കോടഞ്ചേരിയില്‍ മില്‍മയുടെ ടാങ്കര്‍ ലോറി തോട്ടിലേക്കു തലകീഴായി മറിഞ്ഞ് 7,900 ലിറ്ററോളം പാല്‍ തോട്ടിലേക്ക് ഒഴുകി... ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

കോടഞ്ചേരിയില്‍ മില്‍മയുടെ ടാങ്കര്‍ ലോറി തോട്ടിലേക്കു തലകീഴായി മറിഞ്ഞ് 7,900 ലിറ്ററോളം പാല്‍ തോട്ടിലേക്ക് ഒഴുകി... ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി.
ക്ഷീരോല്‍പാദക സഹകരണ സംഘങ്ങളുടെ പാല്‍ ശേഖരിച്ച് പോകുകയായിരുന്ന മില്‍മയുടെ ടാങ്കര്‍ ലോറിയാണ് താഴ്ചയിലേക്കു മറിഞ്ഞത്. ടാങ്കറിലെ 7,900 ലിറ്ററോളം പാല്‍ ഒഴുകിപ്പോയി. ഇന്നലെ ഉച്ച 12 ഓടെയാണ് സംഭവം.
ടാങ്കര്‍ ലോറി മൈക്കാവ് കൂടത്തായി റോഡില്‍ ഇടലോറ മൃഗാശുപത്രിക്കു സമീപമുള്ള തോട്ടിലേക്കാണ് തലകീഴായി മറിഞ്ഞത്.കോടഞ്ചേരി, കണ്ണോത്ത്, നെല്ലിപ്പൊയില്‍, പൂളവള്ളി, മൈക്കാവ് എന്നിവിടങ്ങളിലെ പാല്‍ സൊസൈറ്റികളില്‍ നിന്ന് ശേഖരിച്ച ശേഷം കുന്ദമംഗലത്തേക്ക് പോകുമ്പോഴാണ് അപകടം.
റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നതാണ് അപകടത്തിന്റെ കാരണം. ഒലിച്ച് പോയ 7,900 ലീറ്റര്‍ പാലിന് 4 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
നിര്‍മാണം നടക്കുന്ന മൈക്കാവ് കൂടത്തായി റോഡില്‍ വാഹനഗതാഗതം ദുഷ്‌കരമായിട്ട് വളരെയേറെ നാളായി. റോഡ് പണി ഇഴഞ്ഞു നീങ്ങുന്നതില്‍ നാട്ടുകാര്‍ കടുത്ത അമര്‍ഷത്തിലാണ്. റോഡ് നിര്‍മാണത്തിലെ അപാകത മൂലമാണ് അപകടം ഉണ്ടായതെന്നാണ് നാട്ടുകാരുടെ ആരോപണം.
"
https://www.facebook.com/Malayalivartha


























