വിറക് പുര പൊളിച്ച് നീക്കുന്നതിനിടെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ മനുഷ്യന്റെ അസ്ഥികൂടങ്ങൾ:- സത്യാവസ്ഥ പുറത്ത്

വ്യാപാരിയുടെ വീടിന് സമീപത്തെ വിറക് പുര പൊളിച്ചുനീക്കുന്നതിനിടെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ മനുഷ്യന്റെ അസ്ഥികൂടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ മനുഷ്യന്റെ അസ്ഥികൂടങ്ങള്‍ വൈദ്യപഠനത്തിന് ഉപയോഗിച്ചതാണെന്ന് ശാസ്ത്രീയ പരിശോധനഫലം.
ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിലെ ഫൊറന്സിക് വിഭാഗം മേധാവി ഡോ. രഞ്ജുവിൻ്റെ നേതൃത്വത്തിൽ നടത്തിയ വിശദമായ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
രണ്ട് തലയോടുകളുടെയും കൈകളുടെയും വാരിയെല്ലിന്റെയും ഭാഗങ്ങളായിരുന്നു കണ്ടെത്തിയിരുന്നത്. അസ്ഥികൾ ദ്രവിച്ചുതുടങ്ങിയ അവസ്ഥയിലായിരുന്നു. അടയാളപ്പെടുത്തലുകൾ ഉള്ളതിനാൽ വൈദ്യപഠനത്തിന് ഉപയോഗിച്ചതാണോയെന്ന് ആദ്യമേ സംശയം നിലനിന്നിരുന്നു.
ആൾത്താമസമില്ലാത്ത വീടിന് വർഷങ്ങളുടെ പഴക്കമുണ്ടായിരുന്നു. അഞ്ചിലധികം പേരുടെ ഉടമസ്ഥതയിൽ കൈമറിഞ്ഞാണ് അടുത്തിടെ കണ്ണൻ സ്ഥലവും വീടും വിലയ്ക്ക് വാങ്ങിയത്. സമീപവാസികളുടെ പരാതിയെ തുടർന്ന് ജെ.സി.ബി ഉപയോഗിച്ച് കാട് നീക്കം ചെയ്ത് വിറക് പുര പൊളിക്കുമ്പോഴാണ് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്.
ഉദയാ സ്റ്റുഡിയോയിൽ സിനിമാ ചിത്രീകരണത്തിന് എത്തുന്ന അവസരങ്ങളിൽ നടിമാരായ ലളിത, പത്മിനി, രാഗിണി സഹോദരിമാർ താമസിക്കാറുള്ള വീടായിരുന്നു ഇത്.
എട്ടുവർഷം മുമ്പ് ഡോക്ടർ അടക്കമുള്ളവർ വാടകയ്ക്ക് താമസിച്ചിരുന്നു. പിന്നീട് കുറച്ചുകാലം അന്നത്തെ കെട്ടിട ഉടമയുടെ ബന്ധുക്കളായ ദമ്പതികളും താമസിച്ചിരുന്നു.
മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ശരീരശാസ്ത്രം പഠിക്കുന്നതിന് പല മൃതദേഹങ്ങളില്‍ നിന്ന് ശേഖരിച്ച അസ്ഥികളാണ് ഇതെന്നാണ് നിഗമനം. കാലപ്പഴക്കം അടക്കമുള്ള കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താൻ പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് കിട്ടണം.
പത്ത് ദിവസത്തിനകം റിപ്പോർട്ട് കിട്ടുമെന്ന് സൗത്ത് പോലീസ് അറിയിച്ചു. ഇതിനൊപ്പം പഴയ വീട്ടിൽ താമസിച്ചിരുന്ന ഡോക്ടർമാരുടെയും, മെഡിക്കൽ വിദ്യാർത്ഥികൾ അടക്കമുള്ളവരുടയും മൊഴിയെടുക്കും.
കേസ് എടുത്ത പോലീസ് പഴയ വീട്ടിൽ താമസിച്ചിരുന്ന ഡോക്ടർമാർ ഉൾപ്പടെയുള്ളവരുടെയും, മുൻകാല കെട്ടിടങ്ങളുടെയും വിവരങ്ങൾ ശേഖരിച്ചിരുന്നു.
കാടുപിടിച്ച സ്ഥലത്ത് ഇഴജന്തുക്കളുടെ ശല്യമുള്ളതായി സമീപവാസികളുടെ പരാതിയില്‍ സ്ഥലഉടമ എക്സ്കവേറ്റര്‍ ഉപയോഗിച്ച് കാട് നീക്കുന്നതിനിനൊപ്പം ജീര്‍ണാവസ്ഥയിലായ വിറകുപുര പൊളിക്കുന്നതിനിടെയാണ് നഗരഹൃദയമായ ഇവിടെ നിന്ന് അസ്ഥികൂടം ലഭിച്ചത്.
https://www.facebook.com/Malayalivartha

























