കേസന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
"
https://www.facebook.com/Malayalivartha


























