രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിലേക്ക് കേസുകൾ റദ്ദാക്കപ്പെടുമോ? ഹൈക്കോടതി പരാമർശം നിർണായകം...

അന്വേഷണം പൂർത്തിയാകും വരെ റിമാൻഡ് തുടരേണ്ട സാഹചര്യമില്ലെന്നും കുറ്റാരോപിതൻ ജാമ്യത്തിലായാലും അന്വേഷണം പൂർത്തിയാക്കാമെന്നും വിലയിരുത്തിയാണു ജാമ്യം അനുവദിച്ചത്. തെളിവു ശേഖരണത്തിനു മതിയായ സമയം ലഭിച്ചെന്നും ഉത്തരവിലുണ്ട്. 50,000 രൂപയുടെ രണ്ട് ആൾ ജാമ്യം, അന്തിമ റിപ്പോർട്ട് സമർപ്പിക്കും വരെ 3 മാസം എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം, അന്വേഷണവുമായി സഹകരിക്കണം, വിളിപ്പിച്ചാൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല, പരാതിക്കാരിയെ നേരിട്ടോ സമൂഹമാധ്യമത്തിലൂടെയോ ഭീഷണിപ്പെടുത്താൻ പാടില്ല തുടങ്ങിയ നിബന്ധനകളാണ് ജാമ്യ ഉത്തരവിലുള്ളത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ ഒന്നാമത്തെ ബലാത്സംഗക്കേസിൽ കേസിൽ പരാമർശങ്ങളുമായി ഹൈക്കോടതിയും രംഗത്തെത്തി. അവിവാഹിതനായ രാഹുൽ വിവാഹിതയായ യുവതിയുമായി ഉഭയസമ്മത പ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിൽ നിയമപരമായി എന്താണു തെറ്റെന്നു കോടതി ചോദിച്ചു. അതേസമയം, ബലം പ്രയോഗിച്ചതും ഗർഭഛിദ്രത്തിന് നിർബന്ധിച്ചതുമടക്കം പ്രഥമ വിവര മൊഴിയിലുള്ള (എഫ്ഐഎസ്) കാര്യങ്ങൾ ഗൗരവകരമാണെന്നും കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. കേസിൽ പിന്നീട് വിധി പറയുമെന്ന് ജസ്റ്റിസ് കൗസർ എഡപ്പഗത്ത് വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയാണെന്നും സ്വാധീനമുള്ള വ്യക്തിയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. പരാതിക്കാരിക്കെതിരെ വ്യാപകമായ സൈബർ ആക്രമണമാണു നടക്കുന്നത്. ഇതുവരെ അക്കാര്യത്തിൽ 36 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനിടെ, ആരോപിക്കപ്പെടുന്ന കുറ്റകൃത്യം നടന്നതിനു ശേഷം 2 ദിവസം പാലക്കാട് രാഹുലിനൊപ്പം പരാതിക്കാരി താമസിച്ചിരുന്നല്ലോ എന്നും കോടതി ആരാഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ പരാതിക്കാരിക്കു വിശദീകരണമുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രതിഭാഗം ഹാജരാക്കിയ ഡിജിറ്റൽ രേഖകളടക്കം കൂടുതലായി പരിഗണിക്കേണ്ടത് കേസിന്റെ അടുത്ത ഘട്ടത്തിലാണെന്നും പത്തനംതിട്ട കോടതി ജാമ്യ ഉത്തരവില്‍ പറയുന്നു. അന്വേഷണം പ്രാരംഭഘട്ടത്തിലാണ്, രാഹുലിന്റെ അറസ്റ്റ് നടപടി ക്രമങ്ങൾ പാലിച്ചല്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
പീഡനം നടന്ന ശേഷം പരാതിക്കാരി മൊഴി നൽകാൻ വൈകി (ഒരു വർഷം, ഒൻപത് മാസം) എന്ന പ്രതിഭാഗത്തിന്റെ വാദവും പരിഗണിച്ച ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്. പരാതിക്കാരി വിദേശത്ത് ആയതിനാൽ രാഹുൽ ജാമ്യത്തിൽ ഇറങ്ങിയാൽ ഭീഷണിപ്പെടുത്തുമെന്ന വാദം നിലനിൽക്കില്ലെന്നും കേസിൽ നേരിട്ടുള്ള മറ്റ് സാക്ഷികളില്ലെന്നും അതുകൊണ്ടുതന്നെ കസ്റ്റഡി ഇനി വേണ്ടെന്നാണ് കോടതി വിധിയിൽ പരാമർശിച്ചിട്ടുള്ളത്.
മൂന്നാമത്തെ ബലാത്സംഗക്കേസിൽ നേരത്തെ രാഹുലിന്റെ ജാമ്യാപേക്ഷ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. അരുന്ധതി ദിലീപ് ആണ് ജാമ്യഹർജിയിൽ ഉത്തരവിട്ടത്. അടച്ചിട്ട കോടതി മുറിയിൽ രണ്ട് മണിക്കൂർ വിശദമായ വാദം കേട്ടതിനുശേഷമായിരുന്നു വിധി. പ്രോസിക്യൂഷന് വേണ്ടി എം ജി ദേവിയായിരുന്നു ഹാജരായത്. രാഹുലും യുവതിയുമായി പരസ്‌പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്നതിന് ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പ്രതിഭാഗം ഹാജരാക്കുകയായിരുന്നു. മൂന്നാമത്തെ പീഡനക്കേസിൽ ജാമ്യം ലഭിച്ചതോടെ രാഹുൽ സ്വതന്ത്രനായി മത്സരിക്കുമോ എന്ന ചോദ്യം വീണ്ടും ഉയരുകയാണ്. അതേസമയം മത്സരിച്ചില്ലെങ്കിലും പ്രചാരണത്തിൽ രാഹുൽ നിറഞ്ഞു നിൽക്കും. പക്ഷെ ജാമ്യത്തിലിറങ്ങിയാലും രണ്ട് വർഷത്തിന് മേലെ ശിക്ഷ ലഭിച്ചാൽ അംഗത്വം നഷ്ടപ്പെടും. രാഹുൽ സ്വതന്ത്രനായി മത്സരിക്കുമെന്ന സൂചനകൾ നേരത്തെ നൽകിയിരുന്നു. ഇതിനിടെയാണ് അറസ്റ്റിലായത്. മൂന്നു മുന്നണികള്‍ക്കും പാലക്കാട് സ്ഥാനാർഥി നിർണയം കടുകട്ടിയാണ്. രാഹുലിന്റെ ഇഫക്ട് മറികടക്കുന്നയാളിനെ കോൺഗ്രസിന് വേണം. എൽഡിഎഫിനും ബിജെപിക്കും പീഡനക്കേസ് പ്രയോജനപ്പെടുത്താൻ പറ്റിയവരും വേണം. മൂന്ന് മുന്നണികളുടെയും അന്തിമ പട്ടികയില്‍ രണ്ട് വീതം പേരുകള്‍ മാത്രമാണെന്നാണ് വിവരം. രാഹുൽ മാങ്കുട്ടത്തിനെതിരെ കേസെടുത്തിട്ടും പ്രയോജനമില്ലെന്ന് പോലീസിന് നിയമോപദേശം ലഭിച്ചതായി സൂചനയുണ്ട്. സുപ്രീം കോടതിയുടെയും മറ്റ് ഹൈക്കോടതികളുടെയും വിധിന്യായങ്ങൾ പ്രകാരം ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ഇന്ത്യയിൽ കുറ്റകരമല്ല. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗമായി കണക്കാക്കാനാകില്ല എന്ന് ഹൈക്കോടതി വിധി നിലവിലുണ്ട്. വ്യാജ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചാൽ മാത്രമേ ബലാത്സംഗക്കുറ്റത്തിന് കേസെടുക്കാൻ സാധിക്കുകയുള്ളു. ഇവിടെ വിവാഹ വാഗ്ദാനം നൽകിയതിനും തെളിവില്ല. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം വിവാഹ വാഗ്ദാനം പിൻവലിച്ചാൽ അത് ബലാത്സംഗക്കുറ്റത്തിന്റെ പരിധിയിൽ വരില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തു എന്ന പേരിൽ കൊല്ലം പുനലൂർ സ്വദേശിയായ യുവാവിനെതിരെയുള്ള കേസ് പിൻവലിക്കണമെന്ന ഹർജിയിലായിരുന്നു കേരള ഹൈകോടതിയുടെ പരാമർശം. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വിവാഹിതയായ പരാതിക്കാരിയും യുവാവും വിവാഹിതരാകാൻ തീരുമാനിച്ചിരുന്നു. ഭർത്താവുമായി നിയമപരമായി വേർപിരിയാതെ അകന്ന് താമസിച്ച് വരികയായിരുന്നു പരാതിക്കാരി. യുവാവുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായും എന്നാൽ പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറിയയെന്നും ചൂണ്ടിക്കാട്ടിയാണ് പുനലൂർ പൊലീസിന് പരാതി നൽകിയത്. കഴിഞ്ഞ ജൂണിൽ സമാനമായ മറ്റൊരു കേസിലും ഹൈക്കോടതി സിംഗിൾ ബെഞ്ച് ജാമ്യം അനുവദിച്ചിരുന്നു.പ്രായപൂര്‍ത്തിയായവര്‍ പരസ്പര സമ്മതപ്രകാരം ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷം പിന്നീട് ബലാത്സംഗം ആരോപിക്കാനാകില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതിയും പറഞ്ഞിട്ടുണ്ട്. വിവാഹവാഗ്ദാനം നൽകി തന്നെ ബലാത്സംഗം ചെയ്തെന്ന് കാട്ടി യുവാവിനെതിരെ യുവതി നൽകിയ ബലാത്സംഗ കേസ് റദ്ദാക്കിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.
37കാരനായ യുവാവിനെതിരെ അധ്യാപികയായ യുവതിയാണ് പരാതിപ്പെട്ടത്. ഇരുവരും വിവാഹിതരാണ്. എന്നാൽ, വിവാഹവാഗ്ദാനം നൽകി തന്നെ ഇയാൾ ബലാത്സംഗം ചെയ്തെന്നായിരുന്നു അധ്യാപികയുടെ പരാതി. എന്നാൽ, ഇരുവരും തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നെന്ന് ബലാത്സംഗക്കുറ്റം റദ്ദാക്കിക്കൊണ്ട് കോടതി നിരീക്ഷിച്ചു.
ഇരുവരും വിവാഹിതരായതിനാൽ, വിവാഹവാഗ്ദാനം നൽകി ലൈംഗികബന്ധത്തിലേർപ്പെട്ടെന്ന ആരോപണവും നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്ര സ്വദേശിയായ 37കാരൻ ഒരു വിവാഹ ചടങ്ങിനിടെയാണ് അധ്യാപികയുമായി പരിചയത്തിലായത്. പിന്നീട് ഫോൺവിളികളിലൂടെ ബന്ധം വളർന്നു. വീട്ടിൽ ആളില്ലാതിരുന്ന സമയം താൻ അധ്യാപികയുടെ വീട്ടിലെത്തുകയും അവരുടെ സമ്മതത്തോടുകൂടി ലൈംഗികബന്ധത്തിലേർപ്പെടുകയും ചെയ്യുകയായിരുന്നെന്ന് ഇയാൾ കോടതിയെ അറിയിച്ചു. രണ്ടുപേരും വിവാഹിതരായതിനാൽ വിവാഹവാഗ്ദാനം നൽകിയിട്ടില്ലെന്നും ഇയാൾ പറഞ്ഞു.
എന്നാൽ, ഇവർ തമ്മിലുള്ള ബന്ധം വഷളായതോടെ ഇയാൾക്കെതിരെ വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന് കാട്ടി അധ്യാപിക പോലീസില്‍ പരാതി നല്‍കി.
സമാന കേസുകളിൽ അടുത്തകാലത്ത് സുപ്രീംകോടതിയിൽ നിന്നും മറ്റ് ഹൈക്കോടതികളില്‍ നിന്നുമുള്ള വിധികൾ ചൂണ്ടിക്കാട്ടിയായിരുന്നു മധ്യപ്രദേശ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് സുജോയ് പോളിന്‍റെ വിധി.
ചില പ്രത്യേക സാഹചര്യങ്ങളിലൊഴികെ, പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനു ശേഷം സൗഹൃദ ബന്ധം തകരുമ്പോള്‍ അത് ബലാത്സംഗ കുറ്റകൃത്യമാക്കാന്‍ കഴിയില്ലെന്ന് കര്‍ണാടക ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. ബെംഗളൂരു സ്വദേശിക്കെതിരെ മുന്‍കാമുകി നല്‍കിയ ബലാത്സംഗക്കേസ് റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് എം നാഗപ്രസന്നയുടെ നിരീക്ഷണം. ഒരു ഡേറ്റിംഗ് ആപ്പ് വഴി കണ്ടുമുട്ടുകയും വര്‍ഷങ്ങളായി ബന്ധം പുലര്‍ത്തുകയും ചെയ്ത യുവതീയുവാക്കള്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ബെംഗളൂരുവിലെ ഒരു ഹോട്ടലില്‍ വെച്ച് പരസ്പരം കണ്ടുമുട്ടുകയും ശാരീരിക ബന്ധം പുലര്‍ത്തുകയും ചെയ്തു. എന്നാല്‍ സൗഹൃദബന്ധം തകര്‍ന്നപ്പോള്‍ ബലാത്സംഗം ചെയ്തതായി ആരോപിച്ച് യുവതി പരാതി നല്‍കുകയായിരുന്നു. 2018 നവംബർ 22 ന് മുരളീധർ സോണാർ vs മഹാരാഷ്ട്ര സംസ്ഥാനം എന്ന കേസിൽ , പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധത്തെ ബലാത്സംഗമായി കണക്കാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
സുപ്രധാനമായ വിധിന്യായത്തിൽ, എല്ലാ ശാരീരിക ബന്ധങ്ങളെയും ബലാത്സംഗമായി കണക്കാക്കാൻ കഴിയാത്തതിന്റെ കാരണങ്ങൾ സുപ്രീം കോടതി വ്യക്തമായി വേർതിരിച്ചിട്ടുണ്ട്,
രാഹുൽ മാങ്കൂട്ടം കോടതിയിലാണ് വിശ്വാസം എന്ന പേരിൽ ഒരു കുറിപ്പ് സമൂഹമാധ്യമത്തിലിടിരുന്നു . ഇതിന് പിന്നിൽ കൃത്യമായ നിയമത്തെ കുറിച്ചുള്ള അറിവാണുള്ളത്.ഇതിനകം തന്നെ ഹൈക്കോടതി അഭിഭാഷകരുമായി രാഹുൽ ചർച്ചകൾ നടത്തിയിരുന്നു. കേസ് കോടതിയിലെത്തിയാൽ ഒന്നും സംഭവിക്കില്ലെന്ന വ്യക്തമായ വിവരം രാഹുലിന് ലഭിച്ചിട്ടുണ്ട്. രാഹുലിനെതിരായ ആരോപണങ്ങൾക്ക് പിന്നിൽ സി പി എം ആണെന്ന് നേരത്തെ ആക്ഷേപമുയർന്നിരുന്നു. എന്നാൽ സി പി എം ഇക്കാര്യം സമ്മതിച്ചിരുന്നില്ല. തങ്ങൾ നിരപരാധിയാണെന്ന മട്ടിലാണ് സി പി എം നിലപാടെടുത്തത്. രാഹുലിനെ തടയാനും പ്രതിഷേധിക്കാനും ഒരു പരിധിക്കപ്പുറം ശ്രമിച്ചതുമില്ല. രാഹുലിനെതിരെ പ്രധാന നേതാക്കൾ കടുപ്പിച്ച് പ്രസ്താവനയിറക്കിയുമില്ല. നിയമസഭയിൽ പോലും ഹോസ്റ്റയിലായ സമീപനമാണ് സി പി എം സ്വീകരിച്ചത്. എന്തിനെയും വിമർശിക്കുന്ന മുഖ്യമന്ത്രി പോലും രാഹുലിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചില്ല. പാർട്ടി സെക്രട്ടറിയും ഇതേ നിലപാട് തന്നെ സ്വീകരിച്ചു. രാഹുലിനെ തങ്ങൾ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് സി പി എം അതിന്റെ പ്രവർത്തകരെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു. അതിനിടെ രാഹുലിന് പകരം പാലക്കാട് ആര് എന്ന ചർച്ചകളും കോൺഗ്രസിൽ ആരംഭിച്ചു. മുരളീധരൻ വട്ടിയൂർക്കാവിൽ മത്സരിക്കാനില്ലെങ്കിൽ പാലക്കാട് മത്സരരംഗത്തിറക്കാൻ ഡിസിസി ആലോചിക്കുന്നുണ്ട്. മറ്റൊരു പേര് ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരുടേതാണ്. ജില്ലയിൽ നിന്നുള്ള കോൺഗ്രസ് നേതാവ് കൂടിയാണ് സന്ദീപ് എന്നത് കൂടുതൽ ഗുണം ചെയ്യുമെന്ന് നേതൃത്വം വിലയിരുത്തുന്നു. അതേസമയം സർപ്രൈസ് സ്ഥാനാർഥിയായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥന്റെ പേരും ചർച്ചയിലുണ്ട്.
എ ക്ലാസ്’ മണ്ഡലമായി ബിജെപി സംസ്ഥാന നേതൃത്വം വിലയിരുത്തുന്ന മണ്ഡലമാണ് പാലക്കാട്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും പാലക്കാട് നഗരസഭാ ഭരണം ബിജെപി നിലനിർത്തിയിരുന്നു. അതുകൊണ്ട് നഷ്ടപ്പെട്ട് പോയ വോട്ടുകൾ തിരികെ എത്തിക്കാൻ മികച്ച സ്ഥാനാർഥിയെ തന്നെ പാലക്കാട് അവതരിപ്പിക്കേണ്ടതുണ്ട്. ശോഭാ സുരേന്ദ്രന്റെ പേരാണ് പാലക്കാട്ട് ആദ്യ പരിഗണന. ശോഭാ സുരേന്ദ്രന്റെ തീപ്പൊരി പ്രസംഗങ്ങളിലൂടെ ബിജെപിക്ക് മണ്ഡലത്തിൽ ശക്തമായ തിരിച്ചുവരവ് നടത്താൻ സാധിക്കുമെന്ന് തന്നെയാണ് സംസ്ഥാന നേതൃത്വത്തിന്റെ പ്രതീക്ഷ. അതേസമയം ശോഭയെ ആലപ്പുഴ ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തിലേക്കു പരിഗണിച്ചാൽ മറ്റൊരു സ്ഥാനാർഥിയുടെ പേരും ജില്ലാ നേതൃത്വത്തിന് മുന്നിലുണ്ട്. അത് പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്റേതാണ്. യുവനേതാവിനെ ഉയർത്തിക്കാട്ടുന്നതിലൂടെ മികച്ച മത്സരം മണ്ഡലത്തിൽ കാഴ്ച്ച വയ്ക്കാനാകുമെന്നും നേതൃത്വം കരുതുന്നു. ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച സി.കൃഷ്ണകുമാർ ഇത്തവണ മലമ്പുഴ മണ്ഡലത്തിലായിരിക്കും ജനവിധി തേടുക.
വനിതാ നേതാവിനെ തന്നെ കളത്തിലിറക്കാനുള്ള ആലോചനകളാണ് നടക്കുന്നത്. കഴിഞ്ഞ തവണത്തെ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി ആദ്യം പരിഗണിച്ചത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോളിന്റെ പേരായിരുന്നു. നാമനിർദേശ പത്രിക വാങ്ങി തിരികെ കൊടുക്കാൻ ഒരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി പി.സരിൻ കോൺഗ്രസ് വിട്ട് സിപിഎമ്മിൽ എത്തുന്നതും സ്ഥാനാർഥിയാകുന്നതും. പക്ഷേ, ഇത്തവണ ബിനുമോളിന്റെ പേരിനാണ് മുൻഗണന. അതേസമയം പി.സരിന് ഒറ്റപ്പാലം മണ്ഡലം ലഭിച്ചില്ലെങ്കിൽ പാലക്കാട് തന്നെ വീണ്ടും മത്സരിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
പാലക്കാട് നഗരസഭയും കണ്ണാടി, പിരായിരി, മാത്തൂർ പഞ്ചായത്തുകളും അടങ്ങുന്നതാണ് പാലക്കാട് നിയമസഭാ മണ്ഡലം. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം പാലക്കാട് നഗരസഭ ബിജെപിയും കണ്ണാടി എൽഡിഎഫും പിരായിരി യുഡിഎഫും ആണ് ഭരിക്കുന്നത്. മാത്തൂർ പഞ്ചായത്തിൽ എൽഡിഎഫും യുഡിഎഫും തുല്യനിലയിലാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷവും യുഡിഎഫിന് തന്നെയാണ് പാലക്കാട് മണ്ഡലത്തിൽ വോട്ട് വിഹിതം കൂടുതൽ. 2024 ഉപതിരഞ്ഞെടുപ്പിൽ 18,840 വോട്ടുകൾക്കും 2021ലെ തിരഞ്ഞെടുപ്പിൽ 3859 വോട്ടുകൾക്കുമാണ് കോൺഗ്രസ് മണ്ഡലം പിടിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിന് മണ്ഡലത്തിൽ ഏതാണ്ട് 6000 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഏതായാലും രാഹുലിന് കോൺഗ്രസ് സീറ്റ് നിഷേധിക്കുമെന്ന് ഉറപ്പാണ്.
https://www.facebook.com/Malayalivartha



























